അജ്മാൻ : അജ്മാൻ യൂണിവേഴ്‌സിറ്റിയിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 10,000 കടന്നു. ജിസിസിയിലെ ആദ്യത്തെ സ്വകാര്യ സർവ്വകലാശാലയായി പ്രവർത്തനം ആരംഭിച്ച ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലാണിത്. യുഎഇ നൽകുന്ന മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളിലും ബോധന നിലവാരത്തിലും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള ഉയർന്ന വിശ്വാസമാണ് ഈ റെക്കോർഡ് വളർച്ച പ്രതിഫലിപ്പിക്കുന്നതെന്ന് സർവ്വകലാശാല അധികൃതർ വ്യക്തമാക്കി.
1988-ൽ പ്രവർത്തനം ആരംഭിച്ച അജ്മാൻ യൂണിവേഴ്‌സിറ്റി, പിൽക്കാലത്ത് നോൺ-പ്രോഫിറ്റ് സ്വഭാവത്തിലേക്ക് മാറുകയും ആഗോളതലത്തിൽ ശ്രദ്ധേയമായ അക്കാദമിക് പദവി കൈവരിക്കുകയും ചെയ്തു. ഗുണനിലവാരമുള്ള അധ്യാപനം, ശാസ്ത്രീയ ഗവേഷണങ്ങൾ, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ, വിപണിക്ക് അനുയോജ്യമായ കോഴ്‌സുകൾ എന്നിവയാണ് സർവ്വകലാശാലയുടെ ജനപ്രീതി വർദ്ധിപ്പിച്ചത്. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായെങ്കിലും അക്കാദമിക് നിലവാരവും മികച്ച പിന്തുണയും ഉറപ്പാക്കി പഠനാനുഭവം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.