ദുബായ് : വിദേശ രാജ്യങ്ങളിൽ സമർപ്പിച്ച വിവാഹമോചന ഹർജി തള്ളിയിട്ടുണ്ടെങ്കിലും, ക്രൂരതയോ ഉപദ്രവമോ തുടരുകയോ ആവർത്തിക്കുകയോ ചെയ്യുന്നുവെന്ന് തെളിയിക്കാൻ സാധിച്ചാൽ ഭാര്യക്ക് യുഎഇയിൽ പുതിയ വിവാഹമോചന കേസ് ഫയൽ ചെയ്യാമെന്ന് ദുബായ് പരമോന്നത കോടതി വിധിച്ചു. ഒരു വ്യക്തിഗത നിയമ കേസിൽ ദുബായ് കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയെന്നും ജീവനാംശം നൽകുന്നില്ലെന്നുമുള്ള പരാതിയോടെ ഒരു സ്ത്രീ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മുൻപ് സുഡാനിലും ഈജിപ്തിലും ഇവർ കേസ് നൽകിയിരുന്നെങ്കിലും ഹർജികൾ തള്ളിയിരുന്നു. എന്നാൽ അതിനുശേഷവും ഭർത്താവിൽ നിന്നുള്ള ഉപദ്രവവും അവഗണനയും തുടർന്നതായി സ്ത്രീ ദുബായ് കോടതിയെ ബോധിപ്പിച്ചു. മുൻപ് വിദേശ കോടതികൾ കേസ് തള്ളിയതിനാൽ ദുബായിലെ കേസ് നിലനിൽക്കില്ലെന്ന ഭർത്താവിന്റെ വാദം തള്ളിക്കളഞ്ഞ കോടതി, തുടരുന്ന ഭീഷണികളുടെയും ഉപദ്രവങ്ങളുടെയും പശ്ചാത്തലത്തിൽ പുതിയ കേസ് ഫയൽ ചെയ്യാൻ തടസ്സമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
വിദേശത്ത് ഹർജി തള്ളിയത് യുഎഇയിൽ കേസ് നൽകുന്നതിന് ശാശ്വതമായ തടസ്സമല്ലെന്ന് വ്യക്തമാക്കുന്ന ഈ വിധി അന്താരാഷ്ട്ര തലത്തിൽ തർക്കങ്ങളുള്ള കുടുംബങ്ങൾക്ക് നിയമപരമായ കൂടുതൽ വ്യക്തത നൽകും. ദുബായ് കോടതികളിൽ സമർപ്പിക്കുന്ന പുതിയ തെളിവുകളുടെയും നിലവിലെ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇത്തരം കേസുകളിൽ അന്തിമ തീരുമാനം എടുക്കുകയെന്ന് നിയമ വിദഗ്ധരും അഭിപ്രായപ്പെട്ടു.
Raneesha Razak
അബുദാബി : യുഎഇയിൽ കടുപ്പമേറിയ വേനൽച്ചൂടിന് ആശ്വാസമാകാൻ പോകുന്നു. സെപ്റ്റംബർ രണ്ടാം പകുതിയോടെ താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്നും രാജ്യം മിതമായ ശരത്കാല കാലാവസ്ഥയിലേക്ക് കടക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. സുഹൈൽ നക്ഷത്രത്തിന്റെ വരവോടെയുള്ള ആദ്യ 40 ദിവസത്തെ കാലയളവായ ‘ദാർ അൽ അർബഈൻ’ സെപ്റ്റംബർ 24-ന് അവസാനിക്കും. അതിനുശേഷം സെപ്റ്റംബർ 25-ന് ആരംഭിക്കുന്ന ‘ദാർ അൽ ഖംസീൻ’ ഘട്ടത്തിൽ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിന് താഴെയും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസിന് താഴെയും രേഖപ്പെടുത്തുന്നതോടെ കൂടുതൽ സ്ഥിരതയുള്ള കാലാവസ്ഥാ व्यതിയാനം പ്രകടമാകും.
