Raneesha Razak
ദുബായ് : ആഗോള സഞ്ചാരികളെയും വ്യോമയാന മേഖലയിലെ പ്രമുഖരെയും ഒരുക്കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് 33-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന് (ATM 2026) ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ പ്രൗഢോജ്ജ്വല തുടക്കം. മേഖലയിലെ ഏഴ് മാസത്തോളം നീണ്ടുനിന്ന യുദ്ധ സമാന സാഹചര്യങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം ടൂറിസം വിപണി തിരിച്ചു വരവിന്റെ പാതയിലാണെന്ന വലിയ പ്രതീക്ഷ നൽകിയാണ് ഇത്തവണത്തെ മേള ആരംഭിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികൾ, ഹോട്ടൽ ശൃംഖലകൾ, ടൂറിസം അതോറിറ്റികൾ, ട്രാവൽ ഏജൻസികൾ എന്നിവ മേളയിൽ സജീവമായി പങ്കടുക്കുന്നുണ്ട്. യുഎഇയുടെ ദേശീയ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും തങ്ങളുടെ അത്യാധുനിക പവലിയനുകളുമായി മേളയിൽ സന്ദർശകരെ സ്വീകരിക്കുന്നു. വരും ദിവസങ്ങളിൽ സുപ്രധാനമായ പല കരാറുകളും പുതിയ പദ്ധതി പ്രഖ്യാപനങ്ങളും ഇത്തിഹാദ്, എമിറേറ്റ്സ്, മിറാൽ (Miral) തുടങ്ങിയ വൻകിട കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡൽഹി : ഇന്ത്യ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ തന്നെ അനുഗമിച്ച ഡ്രൈവർക്ക് സ്നേഹപൂർവ്വം ആലിംഗനം ചെയ്ത് നന്ദിയറിയിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിമാനത്തിലേക്ക് കയറാൻ ഒരുങ്ങുന്നതിനിടെ തിരികെ നടന്നെത്തി ഡ്രൈവർക്ക് ആലിംഗനം നൽകി നന്ദി പറഞ്ഞ അദ്ദേഹത്തിന്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൻതോതിൽ തരംഗമായിരിക്കുകയാണ്.
സ്ഥാനമാനങ്ങൾക്കപ്പുറം മനുഷ്യരെ ബഹുമാനിക്കുന്ന യുഎഇയുടെ രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂല്യങ്ങളുടെ പ്രതിഫലനമാണ് ഈ പ്രവൃത്തിയെന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ അഭിപ്രായപ്പെട്ടു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പകരം ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തിയത്. സന്ദർശനവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം മറ്റ് പ്രമുഖ ലോക നേതാക്കളുമായും ചർച്ചകൾ നടത്തിയിരുന്നു. ഉന്നതതല നയതന്ത്ര ചർച്ചകൾക്കും ഔദ്യോഗിക തിരക്കുകൾക്കും ശേഷവും അദ്ദേഹം കാണിച്ച ഈ ലളിതവും സ്നേഹനിർഭരവുമായ പെരുമാറ്റമാണ് ഇപ്പോൾ ഏവരുടെയും മനം കവരുന്നത്.
ദുബായിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ഓഗസ്റ്റിൽ 8.69 ലക്ഷം സന്ദർശകർ
ദുബായ് : ദുബായിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ഓഗസ്റ്റ് മാസത്തിൽ മാത്രം 8,69,000 അന്താരാഷ്ട്ര സന്ദർശകരാണ് ദുബായിലെത്തിയത്. 2026 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് (DET) പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് മാർച്ച് മാസം മുതൽ സന്ദർശകരുടെ എണ്ണത്തിൽ ഇരട്ടക്കക്ക പ്രതിമാസ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇതോടെ 2026-ലെ ആദ്യ എട്ട് മാസങ്ങളിൽ ദുബായിലെത്തിയ ആകെ അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണം 6.97 മില്യണായി (69.7 ലക്ഷം) ഉയർന്നു.
