ദുബായ് : ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ ദുബായ് വിപണിയിൽ സ്വർണ്ണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ആഴ്ചയിലാണ് സ്വർണ്ണവില ഇടിവ് നേരിടുന്നത്.
തിങ്കളാഴ്ച വിപണി ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 521.75 ദിർഹമായിരുന്നു വില. വാരാന്ത്യത്തിലെ 524 ദിർഹത്തിൽ നിന്നാണ് ഈ കുറവുണ്ടായത്. മറ്റ് പ്രധാന ഇനങ്ങളായ 22K, 21K, 18K, 14K സ്വർണ്ണങ്ങൾക്ക് യഥാക്രമം ഗ്രാമിന് 483.25, 463.25, 397, 309.75 ദിർഹം എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിൽ സ്പോട്ട് സ്വർണ്ണവില 0.10 ശതമാനം ഉയർന്ന് ഔൺസിന് 4,327.45 ഡോളറിലും വെള്ളി ഔൺസിന് 63.87 ഡോളറിലുമാണ് എത്തിയത്. തത്സമയ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന് ഡിമാൻഡ് ഉണ്ടാകേണ്ട സാഹചര്യമാണെങ്കിലും, എണ്ണവില വർദ്ധനവ് പണപ്പെരുപ്പ ആശങ്കകൾ ഉയർത്തുകയും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തതാണ് സ്വർണ്ണത്തിന് തിരിച്ചടിയായത്.
Raneesha Razak
യുഎഇയിലെ സ്വകാര്യ സ്കൂളുകളിൽ രക്ഷിതാക്കൾക്ക് ബിഹേവിയർ ചാർട്ടർ ഒപ്പിടൽ നിർബന്ധമാക്കി
ദുബായ് : യുഎഇയിലുടനീളമുള്ള സ്വകാര്യ സ്കൂളുകളിൽ രക്ഷിതാക്കൾക്കായി പ്രത്യേക പെരുമാറ്റച്ചട്ടം (Code of Conduct) നിർബന്ധമാക്കി. സ്കൂളും കുടുംബങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനും പരസ്പര ബഹുമാനത്തോടെയുള്ള പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ഏകദേശം 20 വകുപ്പുകൾ അടങ്ങിയ ചാർട്ടറിലാണ് രക്ഷിതാക്കൾ ഒപ്പുവെക്കേണ്ടത്. വിദ്യാർത്ഥികളുടെ പഠനം, പെരുമാറ്റം, സുരക്ഷിതത്വം എന്നിവയിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്കൂൾ അധികൃതർ, അധ്യാപകർ, ജീവനക്കാർ, മറ്റ് വിദ്യാർത്ഥികൾ എന്നിവരോട് മാന്യമായി പെരുമാറണമെന്ന് ചാർട്ടറിൽ വ്യക്തമാക്കുന്നു. സ്കൂളുമായി ബന്ധപ്പെട്ട തർക്കങ്ങളോ പരാതികളോ മാന്യമായ രീതിയിൽ അധികൃതരെ അറിയിക്കണം. സോഷ്യൽ മീഡിയയിലൂടെയോ പൊതുവേദികളിലൂടെയോ സ്കൂളിനെയോ ജീവനക്കാരെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്താൻ പാടില്ല. വിദ്യാർത്ഥികളുടെ കൃത്യമായ സ്കൂൾ ഹാജർ, കൃത്യസമയത്തുള്ള വരവും പോക്കും, പോഷകാഹാരം, ഉറക്കം എന്നിവ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്നും, നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന രക്ഷിതാക്കൾക്ക് സ്കൂൾ വളപ്പിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ മാനേജ്മെന്റിന് അധികാരമുണ്ടായിരിക്കുമെന്നും നിർദ്ദേശത്തിലുണ്ട്.
ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്കും ഇനി ഇസാദ് കാർഡ് ആനുകൂല്യങ്ങൾ
ദുബായ് : ദുബായ് പൊലീസിന്റെ ഇസാദ് കാർഡ് സെന്ററും ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ്പ് പ്രോഗ്രാമും ധാരണാപത്രത്തിൽ (MoC) ഒപ്പുവെച്ചു. ഇതോടെ സ്കോളർഷിപ്പ് കരസ്ഥമാക്കിയ മിടുക്കരായ യുഎഇ വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഇസാദ് കാർഡിന്റെ സവിശേഷമായ ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും ലഭ്യമാകും. മൂന്നാമത് ബാച്ച് വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ ദിനത്തിൽ നടന്ന ചടങ്ങിൽ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) ഡയറക്ടർ ജനറലും സ്കോളർഷിപ്പ് സ്റ്റീയറിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ആയിഷ മിറാന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
வணികം, ടൂറിസം, വിനോദം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ യുഎഇയിലും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ഡിസ്കൗണ്ടുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കും. ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ്പ് പ്രോഗ്രാം വഴി പ്രതിവർഷം 100 മികച്ച എമിറാത്തി വിദ്യാർത്ഥികൾക്കാണ് ഉന്നത പഠനത്തിനുള്ള ധനസഹായം നൽകുന്നത്. 1.1 ബില്യൺ ദിർഹം ബജറ്റുള്ള ഈ സ്കോളർഷിപ്പിനൊപ്പം ഇസാദ് കാർഡ് ആനുകൂല്യങ്ങൾ കൂടെ ലഭിക്കുന്നത് വിദ്യാർത്ഥികളുടെ ഉന്നതപഠന യാത്രക്ക് വലിയ പിന്തുണയാകും.
ദുബായ് : സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായി യുഎഇയിൽ 6,933 ലെക്സസ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി അൽ ഫുത്തൈം മോട്ടോഴ്സ് അറിയിച്ചു. സമ്പദ്വ്യവസ്ഥ, ടൂറിസം മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് രണ്ട് ഘട്ടങ്ങളിലായി തിരിച്ചുവിളിക്കൽ പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. 2021-നും 2024-നും ഇടയിൽ ജപ്പാനിൽ നിർമ്മിച്ച LX500, LX600 മോഡലുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്.
എഞ്ചിൻ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ് (ECU) സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുകയാണ് ആദ്യ ദൗത്യത്തിന്റെ ലക്ഷ്യം. ആക്സിലറേഷൻ സമയത്ത് എഞ്ചിൻ പെർഫോമൻസിലുണ്ടാകുന്ന തകരാർ പരിഹരിക്കാൻ ഉദ്ദേശിച്ചുള്ള ഈ സൗജന്യ സോഫ്റ്റ്വെയർ അപ്ഡേറ്റ് 3,222 വാഹനങ്ങളെ ബാധിക്കും. കൂടാതെ, 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ 3,711 വാഹനങ്ങളുടെ ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റ് സൌജന്യമായി പരിശോധിക്കുകയും റീപ്രോഗ്രാം ചെയ്യുകയും ചെയ്യും. വാഹന ഉടമകളെ നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.