Government
ദുബായ് : റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഭാവിയിലെ ഗതാഗത വെല്ലുവിളികൾ നേരിടുന്നതിനുമായി ട്രാഫിക് വിഭാഗത്തിനായുള്ള പുതിയ ‘2040 വിഷൻ’ ദുബായ് പോലീസ് പുറത്തിറക്കി. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന് (Dubai 2040 Urban Master Plan) അനുസൃതമായാണ് സുരക്ഷ, കമ്മ്യൂണിറ്റി ക്ഷേമം, നൂതന സാങ്കേതികവിദ്യ എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഭാവിയിലെ ട്രാഫിക് പദ്ധതികൾക്കുള്ള കൃത്യമായ റോഡ് മാപ്പായിരിക്കും ഈ വിഷനെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലം ബിൻ സുവൈദാൻ പറഞ്ഞു. അപകടസാധ്യതകൾ വലിയ ട്രാഫിക് പ്രശ്നങ്ങളായി മാറുന്നതിന് മുൻപ് തന്നെ കണ്ടുപിടിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും കൃത്രിമബുദ്ധിയും (AI) ഡിജിറ്റൽ സാങ്കേതികവിദ്യകളും സഹായിക്കും. ഗതാഗത രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പദ്ധതികൾ നടപ്പിലാക്കാൻ ഇത് ദുബായ് പോലീസിന് കരുത്തേകും.
വ്യാജ ഗാർഹിക തൊഴിലാളി പരസ്യങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്
ദുബായ് : കുറഞ്ഞ നിരക്കിൽ ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കും ലൈസൻസില്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികൾക്കുമെതിരെ നിവാസികൾക്ക് തീവ്ര മുന്നറിയിപ്പുമായി ദുബായ് പോലീസ്. ആകർഷകമായ ഓഫറുകളിൽ വീഴുന്നത് വൻ സാമ്പത്തിക നഷ്ടത്തിനും നിയമപരമായ പ്രയാസങ്ങൾക്കും വഴിവെക്കുമെന്ന് പോലീസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ബോധവൽക്കരണ വീഡിയോയിൽ വ്യക്തമാക്കി.
അംഗീകാരമില്ലാത്ത ഏജൻസികൾ വഴി ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് വീടുകളുടെ സുരക്ഷയെയും ബാധിച്ചേക്കാം. മോഷണം ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾക്കും ഇത് കാരണമായേക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഏജൻസികളുമായി കരാറിലേർപ്പെടുന്നതിനോ പണം നൽകുന്നതിനോ മുൻപായി, സ്ഥാപനം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) ലൈസൻസുള്ളതാണെന്ന് ഉറപ്പുവരുത്തണം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളുടെ വിവരങ്ങൾ ലഭ്യമാണ്.
അബുദാബി : ഗുവൈഫാത്ത് ബോർഡർ ക്രോസിംഗിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബസ് കേടായി വഴിയാധാരമായ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിച്ചുനൽകിയ അബുദാബി പോലീസ് ഉദ്യോഗസ്ഥന് ആദരം. ഫസ്റ്റ് പോലീസ്മാൻ അലി അബ്ദുൽഹാദി അൽ ഹാജരിയെയാണ് അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൂൻ അൽ മുഹൈരി നേരിട്ട് ആദരിച്ചത്. സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ ബ്രിഗേഡിയർ നാസർ സുലൈമാൻ അൽ മസ്കരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
യാത്രയ്ക്കിടെ വാഹനം കേടായതിനെ തുടർന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങളുടെ ക്ഷേമമന്വേഷിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങളും സേവനങ്ങളും സമയബന്ധിതമായി എത്തിച്ചു നൽകുകയും ചെയ്തതിനാണ് ആദരം. പോലീസിന്റെ ചുമതലകൾക്കപ്പുറം സഹജീവികളോട് മാനുഷിക പരിഗണന കാണിക്കുകയും സഹായിക്കുകയും ചെയ്യുന്നത് യുഎഇ സമൂഹത്തിന്റെ മൂല്യങ്ങളെയാണ് ഉയർത്തിക്കാട്ടുന്നതെന്ന് മേജർ ജനറൽ അൽ മുഹൈരി അഭിപ്രായപ്പെട്ടു. പൊതുജനങ്ങളെ സഹായിക്കുക എന്നത് ദേശീയവും മാനുഷികവുമായ കടമയാണെന്ന് അൽ ഹാജരി പ്രതികരിച്ചു.
മൂന്ന് വയസ്സുകാരനെ ഉപദ്രവിച്ച ഗാർഹിക തൊഴിലാളിക്ക് 10,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി
അബുദാബി : താൻ സംരക്ഷിക്കേണ്ട മൂന്ന് വയസ്സുകാരനെ ശാരീരികമായി ഉപദ്രവിച്ച ഗാർഹിക തൊഴിലാളിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിച്ചു. കുട്ടിക്ക് ശരീരത്തിൽ പോറലുകളും പരിക്കുകളും ഏൽപ്പിച്ച കേസിൽ പ്രതിയെ കുറ്റക്കാരിയായി കണ്ടെത്തിയ ക്രിമിനൽ കോടതി നേരത്തെ 3,000 ദിർഹം പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മ നൽകിയ സിവിൽ കേസിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുന്നത്.