തുടർന്ന് ഒക്ടോബർ 5 മുതൽ 15 വരെയുള്ള ‘ദാർ അൽ സിത്തീൻ’ കാലയളവിൽ ‘ദർബത് അൽ ഉഖൈതീബ്’ എന്നറിയപ്പെടുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് മിതമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ വേഗത കൂട്ടുകയും ഒക്ടോബർ 15 മുതൽ നവംബർ 25 വരെയുള്ള ‘അൽ മുറബ്ബാനിയ’, ‘അൽ വസ്മ്’ ഘട്ടങ്ങളിൽ തണുപ്പുകാലത്തിനും മഴയ്ക്കും കളമൊരുക്കുകയും ചെയ്യും. ഇതിനുപുറമെ, മെയ്-ജൂൺ മാസങ്ങൾക്ക് ശേഷം അറബിക്കടലിൽ ചുഴലിക്കാറ്റുകൾക്ക് സാധ്യതയുള്ള രണ്ടാമത്തെ സീസണാണ് ഒക്ടോബർ, നവംബർ മാസങ്ങളെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
യുഎഇ ഐക്യം പ്രമേയമാക്കി ഹ്രസ്വചിത്ര മത്സരം പ്രഖ്യാപിച്ച് ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മീഷൻ
ദുബായ് : യുഎഇയിലെ ജനങ്ങൾ പ്രകടിപ്പിച്ച ഐക്യദാർഢ്യവും പ്രതിരോധശേഷിയും പ്രമേഹമാക്കി ‘സ്റ്റോറീസ് ഓഫ് ഔർ ഡിറ്റർമിനേഷൻ’ എന്ന പേരിൽ ദേശീയ ഹ്രസ്വചിത്ര മത്സരം പ്രഖ്യാപിച്ച് ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മീഷൻ. ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ സായുധ സേനയ്ക്കുള്ള ആദരം, വിവിധ ജനവിഭാഗങ്ങളുടെ ഐക്യം, വെല്ലുവിളികളെ അതിജീവിച്ചുള്ള മുന്നേറ്റം, ഭാവിയിലേക്കുള്ള ദൃഢനിശ്ചയം എന്നീ നാല് പ്രധാന പ്രമേഹങ്ങളെ ആസ്പദമാക്കി തിരഞ്ഞെടുക്കപ്പെടുന്ന 55 ചിത്രങ്ങൾ പ്രദർശിപ്പിക്കും. യുഎഇ സ്വദേശികൾക്കും വിദേശികൾക്കും വിദ്യാർത്ഥികൾക്കും നവാഗതർക്കും മത്സരത്തിൽ പങ്കാളികളാകാം. ഫിക്ഷൻ, ഡോക്യുമെന്ററി, അനിമേഷൻ, എഐ അസിസ്റ്റഡ് ഫിലിം, മൊബൈൽ ഫിലിം തുടങ്ങിയ ഏത് ഫോർമാറ്റിലും ചിത്രങ്ങൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 25 ആണ്. വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് 10,000 ദിർഹം വരെയും പ്രൊഫഷണലുകൾക്ക് 50,000 ദിർഹം വരെയും സമ്മാനത്തുക ലഭിക്കും. അപേക്ഷ സമർപ്പണത്തിനായി dfgc.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ദുബായ് : 1960-ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ ഇതുവരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) കൈകാര്യം ചെയ്തത് 150 കോടി (1.5 billion) യാത്രക്കാരെയെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വ്യോമയാന കേന്ദ്രങ്ങളിലൊന്നായ ദുബായ് വിമാനത്താവളത്തിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്. ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് പങ്കെടുത്ത പ്രത്യേക മാധ്യമ സമ്മേളനത്തിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
2026-ന്റെ ആദ്യ പകുതിയിൽ മാത്രം 3.15 കോടി (31.5 million) യാത്രക്കാരാണ് ഡിഎക്സ്ബി വഴി യാത്ര ചെയ്തത്. ജനുവരി മുതൽ ജൂലൈ വരെയുള്ള പ്രതിമാസ കണക്കുകളിൽ 26 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2026 അവസാനത്തോടെ ആകെ യാത്രക്കാരുടെ എണ്ണം 7 കോടിയിലെത്തുമെന്നും 2027 അവസാനത്തോടെ ഇത് 10 കോടിയായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ ട്രാഫിക് ശേഷിയുടെ 84 ശതമാനവും തിരിച്ചുകിട്ടിക്കഴിഞ്ഞു.
