Ajman
അജ്മാൻ : അജ്മാൻ യൂണിവേഴ്സിറ്റിയിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 10,000 കടന്നു. ജിസിസിയിലെ ആദ്യത്തെ സ്വകാര്യ സർവ്വകലാശാലയായി പ്രവർത്തനം ആരംഭിച്ച ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലാണിത്. യുഎഇ നൽകുന്ന മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളിലും ബോധന നിലവാരത്തിലും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള ഉയർന്ന വിശ്വാസമാണ് ഈ റെക്കോർഡ് വളർച്ച പ്രതിഫലിപ്പിക്കുന്നതെന്ന് സർവ്വകലാശാല അധികൃതർ വ്യക്തമാക്കി.
1988-ൽ പ്രവർത്തനം ആരംഭിച്ച അജ്മാൻ യൂണിവേഴ്സിറ്റി, പിൽക്കാലത്ത് നോൺ-പ്രോഫിറ്റ് സ്വഭാവത്തിലേക്ക് മാറുകയും ആഗോളതലത്തിൽ ശ്രദ്ധേയമായ അക്കാദമിക് പദവി കൈവരിക്കുകയും ചെയ്തു. ഗുണനിലവാരമുള്ള അധ്യാപനം, ശാസ്ത്രീയ ഗവേഷണങ്ങൾ, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ, വിപണിക്ക് അനുയോജ്യമായ കോഴ്സുകൾ എന്നിവയാണ് സർവ്വകലാശാലയുടെ ജനപ്രീതി വർദ്ധിപ്പിച്ചത്. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായെങ്കിലും അക്കാദമിക് നിലവാരവും മികച്ച പിന്തുണയും ഉറപ്പാക്കി പഠനാനുഭവം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.
അജ്മാൻ കോ-ഓപ്പിൽ ഓഹരിയുടമകളായ സ്വദേശി കുടുംബങ്ങളിലെ നവജാതശിശുക്കൾക്ക് ധനസഹായം
അജ്മാൻ : യുഎഇ കുടുംബ വർഷത്തിന്റെ ഭാഗമായി ഓഹരിയുടമകളായ സ്വദേശി കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി അജ്മാൻ കോ-ഓപ്പ് (Ajman Co-op). ‘ന്യൂബോൺ’ (Newborn) എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയിലൂടെ യോഗ്യരായ നവജാതശിശുക്കൾക്ക് ആറ് മാസത്തേക്ക് മൊത്തം 1,800 ദിർഹം മൂല്യമുള്ള ഷോപ്പിംഗ് ക്രെഡിറ്റ് ലഭിക്കും. 2026 ജനുവരി 1-നും ഡിസംബർ 31-നും ഇടയിൽ ജനിക്കുന്ന കുട്ടികൾക്കാണ് മാസം തോറും 300 ദിർഹം വീതം ആറ് മാസത്തേക്ക് ഈ ആനുകൂല്യം ലഭിക്കുക.
അജ്മാൻ കോ-ഓപ്പിന്റെ ഏത് ശാഖയിൽ നിന്നും കുഞ്ഞുങ്ങൾക്കാവശ്യമായ അവശ്യസാധനങ്ങളും മറ്റ് ഗാർഹിക സാധനങ്ങളും വാങ്ങാൻ ഈ ക്രെഡിറ്റ് ഉപയോഗിക്കാം. കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അധികച്ചെലവുകൾ കുറയ്ക്കാൻ ഇത് കുടുംബങ്ങളെ സഹായിക്കുമെന്ന് അജ്മാൻ കോ-ഓപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അയൂബ് മുഹമ്മദ് അബ്ദുള്ള വ്യക്തമാക്കി. ഈ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ജൂലൈ 1 മുതൽ സ്വീകരിച്ചു തുടങ്ങും. അപേക്ഷകൾ പരിശോധിച്ച് അംഗീകാരം നൽകിയ ശേഷമായിരിക്കും തുക ക്രെഡിറ്റ് ചെയ്യുക. ഇതിനായുള്ള യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും ഔദ്യോഗിക ചാനലുകൾ വഴി ഉടൻ പ്രഖ്യാപിക്കും.
