Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 03:46 PM

വിദ്യാർത്ഥികളുടെ ഗ്രേഡിംഗിൽ സുതാര്യത ഉറപ്പാക്കാൻ നാലുതല പരിശോധനാ സംവിധാനവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

by Raneesha Razak

ദുബായ്: വിദ്യാർത്ഥികളുടെ മാർക്കുകളിലും ഗ്രേഡുകളിലും പൂർണ്ണ കൃത്യതയും സുതാര്യതയും തുല്യതയും ഉറപ്പാക്കുന്നതിനായി 2026-2027 അധ്യയന വർഷം മുതൽ നാലുതല പരിശോധനാ സംവിധാനം അവതരിപ്പിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. അധ്യാപകർ നൽകുന്ന മാർക്കുകൾ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ഡിസ്ട്രിക്റ്റ് തലത്തിലും കേന്ദ്രീകൃത ജനറൽ എഡ്യൂക്കേഷൻ ടെസ്റ്റിംഗ് ആൻഡ് അസസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് തലത്തിലും പരിശോധനയ്ക്കും തിരുത്തലുകൾക്കും വിധേയമാക്കുന്നതാണ് പുതിയ രീതി. മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ രാജ്യത്തുടനീളം ഏകീകൃതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ക്ലാസ് മുറികളിൽ അധ്യാപകനാണ് ആദ്യഘട്ട മൂല്യനിർണ്ണയത്തിന്റെ ചുമതലയെങ്കിൽ, സ്കൂൾ തലത്തിൽ പ്രിൻസിപ്പലും ഡിസ്ട്രിക്റ്റ് തലത്തിൽ ഡിസ്ട്രിക്റ്റ് ഡയറക്ടറും പരിശോധനകൾക്ക് നേതൃത്വം നൽകും. അവസാന ഘട്ടത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ എഡ്യൂക്കേഷൻ ടെസ്റ്റിംഗ് ആൻഡ് അസസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റാകും അന്തിമ അനുമതി നൽകുക. ഉത്തരക്കടലാസുകൾ തിരുത്തുന്നതിലെ അധ്യാപകരുടെ വ്യത്യാസങ്ങൾ മൂലവും മൂല്യനിർണ്ണയ രീതികളിലെ വൈവിധ്യം മൂലവും വിദ്യാർത്ഥികൾക്ക് മാർക്കുകളിൽ അനീതി നേരിടുന്നത് തടയാൻ ഈ പുതിയ നയം സഹായിക്കും. ഇതിനായി സ്കൂൾ തലത്തിൽ അധ്യാപകരുടെ പ്രത്യേക അവലോകന യോഗങ്ങളും സ്കൂൾ സന്ദർശനങ്ങളും സംഘടിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

You may also like