അബുദാബി : മുൻ ഖത്തർ അമീറും ഇപ്പോഴത്തെ അമീറിന്റെ പിതാവുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 12 ഞായറാഴ്ച മുതൽ ജൂലൈ 15 ബുധനാഴ്ച വരെ രാജ്യത്തെ എല്ലാ ഔദ്യോഗിക സ്ഥാപനങ്ങളിലും വിദേശത്തുള്ള യുഎഇ എംബസികളിലും നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. യുഎഇ പ്രസിഡൻഷ്യൽ കോർട്ട് ഖത്തർ രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു. യുഎഇക്ക് പുറമെ കുവൈറ്റും നാല് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിൽ തിങ്കളാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും പൊതു അവധിയായിരിക്കും.
UAE News
അബുദാബി : കുവൈറ്റിലെ അതിർത്തി പോസ്റ്റുകൾക്കും ഓഫ്ഷോർ ഓയിൽ പ്ലാറ്റ്ഫോമിനും നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. മൂന്ന് അതിർത്തി പോസ്റ്റുകൾക്കും കുവൈറ്റ് ഓയിൽ കമ്പനിയുടെ ഒരു ഡ്രോൺ ഡ്രില്ലിംഗ് പ്ലാറ്റ്ഫോമിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഭൗതികമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ഒരു ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണം കുവൈറ്റിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി. കുവൈറ്റിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രാലയം, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒപ്പമുണ്ടാകുമെന്നും പരിക്കേറ്റ വ്യക്തി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ദുബായ് : വേനലവധിക്കാലത്ത് യാത്രയ്ക്കൊരുങ്ങുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ പാസ്പോർട്ട് പുതുക്കാൻ അപ്പോയിന്റ്മെന്റ് ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. ദുബായ് ഇന്ത്യൻ കോൺസുലേറ്റും അബുദാബി എംബസിയും പാസ്പോർട്ട് സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ അപ്പോയിന്റ്മെന്റ് വഴി മാത്രമാക്കിയതോടെയാണ് സ്ലോട്ടുകൾ കിട്ടാതെ പ്രവാസികൾ വലയുന്നത്. യാത്രാ തീയതികൾ അടുത്തിട്ടും ഔദ്യോഗിക പോർട്ടലായ book.passportindiauae.com വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കാത്തത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാനാണ് പുതിയ നടപടിയെന്നും അപ്പോയിന്റ്മെന്റുകൾ പൂർണ്ണമായും സൗജന്യമാണെന്നും വ്യക്തമാക്കിയ അധികൃതർ, സ്ലോട്ടുകൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഏജന്റുമാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
ഗാസ : ഗാസ സ്ട്രിപ്പിൽ പ്രവർത്തിക്കുന്ന യുഎഇ ഫീൽഡ് ആശുപത്രിയിൽ യുണൈറ്റഡ് നേഷൻസിന്റെ (UN) ഉന്നതതല പ്രതിനിധി സംഘം സന്ദർശനം നടത്തി. യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (OCHA), ഫലസ്തീനിലെ യുഎൻ റസിഡന്റ് കോർഡിനേറ്റർ ഓഫീസ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിയത്. യുഎഇ ഇവിടെ നൽകിവരുന്ന മികച്ച ചികിൽസാ സൗകര്യങ്ങളെയും മാനുഷിക സഹായങ്ങളെയും സംഘം വിലയിരുത്തി.
യുഎൻ റസിഡന്റ് ആൻഡ് ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ ഡോ. രാമീസ് അലക്ബറോവ്, ഡെപ്യൂട്ടി കോർഡിനേറ്റർ സൂസൻ ത്കാലെക്, ഗാസയിലെ ഒസിഎച്ച്എ (OCHA) ഓഫീസ് മേധാവി താഹെർ ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. ആശുപത്രിയിലെ വിവിധ വാർഡുകളും അത്യാധുനിക സജ്ജീകരണങ്ങളും കണ്ട സംഘം യുഎഇ മെഡിക്കൽ ടീമിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഗാസയിലെ വർദ്ധിച്ചുവരുന്ന ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി യുഎഇ മിഷനും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവിഭാഗവും ചർച്ച നടത്തി.
