അബുദാബി : ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ റീൽസുകളും (Reels) വീഡിയോകളും കാണുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്നും, ഇത്തരക്കാർക്കെതിരെ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ചുമത്തുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവിംഗിലെ ശ്രദ്ധ തിരിക്കൽ (Distracted Driving) എന്ന വിഭാഗത്തിലാണ് ഈ കുറ്റം ഉൾപ്പെടുന്നത്. അതേസമയം, ഫോൺ കയ്യിൽ പിടിക്കാതെ സുരക്ഷിതമായ സ്ഥലത്ത് ഉറപ്പിച്ചു നിർത്തി ജിപിഎസ് (GPS) മാപ്പുകൾ ഉപയോഗിക്കുന്നത് നിയമലംഘനമല്ലെന്ന് അബുദാബി ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഡ്രൈവിംഗിനിടെ റീൽസ് കാണുന്നത് മൂലം ശ്രദ്ധമാറി വാഹനം കൂട്ടിയിടിച്ച് വൻ അപകടങ്ങൾ ഉണ്ടാകുന്നതിന്റെ ലൈവ് ദൃശ്യങ്ങൾ അബുദാബി പോലീസിന്റെ സർവൈലൻസ് ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കൂടാതെ റെഡ് സിഗ്നൽ തെറ്റിക്കുന്നതിനെതിരെയും പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഡ്രൈവിംഗിനിടെയുള്ള ലൈവ് സ്ട്രീമിംഗും സോഷ്യൽ മീഡിയ ഉപയോഗവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നിരീക്ഷിച്ച പോലീസ്, കഴിഞ്ഞ ദിവസം വാഹനം ഓടിക്കുന്നതിനിടെ ലൈവ് സ്ട്രീമിംഗ് നടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും അറിയിച്ചു. 20 മുതൽ 30 വയസ്സ് വരെയുള്ള യുവാക്കളാണ് ഇത്തരം നിയമലംഘനങ്ങൾ കൂടുതൽ നടത്തുന്നതെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
Author
Raneesha Razak
അബുദാബി : വാഹനം ഓടിക്കുമ്പോൾ എക്സിറ്റുകൾ തെറ്റിപ്പോയാൽ റോഡിൽ റിവേഴ്സ് എടുക്കുന്നത് അപകടകരമാണെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. റോഡിലെ ഇത്തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് രീതികൾ മൂലം ഉണ്ടായ വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് പോലീസ് പുറത്തുവിട്ടു.
പെട്ടെന്ന് വാഹനം നിർത്തുന്നതും റിവേഴ്സ് എടുക്കുന്നതും പിന്നിൽ വരുന്ന മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമാവുകയും ചെയ്യുമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പെട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. എക്സിറ്റ് നഷ്ടപ്പെട്ടാൽ റിവേഴ്സ് എടുക്കാൻ ശ്രമിക്കാതെ, വണ്ടി മുന്നോട്ട് ഓടിച്ച് അടുത്തുള്ള എക്സിറ്റ് ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
അപകടകരമായ രീതിയിൽ റിവേഴ്സ് ചെയ്യുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ജീവനോ സ്വത്തിനുപോലും അപകടം വരുത്തുന്ന തരത്തിലുള്ള ഗൗരവമേറിയ കുറ്റങ്ങൾക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും കൂടാതെ ലൈറ്റ് വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുന്നതുമാണ് ശിക്ഷ.
