ഷാർജ : ഷാർജയിലെ ജലവിനിയോഗം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതിയുമായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (SEWA). എമിറേറ്റിലെ വിവിധ നഗരങ്ങളിലായി 45,000-ലധികം വീടുകളിൽ 7.5 ലക്ഷത്തിലേറെ വാട്ടർ സേവിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ അൽ റഹ്മാനിയ മേഖലയിലെ 4,015 വീടുകളിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജൂലൈ അവസാനത്തോടെ ഇവിടുത്തെ ജോലികൾ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനായി 12 പ്രത്യേക സാങ്കേതിക വിദഗ്ദ്ധ സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ മുൻഘട്ടങ്ങളിൽ സാമൂഹിക സേവന വകുപ്പിന്റെ ഗുണഭോക്താക്കൾ ഉൾപ്പെടെയുള്ളവരുടെ 14,000 വീടുകളിൽ ഇത്തരം ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇത് വഴി ജലവിനിയോഗത്തിൽ 62 ശതമാനവും വൈദ്യുതിവിനിയോഗത്തിൽ 59 ശതമാനവും കുറവ് വരുത്താൻ സാധിച്ചതായി സേവ മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ റാഷിദ് അൽ മർസൂഖി വ്യക്തമാക്കി.