Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 06:54 PM

ദുബായ് സ്വകാര്യ സ്കൂളുകളിൽ മിന്നൽ പരിശോധനയുമായി അധികൃതർ

by Raneesha Razak

ദുബായ് : ദുബായിലെ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തന നിലവാരം വിലയിരുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതവും വഴക്കമുള്ളതുമായ പുതിയ പരിശോധനാ രീതി പ്രഖ്യാപിച്ച് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). പരമ്പരാഗത ഇൻസ്‌പെക്ഷൻ രീതികൾക്ക് പകരം കേവലം 24 മണിക്കൂർ മാത്രം മുൻകൂട്ടി അറിയിച്ച് നടത്തുന്ന സർപ്രൈസ് വിസിറ്റുകളാണ് ഇനിമുതൽ ഉണ്ടാവുക. ഇതിലൂടെ സ്കൂളുകളുടെ സാധാരണ ദിവസങ്ങളിലെ യഥാർത്ഥ അക്കാദമിക് മികവ് നേരിട്ട് മനസ്സിലാക്കാൻ സാധിക്കുമെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ആയിഷ അബ്ദുള്ള മിറാൻ വ്യക്തമാക്കി. അടുത്ത ഏപ്രിൽ മാസത്തോടെ എഡ്യൂക്കേഷൻ കോസ്റ്റ് ഇൻഡക്സ് (ECI) പ്രഖ്യാപിക്കും.
പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നാലും സ്കൂളുകൾക്ക് ഫീസ് വർദ്ധിപ്പിക്കാനുള്ള യോഗ്യത അവരുടെ അവസാനമായി അംഗീകരിച്ച ഇൻസ്‌പെക്ഷൻ റേറ്റിംഗിനെ അടിസ്ഥാനമാക്കി മാത്രമായിരിക്കും നിർണ്ണയിക്കുക. പ്രധാനമായും രണ്ട് തരം വിസിറ്റുകളാണ് സ്കൂളുകളിൽ ഉണ്ടാവുക: റേറ്റിംഗിൽ മാറ്റം വരാൻ സാധ്യതയുള്ള ‘ടോട്ടൽ ക്വാളിറ്റി അഷ്വറൻസ് വിസിറ്റും’ (QA1), മുൻഗണനാ മേഖലകൾ നിരീക്ഷിക്കുന്ന ‘ക്വാളിറ്റി അഷ്വറൻസ് റിവ്യൂ വിസിറ്റും’ (QA2). വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടം, സ്കൂൾ നേതൃത്വം, പഠന ബോധന നിലവാരം, സൗകര്യങ്ങൾ, വിദ്യാർത്ഥികളുടെ സംരക്ഷണം, രക്ഷിതാക്കളുടെ പരാതികൾ എന്നീ ആറ് പ്രധാന സൂചകങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും ഇൻസ്‌പെക്ഷൻ സംഘം വിദ്യാലയങ്ങളിലെത്തുക.

You may also like