Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 09:07 AM

ലഹരി വിപത്തിനെതിരെ അബുദാബി പോലീസ്

അൽ ദഫ്രയിലെ മാളുകൾ കേന്ദ്രീകരിച്ച് മാസ്സ് കാമ്പയിൻ

by Raneesha Nizar

അബുദാബി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ‘ലഹരി എന്ന വിപത്തിനെ തുടച്ചുനീക്കാൻ ഒന്നിച്ച്’ (United to Eradicate the Scourge) എന്ന മുദ്രാവാക്യവുമായി അൽ ദഫ്ര മേഖലയിൽ വിപുലമായ ജനകീയ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് അബുദാബി പോലീസ്. ലഹരിമരുന്നിന്റെയും മനോരോഗമുണ്ടാക്കുന്ന സബ്‌സ്റ്റൻസുകളുടെയും അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനാണ് അബുദാബി പോലീസ് മുൻകൈ എടുത്തത്.

അബുദാബി പോലീസ് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റും ഫാമിലി കെയർ അതോറിറ്റിയുടെ ഹാഫ് വേ ഹൗസസ് പ്രോഗ്രാമും സംയുക്തമായാണ് കാമ്പയിൻ നടത്തിയത്. കൂടുതൽ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ അൽ ദഫ്രയിലെ മൂന്ന് പ്രമുഖ ഷോപ്പിംഗ് മാളുകളിലാണ് പരിപാടികൾ അരങ്ങേറിയത്. ജൂൺ 22 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി ഗയാത്തി മാൾ, അൽ ദന്ന മാൾ, സായിദ് സിറ്റിയിലെ സിറ്റി മാൾ എന്നിവടങ്ങളിൽ വെച്ചായിരുന്നു കാമ്പയിൻ.

പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യുവാക്കൾക്കും കുട്ടികൾക്കും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ലഹരി ഉപയോഗം നേരത്തെ തിരിച്ചറിയാനും കുട്ടികളെ ഇതിൽ നിന്ന് സംരക്ഷിക്കാനും കുടുംബങ്ങൾക്കും സമൂഹത്തിനും വലിയ പങ്കുണ്ടെന്ന് അബുദാബി പോലീസ് ഓർമ്മിപ്പിച്ചു. സമൂഹത്തെ ലഹരിമുക്തമാക്കാനും ജീവിതനിലവാരം ഉയർത്താനും ലക്ഷ്യമിട്ട് സർക്കാർ-സാമൂഹിക സംഘടനകളുമായി ചേർന്ന് ഇത്തരം പരിപാടികൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.

You may also like