ദുബായ് : പ്രാരംഭ ഘട്ടത്തിൽ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാതെ വൃക്കകളെ ഗുരുതരമായി ബാധിക്കുന്ന വിട്ടുമാറാത്ത വൃക്കരോഗങ്ങൾ (Chronic Kidney Disease) യുഎഇയിൽ വർദ്ധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗം വൻതോതിൽ പ്രകടനമാകുന്ന ഘട്ടത്തിൽ മാത്രമാണ് പലരും ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നതെന്ന് ആസ്റ്റർ മൻഖൂൾ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. ജോൺ ചെറിയാനും ബുർജീൽ മെഡിക്കൽ സിറ്റിയിലെ ട്രാൻസ്പ്ലാന്റ് വിഭാഗം വിദഗ്ധൻ ഡോ. ഉമർ മഖ്ബൂലും വ്യക്തമാക്കി.
പ്രധാനമായും ടൈപ്പ്-2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം (Hypertension), അമിതവണ്ണം എന്നിവയുള്ളവരിലാണ് വൃക്കരോഗ സാധ്യത കൂടുതൽ. മുൻകാലങ്ങളിൽ പ്രായമായവരിലാണ് ഈ രോഗം കണ്ടിരുന്നതെങ്കിൽ, നിലവിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും ഇത് വ്യാപകമായി കണ്ടുവരുന്നുണ്ട്. മൂത്രത്തിൽ പത വരിക, ശരീരത്തിലോ മുഖത്തോ വീക്കം ഉണ്ടാവുക, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക, തളർച്ച, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗം നേരത്തെ തിരിച്ചറിയാൻ GFR (Glomerular Filtration Rate), അൽബുമിൻ-ക്രിയേറ്റിനിൻ അനുപാതം പരിശോധിക്കുന്ന Urine ACR എന്നീ രണ്ട് ലളിതമായ പരിശോധനകൾ നടത്താമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. സ്വയം ചികിത്സയും പെയിൻ കില്ലറുകളുടെ അമിത ഉപയോഗവും ഒഴിവാക്കി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നത് ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ വരെയുള്ള അവസ്ഥ തടയാൻ സഹായിക്കും.
Raneesha Razak
സ്കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് കർശന നിയന്ത്രണങ്ങളുമായി യുഎഇയിലെ വിദ്യാലയങ്ങൾ
ദുബായ് : പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ വാട്ട്സ്ആപ്പ് (WhatsApp) ഗ്രൂപ്പുകളുടെ ഉപയോഗത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി യുഎഇയിലെ വിദ്യാലയങ്ങൾ. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാനും വ്യക്തിപരമായ തർക്കങ്ങളും അനാവശ്യ സന്ദേശങ്ങളും ഒഴിവാക്കാനുമാണ് വിദ്യാലയങ്ങൾ പുതിയ ഗ്രൂപ്പ് പോളിസികൾ നടപ്പിലാക്കുന്നത്.
ഷാർജ ഇന്ത്യൻ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരാണ് ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നത്. രാത്രി 8 മണിക്ക് ശേഷം അടിയന്തിര ഘട്ടങ്ങളിൽ ഒഴികെ സന്ദേശങ്ങൾ അയക്കരുതെന്ന് അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനുപുറമേ, വുഡ്ലെം എഡ്യൂക്കേഷൻ സ്കൂളുകൾ അധ്യാപകർക്കായി പ്രത്യേക ഔദ്യോഗിക സിം കാർഡുകൾ നൽകുകയും ബ്രോഡ്കാസ്റ്റ് ചാനൽ രീതിയിൽ വിവരങ്ങൾ മാത്രം പങ്കുവെക്കുന്നതിനായി ഗ്രൂപ്പുകൾ പരിമിതപ്പെടുത്തുകയും ചെയ്തു. വ്യക്തിപരമായ പരാതികൾ, മാർക്ക്, അധ്യാപകരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ എന്നിവ പൊതുവാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നതിന് നിരോധനമുണ്ട്.
അബുദാബി : യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ അവകാശങ്ങളും ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ട് തുടങ്ങിയവ സംബന്ധിച്ച നിബന്ധനകളും ഉൾപ്പെടുത്തി പാസഞ്ചർ ചാർട്ടർ പുറപ്പെടുവിച്ചു. സ്വന്തം വീഴ്ച മൂലമോ വൈകിയെത്തുന്നതുകൊണ്ടോ ട്രെയിൻ നഷ്ടമായാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ലെന്ന് ഇത്തിഹാദ് റെയിൽ വ്യക്തമാക്കി.
ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് 20 മിനിറ്റ് മുമ്പെങ്കിലും യാത്രക്കാർ സ്റ്റേഷനിൽ എത്തുവാൻ നിർദ്ദേശമുണ്ട്. പുറപ്പെടുന്നതിന് രണ്ട് മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റുകൾ അടയ്ക്കുന്നതിനാൽ അതിനുശേഷമെത്തുന്നവർക്ക് പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം അനുവദിക്കില്ല. ടിക്കറ്റ് റദ്ദാക്കാതെ യാത്ര ചെയ്യാതിരുന്നാൽ അത് ‘നോ ഷോ’ ആയി കണക്കാക്കുകയും ടിക്കറ്റിന്റെ സാധുത നഷ്ടപ്പെടുകയും ചെയ്യും.
