അബുദാബി : പ്രമുഖ നിർമ്മാണ സാമഗ്ര വിതരണ കമ്പനിയായ അബുദാബി നാഷണൽ കമ്പനി ഫോർ ബിൽഡിംഗ് മെറ്റീരിയൽസിനെതിരെ (BILDCO) സമർപ്പിക്കപ്പെട്ട 3.3 കോടി (33 മില്യൺ) ദിർഹത്തിന്റെ നഷ്ടപരിഹാരക്കേസ് അബുദാബി കൊമേഴ്സ്യൽ കോടതി തള്ളി. കേസിൽ ആവശ്യമായ നിയമപരമായ തെളിവുകളോ അടിസ്ഥാനങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പരാതിക്കാരനായ വ്യവസായിയിൽ നിന്ന് കേസിന്റെ ചെലവുകളും അഭിഭാഷക ഫീസും ഈടാക്കാനും കോടതി ഉത്തരവിട്ടു. കോടതി വിധി തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്നും കമ്പനിയുടെ നിയമപരമായ നിലപാടുകൾ ശരിവെക്കുന്നതാണെന്നും അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (ADX) നൽകിയ വിശദീകരണത്തിൽ ബിൾഡ്കോ വ്യക്തമാക്കി.
Government
ഷാർജ : ഷാർജയിലെ സുരക്ഷയും പോലീസിംഗ് സേവനങ്ങളുടെ ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി 130 പുതിയ വാഹനങ്ങൾ കൂടി തങ്ങളുടെ ഫ്ലീറ്റിലേക്ക് കൂട്ടിചേർത്ത് ഷാർജ പോലീസ്. ഫീൽഡ് പ്രെസൻസ് ശക്തമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത കൂട്ടാനും ഏത് അടിയന്തര സാഹചര്യങ്ങളിലും വേഗത്തിൽ പ്രതികരിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
സ്മാർട്ട് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും സുരക്ഷാ മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ വാഹനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളിലും ഉപകരണങ്ങളിലും നിക്ഷേപം നടത്തി പോലീസ് സേനയുടെ സർവ്വ സജ്ജത ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിസോഴ്സസ് ആൻഡ് സപ്പോർട്ട് സർവീസസ് ഡയറക്ടർ ജനറൽ മേജർ ജനറൽ വ്യക്തമാക്കി.
അബുദാബി : യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MOHRE) വിവിധ സേവന ഫീസുകളും പിഴകളും ഇനി ‘ടാബി’ (Tabby) വഴി ഗഡുക്കളായി (Instalments) അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. 20,000 ദിർഹം വരെയുള്ള ഇടപാടുകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മൊഹ്റെയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ തുക 4 മുതൽ 12 മാസത്തെ ത തവണകളായി അടച്ചുതീർക്കാം. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പേയ്മെന്റ് ഓപ്ഷനുകൾ നൽകുന്നതിനും ഡിജിറ്റൽ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ പങ്കാളിത്തമെന്ന് മൊഹ്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് സഖർ അൽ നുഐമി വ്യക്തമാക്കി.
ദുബായ് : 2026-ന്റെ രണ്ടാം പാദത്തിൽ ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (Command-and-Control Centre) വഴി 13 ലക്ഷത്തിലധികം (1.3 million) കോളുകൾ കൈകാര്യം ചെയ്തതായി അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലെ മികച്ച പ്രതികരണ ശേഷിയും പ്രവർത്തനക്ഷമതയും കൈവരിച്ച് സേവന നിലവാരത്തിൽ ദുബായ് പോലീസ് വീണ്ടും ആഗോളതലത്തിൽ മുന്നിലെത്തി.
ലഭിച്ച അടിയന്തര കോളുകളിൽ 99.8 ശതമാനവും വെറും 10 സെക്കൻഡിനുള്ളിൽ അറ്റൻഡ് ചെയ്യാൻ സാധിച്ചു. 97 ശതമാനം ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് ഈ മികച്ച നേട്ടം. കൂടാതെ സ്റ്റേഷൻ പരിധികളിൽ പോലീസിന്റെ പട്രോളിംഗ് സാന്നിധ്യം 98.8 ശതമാനം ഉറപ്പാക്കാനും സാധിച്ചു. എ.ഐ (Artificial Intelligence) സാങ്കേതികവിദ്യ പോലീസ് പ്രവർത്തനങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുത്തിക്കൊണ്ട് തീരുമാനങ്ങൾ വേഗത്തിലാക്കാനും സുരക്ഷ വർദ്ധിപ്പിക്കാനുമാണ് ദുബായ് പോലീസ് ലക്ഷ്യമിടുന്നത്.
