ദുബായ് : പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ വാട്ട്സ്ആപ്പ് (WhatsApp) ഗ്രൂപ്പുകളുടെ ഉപയോഗത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി യുഎഇയിലെ വിദ്യാലയങ്ങൾ. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാനും വ്യക്തിപരമായ തർക്കങ്ങളും അനാവശ്യ സന്ദേശങ്ങളും ഒഴിവാക്കാനുമാണ് വിദ്യാലയങ്ങൾ പുതിയ ഗ്രൂപ്പ് പോളിസികൾ നടപ്പിലാക്കുന്നത്.
ഷാർജ ഇന്ത്യൻ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരാണ് ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നത്. രാത്രി 8 മണിക്ക് ശേഷം അടിയന്തിര ഘട്ടങ്ങളിൽ ഒഴികെ സന്ദേശങ്ങൾ അയക്കരുതെന്ന് അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനുപുറമേ, വുഡ്ലെം എഡ്യൂക്കേഷൻ സ്കൂളുകൾ അധ്യാപകർക്കായി പ്രത്യേക ഔദ്യോഗിക സിം കാർഡുകൾ നൽകുകയും ബ്രോഡ്കാസ്റ്റ് ചാനൽ രീതിയിൽ വിവരങ്ങൾ മാത്രം പങ്കുവെക്കുന്നതിനായി ഗ്രൂപ്പുകൾ പരിമിതപ്പെടുത്തുകയും ചെയ്തു. വ്യക്തിപരമായ പരാതികൾ, മാർക്ക്, അധ്യാപകരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ എന്നിവ പൊതുവാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നതിന് നിരോധനമുണ്ട്.
UAE News
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ന്യൂഡൽഹിയിലെത്തി
ന്യൂഡൽഹി : സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പകരമാണ് അദ്ദേഹം യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്നത്.
അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ശൈഖ് ഖലീഫ ബിൻ തഹ്നൂൻ അൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി, വ്യവസായ-അത്യാധുനിക സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘമാണ് കിരീടാവകാശിക്കൊപ്പമുള്ളത്. ന്യൂഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിംഗ് പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
‘റെസിലിയൻസ്, ഇന്നൊവേഷൻ, കോഓപ്പറേഷൻ, സസ്റ്റയിനബിലിറ്റി’ എന്ന പ്രമേയത്തിലാണ് ഇന്ത്യയുടെ അധ്യക്ഷതയിൽ ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തവും വ്യാപാര-ഊർജ്ജ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം ദുബായ് വിമാനത്താവളങ്ങൾ നേരിട്ടത് 111 സുരക്ഷാ മുന്നറിയിപ്പുകളും 17 മിസൈലാക്രമണങ്ങളും
ദുബായ് ഹെൽത്ത്കെയർ സിറ്റിയിൽ 300 കോടി ദിർഹത്തിന്റെ ‘ദുബായ് ക്രീക്ക് ഗാർഡൻസ്’ വരുന്നു
ദുബായ് : ദുബായ് ഹെൽത്ത്കെയർ സിറ്റി ഫേസ് 2-ൽ (DHCC) ഗ്ലോബൽ പാർട്നേഴ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 300 കോടി ദിർഹം (3 Billion AED) ചെലവ് പ്രതീക്ഷിക്കുന്ന ‘ദുബായ് ക്രീക്ക് ഗാർഡൻസ്’ റസിഡൻഷ്യൽ പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ദുബായ് ക്രീക്കിന് അഭിമുഖമായി 1,27,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുങ്ങുന്ന ഈ മാസ്റ്റർ പ്ലാൻഡ് പദ്ധതി, ആരോഗ്യ സംരക്ഷണവും ആധുനിക ജീവിതശൈലിയും കോർത്തിണക്കുന്നതാണ്.
പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതി പ്രദേശത്തിന്റെ 70 ശതമാനവും പൂന്തോട്ടങ്ങൾ, പാർക്കുകൾ, കായിക സൗകര്യങ്ങൾ, വെൽനസ് കേന്ദ്രങ്ങൾ എന്നിവയ്ക്കായി മാറ്റിവെക്കും. മേരിയോട്ട് ഇന്റർനാഷണലുമായി സഹകരിച്ച് യുഎഇയിലെ ആദ്യത്തെ വെസ്റ്റിൻ (Westin), റെനൈസൻസ് (Renaissance) ബ്രാൻഡഡ് വസതികൾ ഉൾപ്പെടെ 1,400-ലധികം വസതികളും റിട്ടെയ്ൽ-ഡൈനിംഗ് കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി നിർമ്മിക്കും. 2030-ൽ നിർമ്മാണം പൂർത്തിയാകാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033, ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ എന്നിവയ്ക്ക് വലിയ പിന്തുണ നൽകും.