അബുദാബി : യുഎഇയുടെ ‘നെറ്റ് സീറോ 2050’ ഹരിത ലക്ഷ്യങ്ങൾക്ക് പിന്തുണയുമായി ഹയർ കോളേജസ് ഓഫ് ടെക്നോളജിയും (HCT) പ്രമുഖ ആഗോള കമ്പനിയായ സീമെൻസും (Siemens) അഞ്ച് വർഷത്തെ തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു. സീമെൻസിന്റെ അത്യാധുനിക ‘ബിൽഡിംഗ് എക്സ്’ പ്ലാറ്റ്ഫോം ഉപയോഗിച്ച് കാമ്പസുകളിലെ ഊർജ്ജം, ജലം, മാലിന്യ സംസ്കരണം എന്നിവ നിരീക്ഷിക്കുന്ന സ്മാർട്ട് സംവിധാനം വികസിപ്പിക്കും. കൂടാതെ വിദ്യാർത്ഥികൾക്കായി പ്രത്യേക ഗ്രീൻ സ്കിൽ സർട്ടിഫിക്കേഷനുകളും ഇലക്ട്രിക് വാഹന ചാർജിംഗ് സൗകര്യങ്ങളും സംയുക്ത ഗവേഷണങ്ങളും ഈ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കും.
ദുബായ് : 2026-ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ (Environmental Performance Index – EPI) അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ. കാലാവസ്ഥാ വ്യതിയാനം തടയൽ, പരിസ്ഥിതി ആരോഗ്യം, മാലിന്യ സംസ്കരണം എന്നിവയിൽ യുഎഇ സർക്കാർ നടപ്പിലാക്കിയ മികച്ച പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിൽ. മാലിന്യ സംസ്കരണത്തിലും സമുദ്ര ജീവികളുടെ സംരക്ഷണത്തിലും 100 ശതമാനം മാർക്കോടെ യുഎഇ ഒന്നാം സ്ഥാനം നിലനിർത്തി. കൂടാതെ മലിനജല സംസ്കരണത്തിൽ 94.99 ശതമാനം സ്കോറോടെ ആഗോളതലത്തിൽ 19-ാം സ്ഥാനവും രാജ്യം സ്വന്തമാക്കി.
2050ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചതും 2030ഓടെ 10 കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി പകുതിയിലധികം പൂർത്തിയാക്കിയതും യുഎഇക്ക് തുണയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെയാണ് രാജ്യം ഇപ്പോൾ പരിസ്ഥിതി നിരീക്ഷണവും വികസനവും നടത്തുന്നത്. സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനാകുമെന്ന് യുഎഇ ലോകത്തിന് കാണിച്ചുതന്നതായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. ആംന ബിന്ത് അബ്ദുള്ള അൽ ദഹാക്ക് പറഞ്ഞു.
ദുബായ് : സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യ തിരിച്ചുവിളിച്ച പ്രത്യേക ബ്രാൻഡ് ബേബി ഫീഡിംഗ് ബോട്ടിലുകൾ യുഎഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലോ ഫാർമസികളിലോ വിൽക്കുന്നില്ലെന്ന് ഉറപ്പുനൽകി യുഎഇയിലെ പ്രമുഖ റീട്ടെയിലർമാർ. ‘നർഷ്’ (Nursh 8oz) ബ്രാൻഡിന്റെ റീയൂസബിൾ കുപ്പികളാണ് (Product No. B11654) സൗദി വാണിജ്യ മന്ത്രാലയം വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടത്. കുപ്പിയുടെ പുറംഭാഗത്തെ സുരക്ഷാ പാളി അടർന്നുപോവുകയും ഇത് കുട്ടികളുടെ ഉള്ളിൽ ചെന്ന് ശ്വാസംമുട്ടൽ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു സൗദിയുടെ നടപടി. എന്നാൽ സ്പിന്നീസ്, അൽ മദീന, നൈറ്റ് ടു നൈറ്റ് തുടങ്ങിയ യുഎഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളും ഫാർമസികളും തങ്ങൾ ഈ ബ്രാൻഡ് വിൽക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും വിദേശയാത്രകളിലോ അന്താരാഷ്ട്ര ഓൺലൈൻ സൈറ്റുകൾ വഴിയോ ഈ പ്രൊഡക്ട് നമ്പർ ഉള്ള കുപ്പികൾ വാങ്ങിയിട്ടുള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ അവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും നിർദ്ദേശമുണ്ട്.