വൺസ് സെറ്റിൽഡ്, ഓൾവേസ് സെറ്റിൽഡ്! ഒത്തുതീർപ്പ് കരാറുകളിൽ ഇനി നോ അപ്പീൽ എന്ന് ദുബായ് കോടതി
ദുബായ് : കേസ് നടക്കുമ്പോൾ മുസ്ലീം ദമ്പതികൾ തമ്മിൽ കോടതിയിൽ വെച്ച് ഉണ്ടാക്കുന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ പിന്നീട് ഉയർന്ന കോടതികളിൽ ചോദ്യം ചെയ്യാനാവില്ലെന്ന് ദുബായ് കോർട്ട് ഓഫ് കസേഷൻ വിധി പ്രസ്താവിച്ചു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലോ അപ്പീൽ കോടതിയിലോ വെച്ച് ഇരുവിഭാഗവും എത്തിച്ചേരുന്ന ധാരണകൾ മിനിറ്റ്സിൽ രേഖപ്പെടുത്തി എക്സിക്യൂട്ടീവ് ഓർഡർ ആയി മാറിയാൽ, അത് അന്തിമവും നിർബന്ധമായും നടപ്പിലാക്കേണ്ടതുമാണെന്ന് കോടതി വ്യക്തമാക്കി.
ഭർത്താവ് നൽകിയ വിവാഹമോചന കേസിൽ 1,25,000 ദിർഹത്തിന് ഭാര്യയുമായി ഒത്തുതീർപ്പിലെത്തിയ ശേഷം, തനിക്ക് ഭാഷ മനസ്സിലായില്ലെന്ന കാരണം പറഞ്ഞ് ഭർത്താവ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ദുബായ് ഉയർന്ന കോടതി നിർണ്ണായക നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക മിനിറ്റ്സിന്റെ ഭാഗമാകുന്ന ഇത്തരത്തിലുള്ള കരാറുകൾ ഒരു ജുഡീഷ്യൽ വിധി അല്ലാത്തതിനാൽ അതിനെതിരെ അപ്പീൽ ഹർജിയോ കസേഷൻ ഹർജിയോ സമർപ്പിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തീപിടുത്തമുണ്ടായാൽ ട്രാഫിക്കിൽ കുടുങ്ങാതെ വേഗത്തിലെത്താൻ ‘ഫയർ ബൈക്കുമായി’ ഷാർജ സിവിൽ ഡിഫൻസ്
ഷാർജ : അടിയന്തര ഘട്ടങ്ങളിൽ ട്രാഫിക് കുരുക്കുകൾ മറികടന്ന് തീപിടുത്ത സ്ഥലങ്ങളിൽ വേഗത്തിലെത്താൻ പുതിയ ‘ഫയർഫൈറ്റിംഗ് മോട്ടോർസൈക്കിളുകൾ’ (Firefighting Motorcycles) അവതരിപ്പിച്ച് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. പ്രധാന ഫയർ എഞ്ചിനുകളും സജ്ജീകരണങ്ങളും സ്ഥലത്തെത്തുന്നതുവരെ പ്രാഥമിക തീയണയ്ക്കൽ നടപടികൾ സ്വീകരിക്കാൻ ഈ ബൈക്കുകൾക്ക് കഴിയും.
വേനൽക്കാലത്ത് വൈദ്യുതി ലോഡ്, എയർകണ്ടീഷണറുകളുടെ അമിത ഉപയോഗം എന്നിവ മൂലം തീപിടുത്ത സാധ്യത വർദ്ധിക്കാറുണ്ട്. ഇത്തരം സമയങ്ങളിൽ സംഭവസ്ഥലത്തേക്കുള്ള റെസ്പോൺസ് ടൈം (Response Time) ഗണ്യമായി കുറയ്ക്കാൻ ഈ പുതിയ വാഹനങ്ങൾ സഹായിക്കും. അതോടൊപ്പം, കെട്ടിടങ്ങളിൽ കൂടുതൽ തീപിടുത്തങ്ങൾ ഉണ്ടാകാതിരിക്കാൻ എ.ഐ സാങ്കേതികവിദ്യയും ഫയർപ്രൂഫ് ക്ലാഡിംഗുകളും ഉപയോഗിച്ച് വലിയ സുരക്ഷാ നവീകരണങ്ങളാണ് ഷാർജയിൽ നടന്നുവരുന്നത്.
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ താൽക്കാലികമായി സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി
ഇന്ത്യ : യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കലും മറ്റ് കോൺസുലാർ സേവനങ്ങളും ഇനി വേഗത്തിലാകും. കരാർ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ ഈ സേവനങ്ങൾ താൽക്കാലികമായി സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ ഇന്ത്യൻ സുപ്രീം കോടതി അനുമതി നൽകി. യുഎഇ, കുവൈറ്റ്, സിംഗപ്പൂർ, കാൻബറ (ഓസ്ട്രേലിയ) എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകൾക്കാണ് പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താൻ കോടതി അനുമതി നൽകിയത്.
ഇതോടെ അബുദാബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈയിലെ കോൺസുലേറ്റിനും താൽപ്പര്യമുണ്ടെങ്കിൽ, മുൻപ് കരാർ ലഭിച്ചിരുന്ന ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസി’നെ താൽക്കാലികമായി ഈ സേവനങ്ങൾക്കായി വീണ്ടും ചുമതലപ്പെടുത്താം. നാല് വിദേശ ഇന്ത്യൻ മിഷനുകളിലെ കോൺസുലാർ, പാസ്പോർട്ട്, വിസ (CPV) സേവനങ്ങളുടെ ടെൻഡർ നടപടികൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ ദശലക്ഷക്കണക്കിന് പ്രവാസികളുടെ പാസ്പോർട്ട്, വിസ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ കോടതി താൽക്കാലിക ഇളവ് അനുവദിക്കുകയായിരുന്നു.
