ദുബായ് : ദുബായിലെ സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 4,06,000 (4,06,563) കടന്നതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി. പ്രവാസി കുടുംബങ്ങളുടെ ഒഴുക്ക് വർദ്ധിച്ചതോടെ മിതമായ നിരക്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന രണ്ട് അധ്യയന വർഷങ്ങൾക്കുള്ളിൽ 18,000 താങ്ങാനാവുന്ന (Affordable) സ്കൂൾ സീറ്റുകൾ കൂടി നൽകാൻ ലക്ഷ്യമിടുന്നു. 2026-27 അധ്യയന വർഷത്തിൽ മാത്രം 7 പുതിയ സ്കൂളുകളും 17 ഏർലി ചൈൽഡ്ഹുഡ് സെന്ററുകളും തുറന്ന് 17,000-ത്തിലധികം പുതിയ സീറ്റുകൾ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്.
‘എഡ്യൂക്കേഷൻ 33’ തന്ത്രത്തിന്റെ (Education 33 Strategy) ഭാഗമായി, സ്കൂളുകളുടെ ഫീസ് നിരക്കുകൾ മാത്രമല്ല, അവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളും യാത്രാസൗകര്യവും കൂടി പരിഗണിച്ചാണ് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. ജിഎംഎസ് (GEMS) ഗ്രൂപ്പ്, താലീം (Taaleem) തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകൾ ഇടത്തരം ഫീസ് നിരക്കുകളിലുള്ള (Mid-market) കൂടുതൽ സ്കൂളുകൾ ആരംഭിക്കുകയും പുതിയ സീറ്റുകൾ അനുവദിക്കുകയും ചെയ്യുന്നുണ്ട്. മികച്ച അധ്യാപന നിലവാരം, അന്താരാഷ്ട്ര സിലബസ്, വീടുകൾക്ക് സമീപമുള്ള സൗകര്യം എന്നിവ ഉറപ്പാക്കുന്നതിലൂടെ പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതികൾ നൽകുന്നത്.
6