Government
ദുബായ്: കായികമേഖലയിൽ നിരോധിത മരുന്നുകളുടെ ഉപയോഗം തടയുന്നതിനും ശുദ്ധമായ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിപുലമായ ബോധവൽക്കരണ പരിപാടിയുമായി ദുബായ് പോലീസ്. 29 കായിക ഇനങ്ങളിലായി 400 ഓളം ദുബായ് പോലീസ് അത്ലറ്റുകളാണ് ഈ ബോധവൽക്കരണ ദൗത്യത്തിൽ പങ്കാളികളാകുന്നത്. കായികതാരങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം നിരോധിത മരുന്നുകളുടെയും പാർശ്വഫലങ്ങളുണ്ടാക്കുന്ന കായിക സപ്ലിമെന്റുകളുടെയും അപകടങ്ങളെക്കുറിച്ച് സഹതാരങ്ങൾക്കും പൊതുസമൂഹത്തിനും ഇടയിൽ ബോധവൽക്കരണം നൽകുന്ന അംബാസഡർമാരായി ഇവർ പ്രവർത്തിക്കുമെന്ന് ദുബായ് പോലീസ് സ്പോർട്സ് ഇന്റഗ്രേഷൻ കൗൺസിൽ അംഗം ലെഫ്റ്റനന്റ് കേണൽ സേലം ബിൻ ഘലൈത്ത വ്യക്തമാക്കി.
സെപ്റ്റംബർ 17-ന് ആരംഭിക്കുന്ന ‘ഇന്റർനാഷണൽ ഫോറം ഓൺ കോംബാറ്റിംഗ് ഡൂപ്പിംഗ് ഇൻ സ്പോർട്സ്’ ഉച്ചകോടിയോട് അനുബന്ധിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ദുബായ് സ്പോർട്സ് കൗൺസിൽ, യുഎഇ നാഷണൽ ആന്റി ദോപ്പിംഗ് ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ കായിക സീസണിന്റെ തുടക്കത്തിൽ തന്നെ ബോധവൽക്കരണം സംഘടിപ്പിക്കുന്നത്. ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ (WADA) പുതിയ മാനദണ്ഡങ്ങൾ, അനുമതിയില്ലാത്ത സപ്ലിമെന്റുകളുടെ അപകടങ്ങൾ എന്നിവയെക്കുറിച്ച് ദുബായിലെ വിവിധ കായിക ക്ലബ്ബുകളിലെ കായികതാരങ്ങളെ വ്യക്തമായി ധരിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
ദുബായ്: പകൽസമയങ്ങളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനുമായി രാത്രികാല റോഡ് അറ്റകുറ്റപ്പണികൾ ശക്തമാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). വാഹ തിരക്ക് കുറഞ്ഞ രാത്രി സമയങ്ങൾ പ്രയോജനപ്പെടുത്തിയാണ് റോഡുകളുടെ പ്രതിരോധവും പരിഹാരവുമായ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൃത്യമായ വിലയിരുത്തലുകളിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ അറ്റകുറ്റപ്പണി പദ്ധതികളിലൂടെയും ദുബായിലെ റോഡ് ശൃംഖലയിൽ 95 ശതമാനവും മികച്ച റേറ്റിംഗ് നിലനിർത്താൻ സാധിച്ചിട്ടുണ്ടെന്ന് ആർടിഎ വ്യക്തമാക്കി.
റോഡ് ഉപരിതലം റീ-ലാമിനേറ്റ് ചെയ്യൽ, പാലങ്ങൾ, ടണലുകൾ, മഴവെള്ള ഓടകൾ, സ്ട്രീറ്റ് ലൈറ്റുകൾ, ട്രാഫിക് സിഗ്നലുകൾ, സുരക്ഷാ ബാരിയറുകൾ എന്നിവയുടെ അറ്റകുറ്റപ്പണികളാണ് പ്രധാനമായും രാത്രികാലങ്ങളിൽ നടക്കുന്നത്. 2026-ലെ മുൻകരുതൽ പരിപാലന പദ്ധതി പ്രകാരം ജൂൺ ആദ്യത്തോടെ 9 പ്രധാന റോഡുകളിലും 6 മേഖലകളിലുമായി 17 കിലോമീറ്റർ റോഡ് ഉപരിതലം പുനരുദ്ധരിച്ചു. മുൻവർഷത്തെ 88,000 ചതുരശ്ര മീറ്ററിന് പകരം ഈ വർഷം 90,000 ചതുരശ്ര മീറ്റർ നടപ്പാതകളുടെ പരിപാലനമാണ് ആർടിഎ ലക്ഷ്യമിടുന്നത്. കൃത്യമായ ട്രാഫിക് മാനേജ്മെന്റിലൂടെ രാവിലത്തെ തിരക്കിന് മുൻപ് എല്ലാ ലൈനുകളും ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്.