അജ്മാൻ : ബലിപെരുന്നാൾ (Eid Al Adha) അവധിക്കാലത്തോടനുബന്ധിച്ച് അജ്മാൻ എമിറേറ്റിലെ എല്ലാ പെയ്ഡ് പാർക്കിംഗ് കേന്ദ്രങ്ങളും സൗജന്യമാക്കിയതായി മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പെരുന്നാൾ ആഘോഷ വേളകളിൽ ജനങ്ങളുടെ യാത്രകൾ സുഗമമാക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും ആശ്വാസം പകരുന്നതിനുമാണ് ഈ തീരുമാനം.
അധികൃതരുടെ അറിയിപ്പ് പ്രകാരം 2026 മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ പാർക്കിംഗ് ഫീസ് ഈടാക്കില്ല. തുടർന്ന് മേയ് 30 ശനിയാഴ്ച മുതൽ സാധാരണ രീതിയിലുള്ള പെയ്ഡ് പാർക്കിംഗ് സംവിധാനം പുനരാരംഭിക്കുന്നതായിരിക്കും. അവധി ദിവസങ്ങളിൽ പാർക്കിംഗ് സൗകര്യം ദുരുപയോഗം ചെയ്യരുതെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
യുഎഇയുടെ ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തായി ഡോൾഫിൻ ബേക്കറി; ദിവസേന 3,000-ത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങൾക്ക് പൂർണമായും പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിതരണം ചെയുന്നു
അജ്മാൻ: ഭക്ഷ്യസുരക്ഷയും ആഭ്യന്തര വിതരണ ശൃംഖലയുടെ സ്ഥിരതയും ശക്തിപ്പെടുത്താനുള്ള യുഎഇയുടെ ദേശീയ തന്ത്രങ്ങൾക്ക് മികച്ച പിന്തുണയുമായി ഡോൾഫിൻ ബേക്കറി രാജ്യത്തെ മുൻനിര ഭക്ഷ്യ ഉൽപ്പാദന പങ്കാളിയായി വളരുന്നു. ഇറക്കുമതി ചെയ്യുന്ന റെഡി-മെയ്ഡ് ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, പൂർണ്ണമായും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബേക്കറി ശൃംഖല വിപുലമായ ആഭ്യന്തര വിതരണ സംവിധാനമാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. അജ്മാനിലെ സ്വന്തം നിർമ്മാണ കേന്ദ്രത്തിൽ നിന്നുള്ള 165 വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ദിവസേന ദുബായിലും വടക്കൻ എമിറേറ്റുകളിലുമുള്ള മൂവായിരത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങളിലേക്കാണ് കമ്പനി എത്തിക്കുന്നത്. ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, പ്രാദേശിക ഗ്രോസറികൾ എന്നിവയുടെയെല്ലാം ഏറ്റവും വിശ്വസ്തനായ പങ്കാളിയായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് ഡോൾഫിൻ ബേക്കറിക്ക് സാധിച്ചിട്ടുണ്ട്.