അതേസമയം അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 15 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ വിമാനത്താവളം പൂർണ്ണ സജ്ജമാകുമ്പോൾ പ്രതിവർഷം 26 കോടി യാത്രക്കാരെ കൈകാര്യം ചെയ്യും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഘട്ടങ്ങളായി പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് ക്യൂ രഹിത ബോർഡിംഗ് അനുഭവമാണ് അൽ മക്തൂമിൽ യാത്രക്കാരെ കാത്തിരിക്കുന്നത്.
അബുദാബി : ഹിജ്റ വർഷം 1448-ലെ റബീഉൽ ആഖിർ മാസത്തിന് സെപ്റ്റംബർ 13 ഞായറാഴ്ച തുടക്കമാകുമെന്ന് യുഎഇ ഫത്വ കൗൺസിൽ അറിയിച്ചു. വിദഗ്ദ്ധ സമിതികളുടെയും ശാസ്ത്രീയ കേന്ദ്രങ്ങളുടെയും ചന്ദ്രദൃശ്യ ഡാറ്റകൾ പരിശോധിച്ച ശേഷമാണ് തീരുമാനം വ്യക്തമാക്കിയത്. ശനിയാഴ്ചയോടെ റബീഉൽ അവ്വൽ മാസം പൂർത്തിയായി.
ഇതോടെ അടുത്ത വർഷത്തെ വിശുദ്ധ റമദാൻ മാസത്തിലേക്കുള്ള ദിവസങ്ങളുടെ എണ്ണവും ആരംഭിച്ചു. നിലവിലെ ജ്യോതിശാസ്ത്ര പ്രവചനങ്ങളനുസരിച്ച് 2027 ഫെബ്രുവരി 8 തിങ്കളാഴ്ചയായിരിക്കും യുഎഇയിൽ റമദാൻ ആരംഭിക്കുക. റമദാൻ മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഔദ്യോഗിക തിയ്യതി സ്ഥിരീകരിക്കുക. ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമായ റമദാനിന് മുന്നോടിയായുള്ള നിർണായക ഘട്ടങ്ങളിലൊന്നാണ് റബീഉൽ ആഖിർ മാസത്തിന്റെ തുടക്കം.
സ്കൂൾ വളപ്പിൽ വിപിഎൻ ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തി യുഎഇയിലെ സ്വകാര്യ വിദ്യാലയങ്ങൾ
അബുദാബി : 2026-27 അധ്യയന വർഷത്തിൽ സ്കൂൾ വളപ്പിലും ഡിജിറ്റൽ നെറ്റ്വർക്കുകളിലും വിദ്യാർത്ഥികൾ വിപിഎൻ (VPN) ആപ്പുകൾ ഉപയോഗിക്കുന്നത് യുഎഇയിലെ സ്വകാര്യ വിദ്യാലയങ്ങൾ നിരോധിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ഭരണപരമായ ആവശ്യങ്ങൾക്കോ അല്ലാതെ സ്വകാര്യ വെർച്വൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഇനി അനുമതിയുണ്ടായിരിക്കില്ല. ഇൻ്റർനെറ്റ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകൾ തങ്ങളുടെ ഉത്തരവാദിത്ത ഡിജിറ്റൽ ഉപയോഗ നയം രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അറിയിച്ചു കഴിഞ്ഞു.