തൊഴിലുടമ വീട്ടിൽ ഇല്ലാത്ത സമയത്താണ് കുട്ടിക്ക് നേരെ ഗാർഹിക തൊഴിലാളിയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ നെഞ്ചിലും താടിയിലും പോറലുകൾ ഏൽപ്പിച്ച സംഭവം വലിയ മാനസികവും സാമ്പത്തികവുമായ വിഷമതകൾ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി അമ്മ 25,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ തള്ളിക്കളയാൻ തൊഴിലാളി ശ്രമിച്ചെങ്കിലും കേസ് ക്രിമിനൽ കോടതിയിൽ നേരത്തെ തന്നെ തെളിയിക്കപ്പെട്ടതിനാൽ, സാമ്പത്തികവും മാനസികവുമായ നഷ്ടപരിഹാരമായി 10,000 ദിർഹമും കോടതി ചെലവുകളും നൽകാൻ സിവിൽ കോടതി ഉത്തരവിടുകയായിരുന്നു.
സഞ്ചാരികളുടെ സുരക്ഷയ്ക്ക് അത്യാധുനിക സ്മാർട്ട് സേവനങ്ങളുമായി ദുബായ് പോലീസ്
ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (ATM 2026) സഞ്ചാരികൾക്കായി അത്യാധുനിക സ്മാർട്ട് സുരക്ഷാ സജ്ജീകരണങ്ങളും ഡിജിറ്റൽ സേവനങ്ങളും അവതരിപ്പിച്ച് ദുബായ് പോലീസ്. സന്ദർശകർക്ക് കൂടുതൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം നൽകുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധിയും പോലീസിംഗ് രംഗത്ത് എപ്രകാരം പ്രയോജനപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പോലീസിന്റെ പവലിയൻ. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി പവലിയൻ സന്ദർശിച്ച് പുതിയ സംവിധാനങ്ങൾ വിലയിരുത്തി.
പവലിയനിൽ ടൂറിസ്റ്റ് സപ്പോർട്ട് സർവീസ്, ഹത്തയിലെ മൗണ്ടൻ റെസ്ക്യൂ ഓപ്പറേഷൻസ്, സ്മാർട്ട് പോലീസ് സ്റ്റേഷൻ (SPS) സേവനങ്ങൾ, സ്മാർട്ട് ലോസ്റ്റ് ആൻഡ് ഫൗണ്ട് സിസ്റ്റം, ഇ-ക്രൈം പ്ലാറ്റ്ഫോം, സൈബർ സുരക്ഷാ അവബോധ കേന്ദ്രം തുടങ്ങിയ പ്രധാന സേവനങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യകളും പ്രോആക്ടീവ് സേവനങ്ങളും ഉപയോഗിച്ച് മികച്ച യാത്രാ സുരക്ഷ ഉറപ്പാക്കുന്നത് ദുബായിയെ ലോകത്തിലെ മുൻനിര വിനോദസഞ്ചാര-വ്യാപാര കേന്ദ്രമാക്കി നിലനിർത്താൻ സഹായിക്കുമെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ മർറി അഭിപ്രായപ്പെട്ടു.
ദുബായ് : വിദേശ രാജ്യങ്ങളിൽ സമർപ്പിച്ച വിവാഹമോചന ഹർജി തള്ളിയിട്ടുണ്ടെങ്കിലും, ക്രൂരതയോ ഉപദ്രവമോ തുടരുകയോ ആവർത്തിക്കുകയോ ചെയ്യുന്നുവെന്ന് തെളിയിക്കാൻ സാധിച്ചാൽ ഭാര്യക്ക് യുഎഇയിൽ പുതിയ വിവാഹമോചന കേസ് ഫയൽ ചെയ്യാമെന്ന് ദുബായ് പരമോന്നത കോടതി വിധിച്ചു. ഒരു വ്യക്തിഗത നിയമ കേസിൽ ദുബായ് കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയെന്നും ജീവനാംശം നൽകുന്നില്ലെന്നുമുള്ള പരാതിയോടെ ഒരു സ്ത്രീ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മുൻപ് സുഡാനിലും ഈജിപ്തിലും ഇവർ കേസ് നൽകിയിരുന്നെങ്കിലും ഹർജികൾ തള്ളിയിരുന്നു. എന്നാൽ അതിനുശേഷവും ഭർത്താവിൽ നിന്നുള്ള ഉപദ്രവവും അവഗണനയും തുടർന്നതായി സ്ത്രീ ദുബായ് കോടതിയെ ബോധിപ്പിച്ചു. മുൻപ് വിദേശ കോടതികൾ കേസ് തള്ളിയതിനാൽ ദുബായിലെ കേസ് നിലനിൽക്കില്ലെന്ന ഭർത്താവിന്റെ വാദം തള്ളിക്കളഞ്ഞ കോടതി, തുടരുന്ന ഭീഷണികളുടെയും ഉപദ്രവങ്ങളുടെയും പശ്ചാത്തലത്തിൽ പുതിയ കേസ് ഫയൽ ചെയ്യാൻ തടസ്സമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
വിദേശത്ത് ഹർജി തള്ളിയത് യുഎഇയിൽ കേസ് നൽകുന്നതിന് ശാശ്വതമായ തടസ്സമല്ലെന്ന് വ്യക്തമാക്കുന്ന ഈ വിധി അന്താരാഷ്ട്ര തലത്തിൽ തർക്കങ്ങളുള്ള കുടുംബങ്ങൾക്ക് നിയമപരമായ കൂടുതൽ വ്യക്തത നൽകും. ദുബായ് കോടതികളിൽ സമർപ്പിക്കുന്ന പുതിയ തെളിവുകളുടെയും നിലവിലെ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇത്തരം കേസുകളിൽ അന്തിമ തീരുമാനം എടുക്കുകയെന്ന് നിയമ വിദഗ്ധരും അഭിപ്രായപ്പെട്ടു.