4
ദുബായ് : വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും യാത്രാദുരിതം കുറയ്ക്കുന്നതിനും നഗരത്തിലെ ട്രാഫിക് കുരുക്ക് ലഘൂകരിക്കുന്നതിനുമായി സ്കൂൾ സമയങ്ങളിൽ മാറ്റം വരുത്താൻ ദുബായ് സ്കൂളുകൾക്ക് അനുമതി നൽകി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA). മുൻകൂട്ടി അനുമതി നേടുകയാണെങ്കിൽ സ്കൂളുകൾക്ക് സമയക്രമത്തിൽ മാറ്റം വരുത്താമെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ആയിഷ മിറാൻ വ്യക്തമാക്കി. ദുബായിൽ നടന്ന മീഡിയ മജ്ലിസിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത കരിക്കുലങ്ങളും പാഠ്യപദ്ധതിക്ക് പുറമേയുള്ള പ്രവർത്തനങ്ങളും (ECAs) പിന്തുടരുന്നതിനാൽ ദുബായിലെ മുഴുവൻ സ്കൂളുകൾക്കും ഒരേ സമയം നടപ്പിലാക്കാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. വിദ്യാർത്ഥികളുടെ ക്ഷേമവും മാതാപിതാക്കളുടെ പിന്തുണയും ഉറപ്പാക്കുന്ന വിധത്തിലായിരിക്കണം സമയമാറ്റമെന്നും അധികൃതർ നിർദ്ദേശിച്ചു.