വിദ്യാർത്ഥികൾ ഓൺലൈനിൽ നേരിടാൻ സാധ്യതയുള്ള നാല് പ്രധാന അപകടസാധ്യതകളും സ്കൂളുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അനുചിതമായ ഉള്ളടക്കങ്ങൾ കാണൽ, അപരിചിതരുമായുള്ള സുരക്ഷിതമല്ലാത്ത ആശയവിനിമയം, സൈബർ ബുളീയിംഗ് ഉൾപ്പെടെയുള്ള ദോഷകരമായ പെരുമാറ്റങ്ങൾ, തട്ടിപ്പുകളും സാമ്പത്തിക നഷ്ടങ്ങളും എന്നിവയാണവ. ഇത്തരം ഭീഷണികളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ പ്രത്യേക ഫിൽട്ടറിംഗ് സംവിധാനങ്ങളും മോണിറ്ററിംഗ് രീതികളും സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ സമയത്തിന് പുറത്ത് കുട്ടികളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം രക്ഷിതാക്കൾ കൃത്യമായി നിരീക്ഷിക്കണമെന്ന് സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു. കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നതിന് പകരം വ്യക്തമായ അതിരുകൾ നിശ്ചയിച്ച് സൈബർ ഭീഷണികളെക്കുറിച്ച് ബോധവൽക്കരണം നൽകാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.
ഷെയ്ഖ് മുഹമ്മദിന്റെ സർപ്രൈസ് വിസിറ്റ്; അമ്പരപ്പും സന്തോഷവുമടക്കാനാവാതെ ദുബായ് സ്കൂൾ കുട്ടികൾ
ദുബായ് : കോർപ്പറേറ്റ് ലോകത്തെ മികച്ച കരിയറും ഉയർന്ന പദവിയും ഉപേക്ഷിച്ച് എമിറാത്തി ഒട്ടക സംസ്കാരവും മരുഭൂമി ജീവിതവും സ്വന്തം വഴിയായി തിരഞ്ഞൈടുത്തിരിക്കുകയാണ് ഒരു ജർമ്മൻ വനിത. മുൻപ് സ്വകാര്യ കമ്പനിയിൽ റെവന്യൂ വിഭാഗം മേധാവിയായി ജോലി ചെയ്തിരുന്ന ലിൻഡ ക്രോക്കൻബെർഗറാണ് (Linda Kröckenberger) തന്റെ ജീവിതപാത മാറ്റിമറിച്ച് ദുബായിൽ ഒട്ടകസവാരിയും എമിറാത്തി പാരമ്പര്യവും പ്രചരിപ്പിക്കുന്ന പ്രത്യേക പരിശീലന കേന്ദ്രത്തിന് തുടക്കമിട്ടത്. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സംഘടിപ്പിച്ച 12 ദിവസം നീണ്ട ഒട്ടകസവാരി യാത്രയാണ് ലിൻഡയുടെ ജീവിതത്തിൽ നിർണായക വഴിത്തിരിവായത്.
2021 ജനുവരിയിൽ ദുബായ്-അൽ ഐൻ റോഡിലെ അൽ ലിസൈലിയിൽ ‘അറേബ്യൻ ഡെസേർട്ട് ക്യാമൽ റൈഡിങ് സെന്റർ’ എന്ന സ്ഥാപനത്തിന് ഇവർ തുടക്കമിട്ടു. വെറും 4 ഒട്ടകങ്ങളുമായി ആരംഭിച്ച ഈ കേന്ദ്രത്തിൽ ഇപ്പോൾ 22-ലധികം ഒട്ടകങ്ങളുണ്ട്. പരമ്പരാഗത ഒട്ടകസവാരി രീതികളും ആധുനിക മൃഗസംരക്ഷണ പരിപാലനവും സമന്വയിപ്പിക്കുന്ന ഈ കേന്ദ്രത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്കായി ഒട്ടകപ്പന്തയ പരിശീലനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ പദ്ധതികളും കോർപ്പറേറ്റ് ടീമുകൾക്കായി മരുഭൂമി യാത്രകളും കേന്ദ്രത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കേവലം സവാരി പരിശീലനം എന്നതിലുപരി എമിറാത്തി പാരമ്പര്യവും സംസ്കാരവും അടുത്തറിയാനും വരും തലമുറയ്ക്ക് അത് പകർന്നുനൽകാനുമുള്ള വേദിയായി ഈ സ്ഥാപനം മാറിയിരിക്കുകയാണ്. 2026-2027 സീസണിൽ കൂടുതൽ വിപുലമായ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിൻഡയും സംഘവും.