അബുദാബി : മൃഗസംരക്ഷണ, പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് ഈ വർഷത്തെ ആദ്യ പകുതിയിൽ രാജ്യത്തുടനീളമുള്ള 31 പെറ്റ് ഷോപ്പുകൾ, പക്ഷി-മൃഗ വിപണികൾ, സസ്യ നഴ്‌സറികൾ എന്നിവയുടെ പ്രവർത്തനം യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അവസാനിപ്പിച്ചു. തദ്ദേശീയ ഭരണകൂടങ്ങളുമായി സഹകരിച്ച് 269 സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക പരിശോധനയ്ക്ക് ശേഷമാണ് നടപടി. നിയമലംഘനം കണ്ടെത്തിയ 104 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്തപ്പോൾ, 45 സ്ഥാപനങ്ങൾക്ക് തിരുത്തലുകൾ വരുത്താൻ മുന്നറിയിപ്പ് നൽകി. മറ്റ് 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിയമപരമായ ആവശ്യകതകൾ പൂർത്തിയാക്കുന്നത് വരെ താത്കാലികമായി തടഞ്ഞു.
കൃത്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെയും കടുത്ത നടപടിയാണ് സ്വീകരിച്ചത്. ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ സാവകാശം നൽകിയ ശേഷമാണ് മന്ത്രാലയം തുടർനടപടികളിലേക്ക് കടന്നത്. വന്യജീവികളുടെ അനധികൃത വിൽപ്പന തടയുന്നതിനും മൃഗക്ഷേമം ഉറപ്പാക്കുന്നതിനുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും നിയമവിരുദ്ധമായി ജീവികളെയും സസ്യങ്ങളെയും പ്രൊമോട്ട് ചെയ്യുന്ന അക്കൗണ്ടുകൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
5