Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 08:55 PM

വിസ പരസ്യങ്ങൾ കണ്ട് പണം കളയരുതേ; തട്ടിപ്പുകാരെ പൂട്ടാൻ 901 നമ്പറുമായി ദുബൈ പൊലീസ്

by Raneesha Razak

ദുബൈ: പണം വാങ്ങി ജോലി വിസയും റസിഡൻസി, വിസിറ്റ് വിസകളും നൽകുമെന്ന വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് താമസക്കാർക്ക് ദുബൈ പൊലീസിന്റെ കർശന മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസ്സേജിംഗ് ആപ്പുകളും കേന്ദ്രീകരിച്ച് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം.

അംഗീകാരമില്ലാത്ത കമ്പനികളുടെ പേരുകൾ ഉപയോഗിച്ചും ഔദ്യോഗിക സ്ഥാപനങ്ങളുടെ വ്യാജ പേരിൽ ആൾമാറാട്ടം നടത്തിയുമാണ് തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്. ദുബൈ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ ആണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. പൊലീസിന്റെ “ബി അവെയർ ഓഫ് ഫ്രോഡ്” ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ നിർദ്ദേശത്തിൽ വിസ അപേക്ഷകൾ ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ വഴിയോ ലൈസൻസുള്ള ഏജൻസികൾ വഴിയോ മാത്രമേ പൂർത്തിയാക്കാവൂ എന്ന് വ്യക്തമാക്കുന്നു.

അംഗീകാരമില്ലാത്ത ഇടനിലക്കാരുമായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും പണം കൈമാറുന്നതിന് മുൻപ് വിസ ഓഫറുകളുടെ വിശ്വാസ്യത ഔദ്യോഗിക ചാനലുകൾ വഴി ഉറപ്പാക്കണമെന്നും പൊലീസ് ഓർമ്മിപ്പിച്ചു. വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ ബോധവൽക്കരണവും കൃത്യമായ വിവരശേഖരണവുമാണ് പ്രധാനമെന്നും ഇത്തരം സാമ്പത്തിക തട്ടിപ്പുകളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, ഇ-ക്രൈം (eCrime) പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

You may also like