ദുബായ്: പുതിയ അക്കാദമിക് വർഷത്തിന്റെ (2026-2027) ആരംഭത്തോടെ വിദ്യാർത്ഥികളിൽ സുരക്ഷാ ബോധവൽക്കരണം ശക്തമാക്കുന്നതിനായി സ്കൂളുകളിൽ സന്ദർശനം നടത്തി ദുബായ് പോലീസ്. ‘സ്കൂൾ സെക്യൂരിറ്റി’ മുൻകൈയുടെ ഭാഗമായി വിവിധ പോലീസ് സ്റ്റേഷൻ ഡയറക്ടർമാരുടെയും ഡെപ്യൂട്ടിമാരുടെയും നേതൃത്വത്തിലാണ് എമിറേറ്റിലെ വ്യത്യസ്ത അന്താരാഷ്ട്ര സ്കൂളുകളിലേക്ക് പ്രത്യേക സംഘങ്ങളെത്തിയത്. പരമ്പരാഗത ബോധവൽക്കരണ രീതികൾക്കപ്പുറം പോലീസുകാരും വിദ്യാർത്ഥികളും തമ്മിൽ നേരിട്ട് സംവദിക്കാനും, നിയമപാലനത്തെക്കുറിച്ചും വ്യക്തിഗത സുരക്ഷയെക്കുറിച്ചും കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാനും ഈ സന്ദർശനങ്ങൾ അവസരമൊരുക്കി.
സ്കൂൾ ക്യാമ്പസുകളിലെയും പുറത്തെയും സുരക്ഷിതമായ പെരുമാറ്റരീതികൾ, റോഡ് സുരക്ഷ, ട്രാഫിക് നിയമങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി വിശദമായി സംസാരിച്ചു. ഇതിന് പുറമെ സ്കൂളുകൾ തുറക്കുന്നതും അടയ്ക്കുന്നതുമായ സമയങ്ങളിൽ ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയവുമായും സ്കൂൾ മാനേജ്മെന്റുകളുമായും ചേർന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
ഭരണനിർവ്വഹണത്തിന് എഐ റോബോട്ടുകൾ; സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി ദുബായ് പോലീസ്
ദുബായ്: ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ഭരണപരവും പ്രവർത്തനപരവുമായ ചുമതലകൾക്കായി 36 റോബോട്ടുകളെ വിന്യസിച്ച് ദുബായ് പോലീസ്. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറിയുടെ വാർഷിക അവലോകന യോഗത്തിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ പൂർത്തിയാക്കിയ 104 സാങ്കേതിക പദ്ധതികളുടെയും ഡിജിറ്റൽ നവീകരണത്തിന്റെയും വിവരങ്ങൾ വ്യക്തമാക്കിയത്.
റോബോട്ടുകളുടെ വിന്യാസത്തിലൂടെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും സങ്കീർണ്ണമായ മറ്റ് മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു. ജനങ്ങൾക്കുള്ള ഡിജിറ്റൽ സേവനങ്ങളുടെ തുടർച്ചയിൽ 99.97 ശതമാനവും സിസ്റ്റം പ്രവർത്തനങ്ങളിൽ 99.92 ശതമാനവും കൃത്യത നിലനിർത്താൻ സേനയ്ക്ക് സാധിച്ചിട്ടുണ്ട്. സ്മാർട്ട് പോലീസ് സ്റ്റേഷനുകളിലെ (SPS) സ്മാർട്ട് അസിസ്റ്റന്റ്, വിവര ശേഖരണത്തിനായുള്ള എഐ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ഭാവി സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സജ്ജമായ അത്യാധുനിക സംവിധാനങ്ങളാണ് ദുബായ് പോലീസ് ഒരുക്കിയിരിക്കുന്നത്.
അബുദാബി: സ്വകാര്യ സ്കൂളിൽ പഠിക്കുന്ന മക്കളുടെ ട്യൂഷൻ ഫീസ് കുടിശ്ശിക വരുത്തിയ പിതാവിനോട് 1,97,680 ദിർഹം സ്കൂൾ അധികൃതർക്ക് നൽകാൻ അബുദാബി കൊമേഴ്സ്യൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു. കുടിശ്ശിക തീർപ്പാക്കാൻ നൽകിയ 1,42,800 ദിർഹത്തിന്റെ ചെക്ക് മടങ്ങാൻ ഇടയായ സാഹചര്യത്തിൽ ചെക്ക് ഉടമയായ സ്ത്രീയും പിതാവിനോടൊപ്പം തുക അടയ്ക്കാൻ കൂട്ടായി ബാധ്യസ്ഥരാണെന്ന് കോടതി വിധിച്ചു. കൂടാതെ, സ്കൂളിന് ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരമായി 3,000 ദിർഹവും കോടതിച്ചെലവുകളും നൽകാനും ഉത്തരവിലുണ്ട്.
