ഫുജൈറ : 2026 ജൂൺ 30-ന് സർവീസ് ആരംഭിച്ച ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ യുഎഇയിലെ പ്രവാസികളുടെയും സ്വദേശികളുടെയും ദിനചര്യകളിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുന്നു. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനിലേക്കുള്ള യാത്ര വെറും 1 മണിക്കൂറും 45 മിനിറ്റും (105 മിനിറ്റ്) കൊണ്ട് പൂർത്തിയാക്കാൻ ഇത്തിഹാദ് റെയിലിന് സാധിക്കുന്നുണ്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്.
വാരന്ത്യങ്ങളിലും പ്രവൃത്തിദിനങ്ങളിലും അബുദാബിയിൽ നിന്ന് ഫുജൈറയിലെ വീടുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമാണ് ഈ പുതിയ സംവിധാനം. മണിക്കൂറുകൾ നീളുന്ന ഡ്രൈവിംഗ് ക്ഷീണവും ഗതാഗതക്കുരുക്കും ഒഴിവാക്കി സൗകര്യപ്രദമായി യാത്ര ചെയ്യാൻ ഇത് സഹായിക്കുന്നു. 400 യാത്രക്കാരെ വഹിക്ക ശേഷിയുള്ള ട്രെയിനിൽ സൗജന്യ വൈഫൈ, ചാർജിംഗ് പോർട്ടുകൾ, ലഗേജ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് പ്രാരംഭ ടിക്കറ്റ് നിരക്കുകൾ. 2026 സെപ്റ്റംബറിൽ ദുബായ്, അൽ ദൈദ് എന്നിവിടങ്ങളിലേക്കും ഡിസംബറിൽ അൽ ദഫ്ര, 2027 മാർച്ച് മാസത്തോടെ ഷാർജ എന്നിവിടങ്ങളിലേക്കും ഇത്തിഹാദ് റെയിൽ സർവീസ് വ്യാപിപ്പിക്കും.