47
അബുദാബി : പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി അബുദാബി നഗരത്തിൽ സ്കൂളുകൾക്ക് ചുറ്റുമുള്ള റോഡുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കി നഗരസഭ. 139 സ്കൂളുകൾ, 47 നഴ്സറികൾ, അഞ്ച് സർവ്വകലാശാലകൾ ഉൾപ്പെടെ 191 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണവും പരിശോധനയും പൂർത്തിയാക്കിയത്. അബുദാബി ഐലൻഡിലെ 27 സ്ഥാപനങ്ങളും മെയിൻലാൻഡ് നഗരങ്ങളിലെ 43 സ്ഥാപനങ്ങളും ഉൾപ്പെടെ ആകെ 70 സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് പ്രത്യേക ശുചീകരണവും നവീകരണ ജോലികളും നടത്തിയത്.
സ്കൂളുകൾക്ക് ചുറ്റുമുള്ള നടപ്പാതകൾ, കാർ പാർക്കിങ് ഏരിയകൾ, തെരുവുകൾ എന്നിവ പൂർണ്ണമായും വൃത്തിയാക്കുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡുകൾ കഴുകി വ്യക്തത വരുത്തുകയും ചെയ്തു. 254 കിലോമീറ്റർ ദൂരത്തിലുള്ള റോഡുകളിൽ നടത്തിയ ശുചീകരണത്തിലൂടെ ഏകദേശം 700 കിലോ ഗ്രാം മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്തു. ഇതിനുപുറമേ 998 മീറ്റർ കർബ്സ്റ്റോണുകൾ അറ്റകുറ്റപ്പണി നടത്തി പെയിന്റ് ചെയ്യുകയും, 701 ചതുരശ്ര മീറ്റർ റോഡ് മാർക്കിംഗുകൾ പുതുക്കുകയും ചെയ്തു. 77 ദിശാസൂചക ബോർഡുകൾ പരിപാലിക്കുകയും 204 ചതുരശ്ര മീറ്റർ നടപ്പാതകൾ നന്നാക്കുകയും ചെയ്തു.
കുഴികൾ നികത്തൽ, ഭിന്നശേഷിക്കാർക്കായുള്ള പാർക്കിങ് ഇടങ്ങൾ നവീകരിക്കൽ, തെരുവ് വിളക്കുകൾ മെച്ചപ്പെടുത്തൽ, ജങ്ഷനുകളിൽ കാഴ്ചാ സുതാര്യത ഉറപ്പാക്കുന്നതിനായി മരച്ചില്ലകൾ വെട്ടി ഒതുക്കൽ തുടങ്ങിയ ജോലികളും പൂർത്തിയാക്കി. വിദ്യാർത്ഥികളുടെ സുരക്ഷയും മികച്ച ജീവിതവസ്തുതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ശുചീകരണ യജ്ഞം നടത്തിയതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് ഫദൽ അൽമെഹൈർബി വ്യക്തമാക്കി.