Ras Al Khaimah
പൊതുജനങ്ങളെ കബളിപ്പിച്ച് വൻതോതിൽ പണം തട്ടിയെടുക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി, ആർ.എൽ.കെ പോലീസ് ജനറൽ കമാൻഡും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോലീസ് ഓപ്പറേഷൻസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. വിപണി വിലയേക്കാൾ അസാധാരണമാം വിധം കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് വാഗ്ദാനം ചെയ്ത് എത്തുന്ന വ്യാജ പരസ്യങ്ങളിൽ വാഹന ഉടമകളും ഡ്രൈവർമാരും വീണുപോകരുതെന്ന് പോലീസ് ആവർത്തിച്ച് ഓർമ്മിപ്പിച്ചു
റാസൽഖൈമ : റാസൽഖൈമയിൽ നിർമ്മാണം പുരോഗമിക്കുന്ന വിൻ അൽ മർജാൻ ഐലൻഡ് (Wynn Al Marjan Island) സംയോജിത റിസോർട്ട് പദ്ധതിയിൽ 98 ബർത്തുകളുള്ള അത്യാധുനിക സൂപ്പർയാച്ച് മരീന സ്ഥാപിക്കുന്നു. റിസോർട്ടിലേക്ക് കടൽമാർഗ്ഗം നേരിട്ടെത്തുന്ന അതിഥികൾക്കായി ഒരുക്കുന്ന ഈ മരീനയിൽ 85 മീറ്റർ വരെ നീളമുള്ള സൂപ്പർ, മെഗാ യാച്ചുകൾ അടുപ്പിക്കാൻ സാധിക്കും. വൃത്താകൃതിയിലുള്ള പ്രത്യേക ഹാർബർ രൂപകൽപ്പനയോടെ നിർമ്മിക്കുന്ന ഈ കേന്ദ്രം യുഎഇയിലെ ഏത് ഹോട്ടൽ അനുബന്ധ മരീനയേക്കാളും വലിയ യാട്ടുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും.
മരീന സമുച്ചയത്തിന്റെ ഹൃദയഭാഗത്തായി നിർമ്മിക്കുന്ന ‘ക്യാപിറ്റനെറി’ (Capitainerie) ഹബ്ബ് വഴി കടൽമാർഗ്ഗമെത്തുന്ന അതിഥികൾക്ക് യാച്ചിൽ വച്ച് തന്നെ ചെക്ക്-ഇൻ പൂർത്തിയാക്കി റിസോർട്ടിലേക്ക് പ്രവേശിക്കാനാകും. ഐജി വൈ മരീനാസ് (IGY Marinas) പങ്കാളിത്തത്തോടെ കൈകാര്യം ചെയ്യുന്ന മരീനയിൽ ഹോട്ടൽ താമസക്കാർക്കായി പ്രത്യേക വാട്ടർഫ്രണ്ട് വിനോദ കേന്ദ്രങ്ങളും സജ്ജീകരിക്കും. 5.7 ബില്യൺ ഡോളർ നിക്ഷേപത്തിൽ നിർമ്മിക്കുന്ന ഈ വൻകിട റിസോർട്ട് പദ്ധതി 2027 സെപ്റ്റംബറോടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
റസൽഖൈമയിലെ 35 ബെഡ്റൂം ‘ഭൂതബംഗ്ലാവ്’ കൊട്ടാരം വില്പനയ്ക്ക്; വില 2.35 കോടി ദിർഹം
റസൽഖൈമ : യുഎഇ നിവാസികളുടെ ഇടയിൽ നിഗൂഢതകൾ നിറഞ്ഞ കഥകളിലൂടെ പ്രശസ്തമായ റസൽഖൈമയിലെ ‘അൽ ഖാസിമി പാലസ്’ (Al Qasimi Palace) വീണ്ടും വില്പനയ്ക്ക്. ‘ഭൂതബംഗ്ലാവ്’ എന്നറിയപ്പെടുന്നത് ഒരു തടസ്സമായി കാണാതെ, നിരവധി ആഗോള നിക്ഷേപകരാണ് കൊട്ടാരം സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫർണിച്ചറുകൾ ഇല്ലാതെ 2.25 കോടി ദിർഹമിനും (22.5 million Dirhams) പുരാതന കലാരൂപങ്ങളോടും അപൂർവ്വ വസ്തുക്കളോടും കൂടി 2.35 കോടി ദിർഹമിനുമാണ് (23.5 million Dirhams) കൊട്ടാരം വിപണിയിൽ വിലയിട്ടിരിക്കുന്നത്.