അറബ് മീഡിയ സമ്മിറ്റ് 2026: സിനിമാ-ഗെയിമിംഗ് വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകാൻ ദുബായ്
ദുബായ് : അറബ് മീഡിയ സമ്മിറ്റ് 2026-ൽ സിനിമാ, ഗെയിമിംഗ് മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകാൻ ദുബായ് മീഡിയ കൗൺസിൽ തീരുമാനിച്ചു. സെപ്റ്റംബർ 15 മുതൽ 17 വരെ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മീഷന്റെ നേതൃത്വത്തിൽ രണ്ട് പ്രത്യേക ഫോറങ്ങൾ സംഘടിപ്പിക്കും. പ്രാദേശിക, ആഗോള തലത്തിലെ പ്രസാധകർ, നിക്ഷേപകർ, സ്രഷ്ടാക്കൾ എന്നിവരെ ഒരുമിപ്പിച്ച് സിനിമാ-ഗെയിമിംഗ് മേഖലകളിൽ അധിഷ്ഠിതമായ ഒരു സർഗ്ഗാത്മക സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കുകയാണ് ദുബായ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഗെയിംസ് ഫോറം നിക്ഷേപങ്ങൾ, വളർച്ചാ സാദ്ധ്യതകൾ, പുതിയ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ഫിലിംസ് ഫോറം നിർമ്മാണം, സഹനിർമ്മാണം, നിർമ്മിത ബുദ്ധി (AI) എന്നിവ സിനിമാ നിർമ്മാണത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കേന്ദ്രീകരിക്കും. ആഗോള മാധ്യമ രംഗത്തെ 10,000-ത്തിലധികം പ്രമുഖരും 400-ലധികം പ്രഭാഷകരും പങ്കാളികളാകുന്ന ഉച്ചകോടിയിൽ 175-ലേറെ ചർച്ചാ സെഷനുകൾ അരങ്ങേറും. വേഗതയേറിയ സേവനങ്ങളും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് സർഗ്ഗാത്മക ആശയങ്ങൾക്ക് ആഗോള വിപണിയിലേക്ക് ഏറ്റവും എളുപ്പമുള്ള വഴി തുറന്നുകൊടുക്കുകയാണ് ദുബായിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് : ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റിയിലേക്ക് പുതിയ സിഇഒമാരെ നിയമിച്ചു കൊണ്ട് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി. ദുബായ് മുൻസിപ്പാലിറ്റിയിൽ നിന്നുള്ള ആദിൽ അബ്ദുള്ള മുഹമ്മദ് അൽ കരാനിയെ ബയോഡൈവേഴ്സിറ്റി സെക്ടർ സിഇഒ ആയി നിയമിച്ചു (ഉത്തരവ് നമ്പർ 55).
കൂടാതെ ദുബായ് പോലീസിൽ സേവനമനുഷ്ഠിച്ചിരുന്ന അബ്ദുള്ള യൂസഫ് അബ്ദുള്ള അൽ മർസൂഖിയെ കോർപ്പറേറ്റ് സപ്പോർട്ട് സെക്ടർ സിഇഒ ആയും നിയമിച്ചിട്ടുണ്ട് (ഉത്തരവ് നമ്പർ 56). നിയമനങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ദുബായ് : യുഎഇയുടെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ദുബായ് ഓപ്പറ (Dubai Opera) പത്താം വാർഷികത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി 2026-27 സീസണിലെ മികച്ച 20 ഷോകളുടെ വിവരങ്ങൾ പുറത്തുവിട്ടു. ഈ വർഷം സെപ്റ്റംബർ മുതൽ അടുത്ത വർഷം ജനുവരി വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ ഓപ്പറ, ബാലെ, ക്ലാസിക്കൽ സംഗീതം, കോമഡി, നാടകം, അന്താരാഷ്ട്ര സംഗീത കച്ചേരികൾ എന്നിവ അരങ്ങേറും.
സെപ്റ്റംബർ 12-ന് പ്രശസ്ത സോപ്രാനോ ഗായിക ഫാത്മ സയീദ്, യുഎഇ നാഷണൽ ഓർക്കസ്ട്ര എന്നിവർ അണിനിരക്കുന്ന പ്രത്യേക ഗാലാ ഈവന്റോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ലോകപ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ട്രെവർ നോവയുടെ ലൈവ് ഷോ (നവംബർ 25-29), ഐസ് സ്കേറ്റിംഗും ബാലെയും കോർത്തിണക്കിയ ‘സ്വാൻ ലേക്ക് ഓൺ ഐസ്’ (ജനുവരി 14-17), റഷ്യൻ ബോൾഷോയ് തിയേറ്ററിന്റെ (Bolshoi Theatre) പ്രത്യേക അവതരണം (ഡിസംബർ 2-6) എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ ഗോഡ് സേവ് ദി ക്വീൻ, ആമി വൈൻഹൗസ് ബാൻഡ്, ജിപ്സി കിംഗ്സ്, ദുബായ് കോമഡി ഫെസ്റ്റിവൽ എന്നിവയും കലാപ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്.