ദുബായ് : ഔദ് മേത്ത, അൽ അസായൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ മേൽപ്പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഗതാഗതത്തിനായി തുറന്നു. അൽ ഖൈൽ റോഡിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റ് വഴി അൽ അസായൽ സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്കായി നിർമ്മിച്ച മൂന്ന് വരി മേൽപ്പാലമാണിത്. മണിക്കൂറിൽ 3,600 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ മേൽപ്പാലം തുറന്നതോടെ പദ്ധതി പ്രദേശത്തെ യാത്രാസമയം 20 മിനിറ്റിൽ നിന്ന് വെറും 5 മിനിറ്റായി കുറയും.
നിലവിൽ 90 ശതമാനം പണികളും പൂർത്തിയായ ഈ പദ്ധതി ഓഗസ്റ്റ് അവസാനത്തോടെ പൂർണ്ണമായി സജ്ജമാകും. ഓഗസ്റ്റിൽ രണ്ട് പുതിയ തുരങ്കങ്ങളും (Tunnels) ഒരു പുതിയ മേൽപ്പാലവും കൂടി തുറന്നുകൊടുക്കുമെന്ന് ആർടിഎ വ്യക്തമാക്കി. ഇതോടെ ഔദ് മേത്ത സ്ട്രീറ്റിലെ റോഡ് ശേഷി 50 ശതമാനം വർദ്ധിക്കും. സബീൽ, അൽ ജദ്ദാഫ്, ഔദ് മേത്ത, ഉമ്മു ഹുറൈർ എന്നീ മേഖലകളിലെയും ലത്തീഫ ഹോസ്പിറ്റൽ, അൽ വസൽ ക്ലബ്ബ് എന്നിവിടങ്ങളിലെയും ഗതാഗതക്കുരുക്കിന് ഇത് വലിയ ആശ്വാസമാകും.