അറേബ്യൻ ട്രാവൽ മാർക്കറ്റ് (ATM 2026) ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ദുബായിലെ ഹോട്ടൽ മേഖലയിലും മികച്ച വീണ്ടെടുപ്പാണ് ഉണ്ടാകുന്നത്. ഓഗസ്റ്റിലെ ഹോട്ടൽ ഒക്യുപൻസി 66 ശതമാനത്തിലെത്തി. മാർച്ച് മാസത്തിൽ 36 ശതമാനമായിരുന്ന ഒക്യുപൻസി നിരക്കിൽ നിന്നാണ് ഈ വലിയ മുന്നേറ്റം. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ദുബായിലെ ഹോട്ടലുകളിൽ 2.16 കോടിയിലധികം റൂം നൈറ്റുകൾ ബുക്ക് ചെയ്യപ്പെട്ടു. ഓഗസ്റ്റ് അവസാനത്തോടെ ദുബായിലെ ആകെ ഹോട്ടൽ മുറികളുടെ എണ്ണം 1.49 ലക്ഷത്തോട് അടുത്തിരിക്കുകയാണ്.
അബുദാബി : യുഎഇയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ നടന്ന പരിശീലന ദൗത്യത്തിനിടെ രണ്ട് സൈനികർ കൊല്ലപ്പെട്ടു. മേജർ അബ്ദുള്ള ഷാമിസ് അൽമൻഹാലി, കാൻഡിഡേറ്റ് സഈദ് അബ്ദുള്ള അൽഷംസി എന്നിവരാണ് മരണപ്പെട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനുള്ളിൽ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്.
മരണപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് പ്രതിരോധ മന്ത്രാലയം ആഴത്തിലുള്ള അനുശോചനവും സഹതാപവും രേഖപ്പെടുത്തി. വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് ആശ്വാസവും കരുത്തും ലഭിക്കട്ടെയെന്ന് മന്ത്രാലയം പ്രാർത്ഥിച്ചു. ഈ വർഷം ജൂൺ 27-നും രാജ്യത്തിനുള്ളിൽ നടന്ന പരിശീലന ദൗത്യത്തിനിടെ ഫസ്റ്റ് കോർപ്പറൽ ഈസ ഗലൂം അൽ ബലൂഷി എന്ന സൈനികൻ മരണപ്പെട്ടിരുന്നു.
ദുബായ് : 2026/27 ശീതകാല അവധിക്കാലത്ത് മഞ്ഞുമലകളിലേക്കും ആർട്ടിക് സാഹസിക യാത്രകളിലേക്കും തണുപ്പുള്ള രാജ്യങ്ങളിലേക്കും യുഎഇ നിവാസികളുടെ ഒഴുക്ക് വർദ്ധിക്കുന്നു. ഡിനാറ്റ ട്രാവലിന്റെ (dnata Travel) പുതിയ ബുക്കിംഗ് വിവരങ്ങൾ പ്രകാരം ഇത്തവണ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന അഞ്ച് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽ ജപ്പാൻ ഇടം നേടിയിട്ടുണ്ട്. ജപ്പാന പുറമെ ഫിൻലാൻഡ്, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കും യുഎഇയിൽ നിന്നുള്ള യാത്രികരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
കുടുംബങ്ങൾ, ദമ്പതികൾ, യാത്രാ ഗ്രൂപ്പുകൾ എന്നിവർക്കിടയിൽ സ്കീയിംഗ് (Skiing), നോർത്തേൺ ലൈറ്റ്സ് (Northern Lights) ദർശനം, വിന്റർ സ്പോർട്സ് എന്നിവയ്ക്ക് വൻ പ്രിയമാണ് അനുഭവപ്പെടുന്നത്. ഡിനാറ്റ ട്രാവലിന്റെ ശീതകാല പാക്കേജുകൾക്ക് ഒരാൾക്ക് 6,015 ദിർഹം (ആറ് രാത്രി നീളുന്ന ജോർജിയ യാത്ര) മുതൽ 23,750 ദിർഹം (ഫ്രാൻസിലെ മെഗേവിലെ മൂന്ന് രാത്രി സ്റ്റേ) വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രകൃതിയോടും മഞ്ഞുമലകളോടും അടുത്തുള്ള യാത്രകളിലേക്ക് യാത്രികർ താല്പര്യം കാണിക്കുന്നതാണ് ഈ ശീതകാലത്തെ പ്രധാന മാറ്റം.
