4
അബുദാബി: ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി അബുദാബി ഗ്ലോബൽ ഫുഡ് വീക്ക് സമാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ബോർഡ് ചെയർമാനുമായ ഹിസ് ഹൈനസ് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്.
മൂന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ 97 കരാറുകളിലായി ആകെ 6.9 ബില്യൺ ദിർഹത്തിന്റെ (Dh6.9 billion) റെക്കോർഡ് വ്യാപാര നേട്ടമാണുണ്ടായത്. കഴിഞ്ഞ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഭക്ഷ്യ-കാർഷിക മേഖലകളിലെ നിക്ഷേപത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള ഏറ്റവും വലിയ വേദിയായി ഗ്ലോബൽ ഫുഡ് വീക്ക് ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു.
മോഡോന്റെ ഉപസ്ഥാപനമായ അഡ്നെക് ഗ്രൂപ്പും (ADNEC Group) അഡാഫ്സയും (ADAFSA) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടാം ഗ്ലോബൽ ഫുഡ് സെക്യൂരിറ്റി ഉച്ചകോടിയും, ഖലീഫ ഇന്റർനാഷണൽ അവാർഡ് ഫോർ ഡേറ്റ് പാം ആൻഡ് അഗ്രികൾച്ചറൽ ഇൻവേഷന്റെ സഹകരണത്തോടെയുള്ള 12-ാമത് അബുദാബി ഈന്തപ്പഴ പ്രദർശനവും (Abu Dhabi Date Palm Exhibition) ഇതോടനുബന്ധിച്ച് നടന്നു.