അബുദാബി : ഇടപാടുകാരൻ കുടിശ്ശിക വരുത്തിയ 57.86 ലക്ഷം ദിർഹത്തിന്റെ ഇസ്ലാമിക് ഫിനാൻസ് അക്കൗണ്ട് തീർപ്പാക്കൽ തുകയുമായി ബന്ധപ്പെട്ട് അപ്പീൽ കോടതി പുറപ്പെടുവിച്ച വിധി യുഎഇ ഫെഡറൽ സുപ്രീം കോടതി റദ്ദാക്കി. വാണിജ്യ ബാങ്ക് നൽകിയ ഹർജി ശരിവച്ചാണ് നടപടി. കേസ് പുനഃപരിശോധിക്കുന്നതിനായി അപ്പീൽ കോടതിയിലേക്ക് തന്നെ തിരിച്ചയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. വാടകയ്ക്ക് നൽകി ഉടമസ്ഥാവകാശം കൈമാറുന്ന ‘ലീസ് എൻഡിംഗ് വിത്ത് ഓണർഷിപ്പ്’ (ഇജാറ) എന്ന ഇസ്ലാമിക് ഫിനാൻസിംഗ് തത്വങ്ങൾ പാലിക്കാതെ പരമ്പരാഗത വായ്പാ നിയമങ്ങൾ അനുസരിച്ചാണ് മുൻ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം.
50 ലക്ഷം ദിർഹം ബാങ്ക് ഫിനാൻസിംഗ് എടുത്ത വ്യക്തി കൃത്യമായി ഗഡുക്കൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ബാങ്ക് നിയമനടപടി സ്വീകരിച്ചത്. വിപണിയിൽ നിശ്ചയിച്ച ലാഭവിഹിതം ഇസ്ലാമിക് ഫിനാൻസിംഗ് തത്വങ്ങൾ അനുസരിച്ച് കരാർ തുകയുടെ അവിഭാജ്യ ഘടകമാണെന്നിരിക്കെ, സാദാ ബാങ്കിംഗ് ലോണുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കി കുടിശ്ശിക തുക 48.17 ലക്ഷം ദിർഹമായി കുറച്ച അപ്പീൽ കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക് ഉന്നയിച്ച തടസ്സവാദങ്ങൾ വ്യക്തമായി പരിശോധിക്കാതെ വിധി പ്രസ്താവിച്ചത് റദ്ദാക്കലിന് കാരണമായി.
Government
ചിക്കൻ പെട്ടികൾ മോഷ്ടിച്ചു; ജീവനക്കാർ ലക്ഷങ്ങൾ പിഴയൊടുക്കാൻ ദുബായ് കോടതി ഉത്തരവ്
ദുബായ് : കവറുകൾ നിറഞ്ഞ ചിക്കൻ ബോക്സുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വെയർഹൗസിൽ നിന്ന് മോഷ്ടിച്ച കേസിൽ മൂന്ന് ജീവനക്കാർ കമ്പനിക്ക് 356,097 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് ഇവരുടെ മോഷണം തെളിഞ്ഞത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് ആറ് മാസം തടവും നാടുകടത്തലും നേരത്തെ ക്രിമിനൽ കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചത്.
സ്റ്റോക്ക് എടുത്തപ്പോൾ ആദ്യഘട്ടത്തിൽ 1.40 ലക്ഷം ദിർഹമിന്റെ സാധനങ്ങളുടെ കുറവ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് മോഷണം വ്യക്തമായത്. ഒരു ജീവനക്കാരൻ രേഖകളില്ലാതെ വാഹനം നിറയെ ചിക്കൻ ബോക്സുകൾ കയറ്റുന്നതും മറ്റ് രണ്ട് പേർ ചേർന്ന് ഇത് കടത്തിക്കൊണ്ടുപോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് 3.06 ലക്ഷം ദിർഹമിന്റെ സാധനങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായി. ക്രിമിനൽ കോടതിയുടെ ശിക്ഷയ്ക്ക് പുറമെ, കമ്പനിക്കുണ്ടായ സാമ്പത്തിക നഷ്ടവും 50,000 ദിർഹം അധിക നഷ്ടപരിഹാരവും 5 ശതമാനം പലിശയും ഉൾപ്പെടെ തുക പൂർണ്ണമായും പ്രതികൾ സംയുക്തമായി തിരിച്ചടയ്ക്കണമെന്ന് സിവിൽ കോടതി വിധിച്ചു.