3
ദുബായ് : സാൻസിബാറിലെ കടൽത്തീരങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന വനിതാ കർഷകർക്ക് പുതിയ ജീവിതം പകർന്നു നൽകി ഷാർജ ആസ്ഥാനമായുള്ള ‘ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ’. കടൽപ്പാസി കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന നദിഫ ഇബ്രാഹിം ഉൾപ്പെടെയുള്ള നൂറുകണക്കിന് സ്ത്രീകൾക്ക് വിപണി ഉറപ്പാക്കാനും മികച്ച വരുമാനം നേടിത്തരാനുമാണ് സംഘടനയുടെ പുതിയ പദ്ധതി. വർഷത്തിൽ 112 ദിവസത്തിലേറെ വെള്ളത്തിൽ നിന്ന് കഷ്ടപ്പെട്ട് ഉൽപ്പാദിപ്പിക്കുന്ന വിളകൾ വിപണനം ചെയ്യാനാകാതെ നശിച്ചുപോകുന്ന ദുസ്ഥിതിക്ക് ഇതോടെ അറുതിയാകുകയാണ്.
സാൻസിബാറിലെ ഉസി, മുങ്കോണി ഗ്രാമങ്ങളിലെ കർഷകർക്കായി ‘സീവീഡ് സോഷ്യൽ എന്റർപ്രൈസ് പ്രോജക്ട്’ എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സാൻസിബാർ മൈഷ ബോറ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. കൃഷിക്കാവശ്യമായ പരിശീലനങ്ങൾ, ആധുനിക ഉപകരണങ്ങൾ, സാങ്കേതിക സഹായം, കൃത്യമായ വിപണന കരാറുകൾ എന്നിവയാണ് ഈ പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്നത്. പരമ്പരാഗത രീതിയിൽ കൃഷി ചെയ്ത് കൃത്യമായ വിപണി കിട്ടാതെ ദുരിതത്തിലായിരുന്ന സ്ത്രീകൾക്ക് ഈ സംരംഭം വലിയൊരു ആശ്വാസമാണ്.