ദുബായ് : യുഎഇയിലെ വിവിധ എയർപോർട്ടുകൾ വഴിയുള്ള വിമാന നിരക്കുകൾ താരതമ്യം ചെയ്ത് ബുക്ക് ചെയ്താൽ വലിയ തുക ലാഭിക്കാമെന്ന് പുതിയ പഠനം. ഇന്ത്യയിലേക്കുള്ള ഭൂരിഭാഗം റൂട്ടുകളിലും അബുദാബിയിൽ നിന്നാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ലഭ്യമാകുന്നത്. മുംബൈയിലേക്ക് അബുദാബിയിൽ നിന്ന് 1,206 ദിർഹമാകുമ്പോൾ ദുബായിൽ നിന്ന് 1,500 ദിർഹമാണ്. കൊച്ചിയിലേക്ക് അബുദാബിയിൽ നിന്ന് 1,376 ദിർഹത്തിന് ടിക്കറ്റ് ലഭിക്കുമ്പോൾ ദുബായിൽ നിന്ന് 1,959 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഡൽഹിയിലേക്കും ഇസ്താംബൂളിലേക്കും ഷാർജ എയർപോർട്ടാണ് കൂടുതൽ ലാഭകരം. കറാച്ചിയിലേക്ക് ദുബായ് വഴിയും കുറഞ്ഞ നിരക്കുകൾ ലഭ്യമാണ്. യാത്ര തിരിക്കും മുൻപ് മൂന്ന് എയർപോർട്ടുകളിലെയും നിരക്കുകൾ പരിശോധിക്കുന്നത് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് വലിയ ലാഭമുണ്ടാക്കും.
വാഷിംഗ്ടൺ : യുഎഇയിലേക്കുള്ള അത്യാധുനിക എഐ ചിപ്പുകൾ, സൈനിക സാമഗ്രികൾ, സാറ്റലൈറ്റുകൾ എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക. പുതിയ ഭേദഗതി പ്രകാരം യുഎഇ സർക്കാരിനും അവിടുത്തെ മുൻനിര കമ്പനികൾക്കും ഇനിമുതൽ പ്രത്യേക ലൈസൻസ് ഇല്ലാതെ തന്നെ അമേരിക്കൻ നിർമ്മിത അത്യാധുനിക എഐ ചിപ്പുകളും സെർവറുകളും ഇറക്കുമതി ചെയ്യാം. യുഎഇയുടെ എഐ കമ്പനികളായ ജി42, കോർ42 എന്നിവയ്ക്കും അവിടെ പ്രവർത്തിക്കുന്ന ആപ്പിൾ, ആമസോൺ, എക്സ്.എഐ തുടങ്ങിയ ആഗോള കമ്പനികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇറാനും മറ്റ് ഭീഷണികൾക്കുമെതിരെ പതിറ്റാണ്ടുകളായി ഒപ്പം നിൽക്കുന്ന പ്രധാന പങ്കാളി എന്ന നിലയിലാണ് യുഎഇയ്ക്ക് ഈ പ്രത്യേക പദവി നൽകിയിരിക്കുന്നത്.
അബുദാബി: സിറിയയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ (State Sponsors of Terrorism) നിന്ന് ഒഴിവാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്തു.
സിറിയയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും സാമ്പത്തിക പുനരുജ്ജീവനത്തിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈ ചരിത്രപരമായ തീരുമാനം വലിയ പിന്തുണയാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയൻ ജനതയുടെ സുരക്ഷയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള എല്ലാ നീക്കങ്ങൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.