അതേസമയം, ട്രെയിൻ 30 മിനിറ്റോ അതിൽ കൂടുതലോ വൈകുകയാണെങ്കിൽ യാത്ര വേണ്ടെന്നുവെക്കാനും മുഴുവൻ തുകയും റീഫണ്ടായി വാങ്ങാനും അല്ലെങ്കിൽ മറ്റൊരു സമയത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാനും യാത്രക്കാർക്ക് അവകാശമുണ്ട്. ട്രെയിൻ റദ്ദാക്കുകയാണെങ്കിൽ ബദൽ യാത്രയോ മറ്റൊരു ഗതാഗത സൗകര്യമോ ഉറപ്പാക്കും. എന്നാൽ ദുബായ് മെട്രോ, ടാക്സി, ബസ് തുടങ്ങിയ മറ്റ് ട്രാൻസിറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വൈകലുകൾക്ക് കമ്പനി ഉത്തരവാദിയായിരിക്കില്ല.
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ന്യൂഡൽഹിയിലെത്തി
ന്യൂഡൽഹി : സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പകരമാണ് അദ്ദേഹം യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്നത്.
അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ശൈഖ് ഖലീഫ ബിൻ തഹ്നൂൻ അൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി, വ്യവസായ-അത്യാധുനിക സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘമാണ് കിരീടാവകാശിക്കൊപ്പമുള്ളത്. ന്യൂഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിംഗ് പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
‘റെസിലിയൻസ്, ഇന്നൊവേഷൻ, കോഓപ്പറേഷൻ, സസ്റ്റയിനബിലിറ്റി’ എന്ന പ്രമേയത്തിലാണ് ഇന്ത്യയുടെ അധ്യക്ഷതയിൽ ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തവും വ്യാപാര-ഊർജ്ജ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജിയോസ്പേഷ്യൽ സർവേകൾക്കായി അത്യാധുനിക സ്മാർട്ട് റോബോട്ടുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ് : ജിയോസ്പേഷ്യൽ സർവേകൾ നടത്തുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി അത്യാധുനിക സ്മാർട്ട് റോബോട്ട് രംഗത്തിറക്കി. ലൈഡാർ (LiDAR) സാങ്കേതികവിദ്യയും സ്മാർട്ട് ക്യാമറകളും ഉപയോഗിച്ച് മനുഷ്യന്റെ ഇടപെടലുകൾ പരമാവധി കുറച്ചുകൊണ്ട് കൃത്യമായ ലൊക്കേഷൻ ഡാറ്റ ശേഖരിക്കാൻ ഈ റോബോട്ടിന് സാധിക്കും.
കൃത്യമായ കോർഡിനേറ്റുകൾ, പനോരമിക് ചിത്രങ്ങൾ, വീഡിയോകൾ, ത്രിമാന ഡാറ്റ (3D data) എന്നിവ തുടർച്ചയായി ശേഖരിക്കാൻ ഈ സംവിധാനത്തിന് കഴിയും. ദുബായുടെ സ്പേഷ്യൽ ഡാറ്റാബേസുകൾ എപ്പോഴും പുതുതായി സൂക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, അസറ്റ് മാനേജ്മെന്റ്, നഗരാസൂത്രണം, സർക്കാർ തലത്തിലുള്ള തീരുമാനങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനും ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തും.
അപകടസാധ്യതയുള്ളതും മനുഷ്യർക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ സർവേ ജോലികൾ സുരക്ഷിതമായും കൂടുതൽ കാര്യക്ഷമമായും നിർവഹിക്കാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ദുബായ് : 2026-ന്റെ ആദ്യ പകുതിയിൽ ദുബായിലെ യാത്രാ ഗതാഗത നിയമലംഘനങ്ങളിൽ 21 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മുൻവർഷം സമാന കാലയളവിൽ 38,000 ആയിരുന്ന ലംഘനങ്ങൾ ഈ വർഷം 30,000 ആയി കുറഞ്ഞു. ഗതാഗത മേഖലയിലെ വർദ്ധിച്ചുവരുന്ന നിയമപാലനമാണ് ഈ നേട്ടത്തിന് കാര്യമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കി.
ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ ആർ.ടി.എയുടെ നേതൃത്വത്തിൽ 1.6 ദശലക്ഷത്തിലധികം പരിശോധനകളാണ് പാസഞ്ചർ ട്രാൻസ്പോർട്ട് മേഖലയിൽ നടത്തിയത്. കഴിഞ്ഞ വർഷം ഇത് 1.5 ദശലക്ഷമായിരുന്നു. പൊതുഗതാഗതം, സ്കൂൾ ബസുകൾ, ടൂറിസ്റ്റ് ട്രാന്സ്പോർട്ട്, ചാർട്ടേർഡ് ബസുകൾ, അനധികൃത യാത്രാ ഗതാഗതം എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്.
അനധികൃത വാഹനങ്ങളിലെ യാത്രയും നിയമവിരുദ്ധ സർവീസുകളും തടയുന്നതിന്റെ ഭാഗമായി വിവിധ സുരക്ഷാ വകുപ്പുകളുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 340 നിയമലംഘനങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 57 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്മാർട്ട് ഡാറ്റ അനലിറ്റിക്സ് ഉപയോഗിച്ചാണ് ആർ.ടി.എ ഇപ്പോൾ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കിയിരിക്കുന്നത്.