മുൻപ് ടെൻഡറിൽ ഒന്നാമതെത്തിയ (L-1) കരാറുകാരുടെ പ്രവർത്തനം തൃപ്തികരമാണെങ്കിൽ അവരെയോ, അല്ലെങ്കിൽ ഉചിതമായ മറ്റൊരു ഏജൻസിയെയോ താൽക്കാലിക കാലയളവിലേക്ക് വിദേശകാര്യ മന്ത്രാലയത്തിന് നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ ക്രമീകരണം തികച്ചും താൽക്കാലികം മാത്രമായിരിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.
അബുദാബി : ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐക്യ അറബ് എമിറേറ്റ്സ് . ഈ ആക്രമണങ്ങൾ മൂന്ന് രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ വ്യക്തമാക്കി.
ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ സഹോദര രാജ്യങ്ങൾക്ക് യുഎഇയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച മന്ത്രാലയം, അവയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികൾക്കും പിന്തുണ നൽകുമെന്നും അറിയിച്ചു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളിൽ യുഎഇ ഉറച്ചുനിൽക്കുമെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലുള്ള (UAE) പാകിസ്താൻ പൗരന്മാർക്കായി ആരംഭിക്കാനിരുന്ന ഇ-പാസ്പോർട്ട് സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി യുഎഇയിലെ പാകിസ്താൻ എംബസി അറിയിച്ചു. സാങ്കേതികവും ഭരണപരവുമായ അപ്രതീക്ഷിത കാരണങ്ങളാലാണ് 2026 ജൂലൈ 20 മുതൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ഇ-പാസ്പോർട്ട് വിതരണം താൽക്കാലികമായി നിർത്തിവെച്ചത്. പുതുക്കിയ തീയതി പ്രഖ്യാപിക്കുന്നത് വരെ ഇ-പാസ്പോർട്ട് വിഭാഗത്തിന് കീഴിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതും പ്രൊസസ്സ് ചെയ്യുന്നതും നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, നിലവിലുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് (MRP) സേവനങ്ങളെ ഈ താമസം ബാധിക്കില്ലെന്നും അവയുടെ അപേക്ഷകളും പുതുക്കലുകളും തടസ്സമില്ലാതെ തുടരുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇ-പാസ്പോർട്ട് സേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പുതിയ തീയതി പിന്നീട് ഔദ്യോഗിക വെബ്സൈറ്റ് വഴിയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വ്യാജ ഐഫോൺ വിൽപ്പനയിലൂടെ 6.92 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ പ്രതിക്ക് ജയിൽശിക്ഷ
ഷാർജ : വ്യാജ ഹോൾസെയിൽ ഐഫോൺ ഇടപാടിലൂടെ അറബ് സ്വദേശിയായ വ്യവസായിൽ നിന്ന് 6,92,000 ദിർഹം (ഏകദേശം 1.5 കോടിയിലധികം രൂപ) തട്ടിയെടുത്ത കേസിൽ പ്രതിക്ക് ഷാർജ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. പണം കൈപ്പറ്റിയ ശേഷം ഫോണുകൾ നൽകാതെ വഞ്ചിച്ചതിനാണ് ജൂലൈ 16-ന് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി കേസ് സിവിൽ കോടതിയിലേക്ക് റഫർ ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
തനിക്ക് മൊബൈൽ ഫോൺ വ്യാപാരമുണ്ടെന്നും 160 ഐഫോൺ 17 പ്രോ മാക്സ് ഫോണുകൾ നൽകാമെന്നും വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്. ഷാർജ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ എമിറേറ്റ്സ് പോസ്റ്റിന് സമീപം വെച്ച് ലാപ്ടോപ്പ് ബാഗിലാക്കി കൊണ്ടുവന്ന പണം കൈപ്പറ്റിയ ശേഷം, ഫോണുകൾ എടുത്തു വരാമെന്ന് പറഞ്ഞ് പ്രതി മുങ്ങുകയായിരുന്നു. പിന്നീട് പണം മാറ്റുന്നതിനായി വാട്സ്ആപ്പിലൂടെ തെറ്റായ ലൊക്കേഷൻ അയച്ചു നൽകി ഇയാൾ ഇരയെ പറ്റിക്കുകയും ചെയ്തു. എന്നാൽ പ്രതിക്ക് ലൈസൻസുള്ള കടയോ ആവശ്യമായ ഫോണുകളോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതൊരു സാധാരണ ബിസിനസ്സ് തർക്കമല്ലെന്നും ആസൂത്രിതമായ സാമ്പത്തിക തട്ടിപ്പാണെന്നും കോടതി നിരീക്ഷിച്ചു.