മക്കളെ സ്കൂളിൽ ചേർത്ത ശേഷം ഫീസ് അടയ്ക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് സ്വകാര്യ സ്കൂൾ മാനേജ്മെന്റ് സിവിൽ കേസ് ഫയൽ ചെയ്തത്. ഫീസ് കുടിശ്ശിക നൽകാനായി നൽകിയ ബാങ്ക് ചെക്ക് പണമാക്കാൻ സാധിക്കാത്ത തരത്തിൽ നൽകിയതാണ് തിരിച്ചടിയായത്. തനിക്ക് തർക്കവുമായി ബന്ധമില്ലെന്ന സ്ത്രീയുടെ വാദം തള്ളിയ കോടതി, അവരുടെ അക്കൗണ്ടിൽ നിന്നാണ് സ്കൂളിന്റെ പേരിൽ ചെക്ക് നൽകിയതെന്നും ഇത് അടച്ചുതീർത്തതായി തെളിവില്ലെന്നും വ്യക്തമാക്കി. ഫീസ് അടച്ചതായി തെളിയിക്കാൻ പിതാവിനും സാധിക്കാത്ത സാഹചര്യത്തിലാണ് സ്കൂളിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചത്.
ഷാർജയിൽ 22 പേരുടെ ജീവനെടുത്ത കാറപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്
ഷാർജ: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ തിരിയുന്നത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പോലീസ്. 2025-ൽ ഷാർജയിലുണ്ടായ 33 റോഡപകട മരണങ്ങളിൽ 22 എണ്ണത്തിനും കാരണം ഡ്രൈവർമാരുടെ ശ്രദ്ധക്കുറവാണെന്ന് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. ആകെ റോഡപകട മരണങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും ഇത്തരത്തിലാണ് സംഭവിച്ചിരിക്കുന്നത്. അപകടങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് ശക്തമായ മുന്നറിയിപ്പുമായി ബോധവൽക്കരണ പ്രചാരണം നടത്തുകയാണ് ഷാർജ പോലീസ്.
രാത്രികാലത്ത് അതിവേഗത്തിലെത്തിയ സെഡാൻ കാർ കൺട്രോൾ തെറ്റി ട്രാഫിക് ഐലന്റിലേക്കും ബോർഡിലേക്കും ഇടിച്ചുകയറുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പോയിന്റ് ബ്ലാങ്കിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് പ്രധാന പാതയുടെ നടുവിലാണ് ചെന്നുനിന്നത്. 2025-ൽ മാത്രം ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ് മൂലം 360 അപകടങ്ങളാണ് ഷാർജയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 22 മരണങ്ങൾക്ക് പുറമെ 49 ഗുരുതര പരിക്കുകൾ ഉൾപ്പെടെ 338 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, നാവിഗേഷൻ സ്ക്രീനുകളിലെ ശ്രദ്ധ, വണ്ടിയിലെ മറ്റ് നിയന്ത്രണങ്ങളിൽ ഏർപ്പെടൽ എന്നിവയാണ് പ്രധാനമായും ശ്രദ്ധ തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പോലീസ്, ഗതാഗത നിയമങ്ങൾ പാലിക്കാനും റോഡിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടു.
ദുബായ്: തൊഴിൽ മേഖലയിൽ പ്രവാസി, സ്വദേശി വനിതകളുടെ പ്രാതിനിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുടുംബ ജീവിതവും ഔദ്യോഗിക ജീവിതവും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി നിർണ്ണായക അഞ്ച് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ഫെഡറൽ നാഷണൽ കൗൺസിൽ (FNC). എഫ്എൻസിയുടെ സോഷ്യൽ അഫയേഴ്സ്, ലേബർ, പോപ്പുലേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സസ് സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് തൊഴിലെടുക്കുന്ന അമ്മമാർക്ക് ആശ്വാസമാകുന്ന ശുപാർശകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ജോലിഭാരവും കുടുംബത്തോടൊപ്പമുള്ള സമയക്കുറവും കാരണം അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനും കുടുംബ ഭദ്രത ഉറപ്പാക്കാനുമാണ് പുതിയ നയരൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പൊതുമേഖലയിലെ പ്രസവാവധി പൂർണ്ണ ശമ്പളത്തോടെ 98 ദിവസമായി ദീർഘിപ്പിക്കുക, ഫ്ലെക്സിബിൾ അല്ലെങ്കിൽ വർക്ക് ഫ്രം ഹോം രീതികൾക്കായി ഏകോപിപ്പിച്ച ദേശീയ മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ അമ്മമാർ, ഗർഭിണികൾ, നിശ്ചയദാർഢ്യമുള്ളവർ എന്നിവർക്ക് ജോലിയിൽ പ്രത്യേക മുൻഗണന നൽകാനും നിർദ്ദേശമുണ്ട്. കൂടാതെ സ്ഥാപനങ്ങളിൽ നഴ്സറികൾ നിർബന്ധമാക്കുക, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ കുടുംബ സൗഹൃദ നയങ്ങൾ നടപ്പിലാക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഇളവുകളും മുൻഗണനകളും നൽകുന്ന പുതിയ ദേശീയ പദ്ധതി ആരംഭിക്കുക എന്നീ ശുപാർശകളും പാർലമെന്ററി റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.