എല്ലാ ഉൽപ്പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ നിർമ്മിച്ച്, സ്വന്തം വിതരണ ശൃംഖലയിലൂടെ മണിക്കൂറുകൾക്കകം വിപണിയിലെത്തിക്കുന്ന പ്രവർത്തന മാതൃകയാണ് തങ്ങളുടേതെന്ന് ഡോൾഫിൻ ബേക്കറിയുടെ മാനേജിംഗ് ഡയറക്ടർ നവാസ് പി. വ്യക്തമാക്കി. ഇറക്കുമതിക്ക് പകരം നിൽക്കാൻ കഴിയുന്ന തോതിലും വിശ്വാസ്യതയിലും സ്ഥിരതയിലും പ്രവർത്തിക്കേണ്ടത് പ്രാദേശിക ഉൽപ്പാദകരുടെ ഉത്തരവാദിത്വമാണെന്നും, മൂലവസ്തുക്കളുടെ സമാഹരണം മുതൽ ഉല്പാദനവും അവസാന ഘട്ട വിതരണവും വരെ തങ്ങളുടെ മുഴുവൻ പ്രവർത്തന ശൃംഖലയും യുഎഇയ്ക്കുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് റീട്ടെയിൽ പങ്കാളികൾക്കും ഉപഭോക്താക്കൾക്കും വലിയ രീതിയിലുള്ള ആത്മവിശ്വാസമാണ് നൽകുന്നത്.
നാല് എമിറേറ്റുകളിലായി ദിവസേന സർവീസ് നടത്തുന്ന എൺപതിലധികം അത്യാധുനിക വാഹനങ്ങളാണ് ബേക്കറിയുടെ വിതരണ ശൃംഖലയുടെ പ്രധാന കരുത്ത്. സാധാരണയായി മറ്റ് കമ്പനികൾ ഔട്ട്സോഴ്സ് ചെയ്യുന്ന വിതരണ ചുമതലകൾ സ്ഥാപനത്തിനകത്ത് തന്നെ നിലനിർത്താൻ കഴിഞ്ഞത് വഴി ഗുണമേന്മ, വേഗത, വിശ്വാസ്യത എന്നിവ പൂർണ്ണമായി നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെന്ന് ഡോൾഫിൻ ബേക്കറിയുടെ ഓപ്പറേഷൻസ് ഡയറക്ടർ ഇഖ്ബാൽ പറഞ്ഞു. ഭാവിയിൽ വിതരണ ശേഷി കൂടുതൽ വികസിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയിലും സ്ഥാപനാത്മക പങ്കാളിത്തങ്ങളിലും കൂടുതൽ നിക്ഷേപം നടത്താനും, യുഎഇയുടെ ആഭ്യന്തര ഭക്ഷ്യ ഉൽപ്പാദന മേഖലയിലെ തങ്ങളുടെ നിർണായക സ്വാധീനം കൂടുതൽ ശക്തമാക്കാനുമാണ് ഡോൾഫിൻ ബേക്കറി ലക്ഷ്യമിടുന്നത്.
ഇൻസ്റ്റാഗ്രാമിൽ ‘വ്യാജ ബാഗ്’ എന്ന് കമന്റ് ഇട്ടു; യുവതി വിമാനത്താവളത്തിൽ പിടിയിൽ
അജ്മാൻ : ഇൻസ്റ്റാഗ്രാമിലെ ഒരു ചിത്രത്തിന് താഴെ നൽകിയ കമന്റിനെത്തുടർന്ന് വിദേശത്തുനിന്നും കുടുംബത്തോടൊപ്പം മടങ്ങിയെത്തിയ യുവതിയെ യുഎഇ വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുവെച്ചു. ഒരു സ്ത്രീ ആഡംബര ബാഗ് പിടിച്ചുനിൽക്കുന്ന ചിത്രത്തിന് താഴെ അത് ‘വ്യാജമാണ്’ (Fake) എന്ന് ഈ യുവതി കമന്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് മറ്റുള്ളവർ ബാഗിന്റെ ഉടമയെ പരിഹസിക്കാൻ തുടങ്ങിയതോടെയാണ് അവർ അജ്മാൻ പോലീസിൽ പരാതി നൽകിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെയാണ് തന്റെ പേരിൽ കേസുള്ള വിവരം യുവതി അറിയുന്നത്. ഭർത്താവിനെയും കുട്ടികളെയും പോകാൻ അനുവദിച്ചെങ്കിലും യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അജ്മാനിലേക്ക് മാറ്റി.