ദുബായ് : ശീതകാല യാത്രാ സീസണിന് മുന്നോടിയായി സർവീസുകൾ വിപുലീകരിച്ച് ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈദുബായ്. 56 രാജ്യങ്ങളിലായി 125-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് നെറ്റ്വർക്ക് വ്യാപിപ്പിച്ച കമ്പനി, തങ്ങളുടെ മൊത്തം സർവീസുകളുടെ 85 ശതമാനവും പുനഃസ്ഥാപിച്ചു.
നിലവിൽ ആഴ്ചയിൽ ശരാശരി 2,200 സർവീസുകളാണ് ഫ്ലൈദുബായ് നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സെൻട്രൽ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്ക് സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ബാങ്കോക്കിലെ ഡോൺ മുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദിനംപ്രതിയുള്ള നേരിട്ടുള്ള സർവീസുകൾ ഒന്നിൽ നിന്ന് മൂന്നായി ഉയർത്തി. കൂടാതെ സെപ്റ്റംബർ 23 മുതൽ നേപ്പാളിലെ പൊഖാറയിലേക്ക് പുതിയ സർവീസ് ആരംഭിക്കും. കാഠ്മണ്ഡുവിന് ശേഷം ഫ്ലൈദുബായ് സർവീസ് നടത്തുന്ന നേപ്പാളിലെ രണ്ടാമത്തെ നഗരമാണ് പൊഖാറ.
പുതിയ സീസണിന്റെ ഭാഗമായി ടൂറിസം പങ്കാളികൾക്കായി ‘റോയൽ സഫാരി എക്സ്പീരിയൻസ്’ എന്ന പേരിൽ പുതിയ പ്രീമിയം പാക്കേജ് പാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. പരമാവധി 10 പേരുടെ ഗ്രൂപ്പുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ നാല് മണിക്കൂർ പാക്കേജിൽ വിഐപി പരിഗണന, മുൻകൂട്ടി റിസർവ് ചെയ്ത സീറ്റുകൾ, സഫാരി പാർക്കിനുള്ളിലൂടെ പ്രത്യേക ഗൈഡഡ് ടൂർ എന്നിവ ഉൾപ്പെടുന്നു. മുൻ സീസണിൽ വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് (WAZA), യൂറോപ്യൻ അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയാ (EAZA) എന്നിവയിൽ അംഗത്വം നേടിയതിന്റെ തുടർച്ചയായാണ് സഫാരി പാർക്ക് പുതിയ സീസണിലേക്ക് കടക്കുന്നത്.
മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് മെഡലിന്റെ ആദ്യ ജേതാവിന് ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി
ദുബായ് : ദുബായ് ഭരണകൂടത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരങ്ങളിലൊന്നായ ‘മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് മെഡലിന്റെ’ (Mohammed bin Rashid Leadership Medal) പ്രഥമ ജേതാവിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. അവാർഡ് സൂപ്പർവൈസറി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷമാണ് ഡയറക്ടർ ജനറൽ പദവിയിലുള്ള ആദ്യ ജേതാവിനെ അദ്ദേഹം തിരഞ്ഞെടുത്തത്. സെപ്റ്റംബർ 23-ന് നടക്കുന്ന മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറം 2026-ൽ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്യും.
രണ്ടാം നിര, മൂന്നാം നിര നേതൃത്വങ്ങളെ വളർത്തിയെടുക്കുന്നതിലും ശാക്തീകരിക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഡയറക്ടർ ജനറൽമാർക്കാണ് ഈ വാർഷിക പുരസ്കാരം നൽകുന്നത്. സ്ഥാപനങ്ങളുടെ സുസ്ഥിരമായ വളർച്ചയ്ക്ക് ഭാവി നേതാക്കളെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 32 സർക്കാർ സ്ഥാപനങ്ങളിലെ ഡയറക്ടർ ജനറൽമാരെയും രണ്ടാം നിര നേതാക്കളെയും ഉൾപ്പെടുത്തി 100-ലധികം അഭിമുഖങ്ങളിലൂടെയും അന്താരാഷ്ട്ര വിദഗ്ധരുടെ മേൽനോട്ടത്തിലൂടെയുമാണ് പ്രഥമ പതിപ്പിലെ വിജയിയെ തിരഞ്ഞെടുത്തത്.