Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:23 PM

മനുഷ്യക്കടത്ത് കേസുകൾക്കായി പ്രത്യേക കോടതി സ്ഥാപിച്ച് യുഎഇ; ഉത്തരവിട്ട് ഷെയ്ഖ് മൻസൂർ

by Raneesha Razak

അബുദാബി: മനുഷ്യക്കടത്ത് (ഹ്യൂമൻ ട്രാഫിക്കിങ്) കുറ്റകൃത്യങ്ങൾ തടയുന്നതിനും കേസുകളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനുമായി പ്രത്യേക കോടതി സ്ഥാപിച്ച് യുഎഇ. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ കൂടിയായ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അബുദാബിയിലെ എല്ലാ മനുഷ്യക്കടത്ത് കേസുകളും ഇനി മുതൽ ഈ പ്രത്യേക കോടതിയുടെ പരിധിയിലായിരിക്കും വരിക. നിലവിൽ വിവിധ കോടതികളുടെ പരിഗണനയിലിരിക്കുന്നതും വിധി പ്രസ്താവനയുടെ അവസാന ഘട്ടത്തിൽ എത്തിയിട്ടില്ലാത്തതുമായ എല്ലാ മനുഷ്യക്കടത്ത് കേസുകളും പുതിയ കോടതിയിലേക്ക് മാറ്റാനും നിർദ്ദേശമുണ്ട്.

2026-ലെ 40-ാം നമ്പർ പ്രമേയ പ്രകാരമാണ് ഈ സവിശേഷ കോടതി രൂപീകരിച്ചിരിക്കുന്നത്. പ്രത്യേക പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന അന്വേഷണം മുതൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയും അപ്പീൽ കോടതിയും ഉൾപ്പെടുന്ന വിചാരണ ഘട്ടങ്ങൾ വരെ എല്ലാം ഒറ്റ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാൻ പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. ഇത് നിയമനടപടികൾ കൂടുതൽ ലളിതമാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും കേസുകൾ വേഗത്തിൽ തീർപ്പാക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇരകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാനും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള അബുദാബിയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

മനുഷ്യക്കടത്തിനെതിരെ കഴിഞ്ഞ കുറച്ചുകാലമായി രാജ്യാന്തര തലത്തിൽ തന്നെ ശക്തമായ പ്രതിരോധമാണ് യുഎഇ തീർക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് 5 വർഷം തടവും 1,00,000 ദിർഹം പിഴയും യുഎഇയിൽ ശിക്ഷയായി ലഭിക്കും. ഇരകൾക്ക് ആവശ്യമായ വിദ്യാഭ്യാസ പിന്തുണയും സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യവും ഉൾപ്പെടെ വിപുലമായ സേവനങ്ങളാണ് രാജ്യം നൽകിവരുന്നത്. പുതിയ പ്രത്യേക കോടതി കൂടി നിലവിൽ വരുന്നതോടെ മനുഷ്യക്കടത്ത് മാഫിയക്കെതിരെയുള്ള നിയമനടപടികൾ കൂടുതൽ കർശനമാകുമെന്നുറപ്പാണ്.

You may also like