അജ്മാൻ പോലീസിലെ ലെഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദിയാണ് ഈ സംഭവം വെളിപ്പെടുത്തിയത്. അപകീർത്തിപ്പെടുത്തൽ, ഓൺലൈൻ പരിഹാസം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബാഗിന്റെ ഉടമ പരാതി നൽകിയത്. ഒടുവിൽ പോലീസ് ഇടപെട്ട് ഇരുപക്ഷവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് കേസ് അവസാനിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ഓൺലൈൻ അധിക്ഷേപങ്ങൾ യുഎഇ സൈബർ നിയമപ്രകാരം അതീവ ഗുരുതരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പരാതി പിൻവലിച്ചില്ലായിരുന്നുവെങ്കിൽ 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ യുവതിക്ക് ശിക്ഷയായി ലഭിക്കുമായിരുന്നു.
സോഷ്യൽ മീഡിയയിലെ ചെറിയ കമന്റുകൾ പോലും വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് പോലീസ് പറഞ്ഞു. ഇത്തരം കേസുകളിൽ നടപടികൾ ലഘൂകരിക്കുന്നതിനായി അജ്മാൻ പോലീസ് ഇപ്പോൾ ‘റിമോട്ട് ബെയിൽ’ (Remote Bail) സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കേസുകളിൽ സ്മാർട്ട് ആപ്ലിക്കേഷൻ വഴി ജാമ്യമെടുക്കാൻ ഇത് സഹായിക്കും. എങ്കിലും മറ്റൊരാളുടെ അന്തസ്സിനെയോ സൽപ്പേരിനെയോ ബാധിക്കുന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളിൽ നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അജ്മാൻ പോലീസ്; നിർദ്ദേശങ്ങൾ ഇനി മലയാളത്തിലും
അജ്മാൻ : റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവൽക്കരണവുമായി അജ്മാൻ പോലീസ്. “ഞാൻ സുരക്ഷിതമായി മുറിച്ചുകടക്കുന്നു” (I Cross Safely) എന്ന പ്രമേയത്തിൽ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. യുഎഇയിലെ പ്രവാസി സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്നതിനായി മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ പോലീസ് നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നത് കടുത്ത പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സ്വന്തം സുരക്ഷയ്ക്കായി നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അജ്മാൻ പോലീസ് ഓർമ്മിപ്പിച്ചു. പ്രവാസി മലയാളികൾക്ക് ഈ നിർദ്ദേശങ്ങൾ വലിയ ഉപകാരപ്രദമാകും.
യുഎഇ: യുഎഇയിലെ വ്യോമഗതാഗതം പൂർണ്ണമായി സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. മുൻകരുതൽ എന്ന നിലയിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങളാണ് ഇപ്പോൾ പൂർണ്ണമായും ഒഴിവാക്കിയത്.
യുഎഇ വ്യോമപാതയിലെ സാധാരണ പ്രവർത്തനങ്ങൾ പൂർണ്ണമായി പുനരാരംഭിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് അധികൃതർ ഈ തീരുമാനം എടുത്തത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കി യുഎഇ;അനധികൃത സ്വത്തുക്കൾ ഇനി ഉടൻ കണ്ടുകെട്ടും
യുഎഇ: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനായി നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കാൻ യു.എ.ഇ തീരുമാനിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള കൃത്യമായ നടപടിക്രമങ്ങൾ അടങ്ങിയ ‘നാഷണൽ ഗൈഡ് ഓൺ ഫിനാൻഷ്യൽ ഇന്റലിജൻസ്’ കമ്മിറ്റി അംഗീകരിച്ചു. വെർച്വൽ അസറ്റുകളെയും (Virtual Assets) ഈ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനും അവയുമായി ബന്ധപ്പെട്ട ആസ്തികൾ കണ്ടുകെട്ടാനും പുതിയ തീരുമാനത്തിലൂടെ സാധിക്കും.