1985-ൽ റസൽഖൈമ ഭരണകുടുംബാംഗമായിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമി നിർമ്മിച്ച ഈ കൊട്ടാരം, 35 കിടപ്പുമുറികളും 191,742 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഭൂമിയുമടങ്ങുന്നതാണ്. 50 കോടി ദിർഹമിലധികം ചെലവഴിച്ച് നിർമ്മിച്ചെങ്കിലും ആരും താമസിക്കാത്തതിനെ തുടർന്നാണ് ആൾപ്പാർപ്പില്ലാത്ത കൊട്ടാരത്തെക്കുറിച്ച് പ്രേതകഥകൾ പ്രചരിച്ചത്. 2019-ൽ ഇതൊരു ടൂറിസ്റ്റ് മ്യൂസിയമാക്കി മാറ്റിയിരുന്നു. യുഎസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകർ കൊട്ടാരം ഹോട്ടലോ റിസോർട്ടോ ആക്കി മാറ്റാനുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് ലേലത്തിൽ പങ്കാളികളാകുന്നത്.
റസൽഖൈമ: സർക്കാർ വകുപ്പുകളിൽ വനിതകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും വർദ്ധിപ്പിച്ച് റസൽഖൈമ എമിറേറ്റ്. റസൽഖൈമ ഗവൺമെന്റിന്റെ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റിലെ (HR) ആകെ ജീവനക്കാരിൽ 80 മുതൽ 90 ശതമാനം വരെ സ്ത്രീകളാണെന്നും ഇതിൽ ഭൂരിഭാഗവും എമിറാത്തി വനിതകളാണെന്നും അധികൃതർ വ്യക്തമാക്കി. പൊതുമേഖലയിൽ മൊത്തത്തിൽ സ്ത്രീകളും പുരുഷന്മാരും 50 ശതമാനം വീതം തുല്യ പങ്കാളിത്തം പുലർത്തുമ്പോൾ എച്ച്ആർ വിഭാഗത്തിൽ സ്ത്രീകൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ‘ദി മാർക്ക് ഷീ മേക്സ്’ (The Mark She Makes) എന്ന പേരിൽ സംഘടിപ്പിച്ച എമിറാത്തി വനിതാ ദിനാഘോഷ പരിപാടിയിൽ റസൽഖൈമ എച്ച്ആർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ സാറ അഹമ്മദ് അൽ സാബിയിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
തൊഴിലും കുടുംബ ജീവിതവും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ ഫ്ലെക്സിബിൾ ജോലി നയങ്ങളും റസൽഖൈമയിൽ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്ന സമയങ്ങളിൽ ചെറിയ കുട്ടികളെ സ്കൂളിലും നഴ്സറികളിലും എത്തിക്കുന്നതിനായി അമ്മമാരായ ജീവനക്കാർക്ക് പ്രത്യേക ഇളവുകൾ നൽകിവരുന്നു. യുവ എമിറാത്തികൾക്ക് നേതൃത്വ പരിശീലനം നൽകുന്നതിനായി ‘റസൽഖൈമ എംപവർമെന്റ് പ്ലാറ്റ്ഫോം’ ആരംഭിക്കുകയും 2028-2030 വർഷങ്ങളിലേക്കുള്ള ദീർഘകാല തൊഴിൽ നയരൂപീകരണ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
റസൽഖൈമയിൽ കൂടുതൽ പഠനാവസരങ്ങൾ! 3,000 സീറ്റുകളോടെ 3 പുതിയ സ്വകാര്യ സ്കൂളുകൾക്ക് അനുമതി
റാസൽഖൈമ : മാധ്യമരംഗത്തെ വളർന്നുവരുന്ന യുവ പ്രതിഭകളെ ശാക്തീകരിക്കുന്നതിനായി സംഘടിപ്പിച്ച ‘ഹാർട്ട് ഓഫ് റാക് ജൂനിയർ റിപ്പോർട്ടർ’ (Junior Reporter Programme) പദ്ധതിയുടെ ആദ്യ ബാച്ചിന്റെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. റാസൽഖൈമ ഗവൺമെന്റ് മീഡിയ ഓഫീസും (RAKGMO) അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമയും (AURAK) സംയുക്തമായാണ് ആദരിക്കൽ ചടങ്ങുകൾ സംഘടിപ്പിച്ചത്.
