ദുബായ്: ഫ്രിജ് അൽ മുറാർ മേഖലയിൽ വെച്ച് കുടുംബത്തിൽ നിന്നും കാണാതായ ആറുവയസ്സുകാരിയെ വെറും 30 മിനിറ്റിനുള്ളിൽ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ച് ദുബായ് പോലീസ്. സമീപത്തെ ഗ്രോസറി ഷോപ്പിൽ പിതാവിനൊപ്പം പോയ പെൺകുട്ടി സാധനങ്ങൾ വാങ്ങി ഇറങ്ങുന്നതിനിടെയാണ് കാണാതായത്. കുട്ടി ഫ്ലാറ്റിലേക്ക് തിരികെ പോയിട്ടുണ്ടാകുമെന്ന് കരുതീയെങ്കിലും വീട്ടിൽ അമ്മയുടെ അടുത്ത് എത്തിയിട്ടില്ലെന്ന് മനസ്സിലായതോടെയാണ് കുടുംബം പോലീസിനെ വിവരമറിയിച്ചത്.
കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ നിന്നും സന്ദേശം ലഭിച്ച ഉടൻ നായിഫ് പോലീസ് സ്റ്റേഷൻ പ്രത്യേകം തിരച്ചിൽ സംഘം രൂപീകരിക്കുകയും കുട്ടിയുടെ ചിത്രം പട്രോളിംഗ് ടീമുകൾക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിൽ അടുത്തുള്ള തെരുവിൽ കരയുന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ പോലീസ് ഉദ്യോഗസ്ഥർ സുരക്ഷിതമായി സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നെയിഫ് പോലീസ് സ്റ്റേഷനിലെ വിക്ടിം കമ്മ്യൂണിക്കേഷൻ സെക്ഷന്റെ നേതൃത്വത്തിൽ കുട്ടിക്ക് പരിചരണവും ആശ്വാസവും നൽകിയ ശേഷമാണ് പിതാവിന് കൈമാറിയത്. പൊതുസ്ഥലങ്ങളിലും തിരക്കുള്ള ഇടങ്ങളിലും കൊച്ചുകൂട്ടുകാരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഒറ്റപ്പെട്ടുപോയാൽ പോലീസിനെയോ സുരക്ഷാ ജീവനക്കാരെയോ സമീപിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്നും ദുബായ് പോലീസ് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.