ഷാർജ : സ്‌കൂൾ ബസുകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഒരൊറ്റ ബട്ടൺ അമർത്തുന്നതിലൂടെ വാഹനത്തിന്റെ കൃത്യമായ ലൊക്കേഷനും വിവരങ്ങളും ഷാർജ പോലീസിലേക്ക് തത്സമയം എത്തിക്കുന്ന നൂതന സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. അപകടങ്ങളോ മറ്റ് അടിയന്തിര സാഹചര്യങ്ങളോ ഉണ്ടായാൽ ബസിലുള്ളവരുമായി വേഗത്തിൽ ബന്ധപ്പെടാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും ഈ സാങ്കേതികവിദ്യ പോലീസിനെ സഹായിക്കും. ഷാർജ പോലീസിന്റെ ‘അമാൻ യാ ബിലാദി’ (Aman Ya Biladi) റേഡിയോ പരിപാടിയിലാണ് ഈ സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കിയത്.
ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) ആവിഷ്കരിച്ച ‘യുവർ ചിൽഡ്രൻ ആർ സേഫ്’ പദ്ധതിയുടെയും ‘മഅ്മൻ’ (Ma’man) പ്ലാറ്റ്‌ഫോമിന്റെയും ഭാഗമായാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സ്കൂൾ യാത്രയ്ക്കിടയിൽ അടിയന്തിര സാഹചര്യമുണ്ടായാൽ കൃത്യമായ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന വലിയ വെല്ലുവിളിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സ്‌കൂളുകളും ഡ്രൈവർമാരും രക്ഷിതാക്കളും പോലീസും ചേർന്നുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
15