2025 ഒക്ടോബറിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 സർവ്വകലാശാല വിദ്യാർത്ഥികൾക്ക് അധ്യയന വർഷത്തിലുടനീളം യുഎഇയിലെയും റാസൽഖൈമയിലെയും 15-ലധികം പ്രമുഖ പരിപാടികളും വികസനങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്യാനുള്ള പ്രായോഗിക പരിശീലനം ലഭിച്ചിരുന്നു. മികച്ച സ്റ്റോറി ടെല്ലിംഗ്, പ്രേക്ഷക സ്വാധീനം എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലാണ് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകിയത്.
റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ ദീർഘവീക്ഷണത്തിന് അനുസൃതമായി യുവാക്കൾക്ക് മാധ്യമരംഗത്ത് മികച്ച പ്രായോഗിക പരിചയം നൽകാൻ ഈ പദ്ധതിയിലൂടെ സാധിച്ചുവെന്ന് റാസൽഖൈമ ഗവൺമെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഹെബ ഫതാനി പറഞ്ഞു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം യഥാർത്ഥ തൊഴിൽ മേഖലയിലെ അനുഭവങ്ങൾ പകർന്നുനൽകാൻ ഇത്തരം പങ്കാളിത്തങ്ങൾ സഹായിക്കുമെന്ന് ഒരാക് പ്രസിഡന്റ് പ്രൊഫസർ ബസ്സാം അലാമദ്ദീനും വ്യക്തമാക്കി.
റാസൽഖൈമ : ചരിത്രത്തിലാദ്യമായി റാസൽഖൈമ ആതിഥേയത്വം വഹിക്കുന്ന യൂറോപ്യൻ ചലച്ചിത്രമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം. തിങ്കളാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി മേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. റാസൽഖൈമ ചേംബർ ഓഫ് കൊമേഴ്സ് തിയേറ്ററിൽ ‘റാക് ആർട്ട്’ (RAK Art) ആണ് ഈ ചലച്ചിത്രോത്സവത്തിന് വേദിയൊരുക്കുന്നത്. യുഎഇയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ലൂസി ബെർഗർ, വിവിധ വിദേശ നയതന്ത്രജ്ഞർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
യുഎഇയിലെ യൂറോപ്യൻ യൂണിയൻ ഡെലിഗേഷനും ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഫൗണ്ടേഷൻ ഫോർ പോളിസി റിസർച്ചിന്റെ കീഴിലുള്ള റാക് ആർട്ടും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ എംബസികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും പിന്തുണയും മേളയ്ക്കുണ്ട്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പ്രമേയങ്ങളും പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളും ഉൾപ്പെടുന്ന വിപുലമായ സിനിമാ പ്രദർശനങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. യൂറോപ്യൻ സിനിമകളുടെ സാംസ്കാരിക വൈവിധ്യവും സർഗ്ഗാത്മകതയും യുഎഇയിലെ സിനിമാപ്രേമികൾക്ക് പരിചയപ്പെടുത്തുന്ന ഈ ചലച്ചിത്രമേള ജൂൺ 6 വരെ നീണ്ടുനിൽക്കും.