നിരീക്ഷണ ക്യാമറകളുടെ പാസ്വേഡ് മാറ്റണമെന്ന് ദുബായ് മുൻസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്
written by Raneesha Razak
ദുബായ് : വീടുകളിലെ നിരീക്ഷണ ക്യാമറകളുടെ (Surveillance Cameras) സുരക്ഷ ശക്തമാക്കണമെന്ന് താമസക്കാരോട് ദുബായ് മുൻസിപ്പാലിറ്റി ആവശ്യപ്പെട്ടു. ചെറിയൊരു അശ്രദ്ധ പോലും സ്വകാര്യത അപകടത്തിലാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
“നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നത് നിരീക്ഷണ ക്യാമറകൾ സുരക്ഷിതമാക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത്” എന്ന് മുൻസിപ്പാലിറ്റി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ക്യാമറകളുടെ സുരക്ഷ കൂട്ടുന്നതിനും ഹാക്കിങ് സാധ്യതകൾ ഒഴിവാക്കുന്നതിനുമുള്ള ലളിതമായ മാർഗ്ഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയും മുൻസിപ്പാലിറ്റി പുറത്തിറക്കിയിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ:
-
ക്യാമറകൾ വാങ്ങിയ ഉടൻ തന്നെ ഡിഫോൾട്ട് പാസ്വേഡുകൾ മാറ്റി ശക്തവും സങ്കീർണ്ണവുമായ പാസ്വേഡുകൾ നൽകുക.
-
ക്യാമറ സിസ്റ്റങ്ങൾ എപ്പോഴും അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കുക.
-
ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്തു വെക്കുക.
-
സുരക്ഷിതമല്ലാത്ത ലിങ്കുകളിൽ പ്രവേശിക്കാതിരിക്കുകയും ലോഗിൻ വിവരങ്ങൾ ആരോടും പങ്കുവെക്കാതിരിക്കുകയും ചെയ്യുക.
വ്യക്തിഗത ജാഗ്രതയിലൂടെയും അടിസ്ഥാന സുരക്ഷാ മുൻകരുതലുകളിലൂടെയും മാത്രമേ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
അബുദാബി : രാജ്യത്തിന്റെ 55-ാമത് ഈദ് അൽ എത്തിഹാദിന്റെ ഔദ്യോഗിക ദൃശ്യരൂപം (Visual Identity) യുഎഇ പുറത്തിറക്കി. ഡിസംബർ 2-ന് നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള 55 ദിവസത്തെ കൗണ്ട്ഡൗണിന് ഇതോടെ തുടക്കമായി.
ഈ വർഷത്തെ ആഘോഷങ്ങൾ യുഎഇയുടെ ‘കുടുംബവർഷത്തിന്റെ’ (Year of Family) പശ്ചാത്തലത്തിലാണ് നടക്കുന്നത്. കഴിഞ്ഞ 55 വർഷമായി രാജ്യത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ച കുടുംബങ്ങൾക്കും തലമുറകൾക്കും സമൂഹത്തിനുമാണ് ഈ വർഷം പ്രാധാന്യം നൽകുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ജനങ്ങളെ പൊതുവായ മൂല്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഒന്നിപ്പിക്കുന്ന ഒരു ‘കുടുംബങ്ങളുടെ കുടുംബമായി’ (family of families) യുഎഇയെ അവതരിപ്പിക്കുന്നതാണ് ഈ വർഷത്തെ പ്രമേയം.
പരമ്പരാഗത എമിറാത്തി വീടുകൾ, തദ്ദേശീയ വാസ്തുവിദ്യ, സാംസ്കാരിക പാരമ്പര്യങ്ങൾ, രാജ്യത്തിന്റെ പ്രകൃതിഭംഗി എന്നിവയിൽ നിന്നാണ് പുതിയ ദൃശ്യരൂപത്തിനുള്ള പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളത്. ഒരു കുടുംബത്തിന്റെ ഫോട്ടോ ആൽബം പോലെ, പഴയകാല ആർക്കൈവ് ചിത്രങ്ങളും ആധുനിക ചിത്രങ്ങളും കൂട്ടിച്ചേർത്താണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്ത ജനങ്ങളിലൂടെ യൂണിയന്റെ കഥ പറയുന്നതോടൊപ്പം, തലമുറകളായി കൈമാറിവന്ന പാരമ്പര്യങ്ങളും മൂല്യങ്ങളും ഇത് ഓർമ്മപ്പെടുത്തുന്നു.
കഴിഞ്ഞ 55 വർഷമായി നമ്മുടെ രാജ്യത്തിന് സവിശേഷത നൽകുന്ന മൂല്യങ്ങളും പാരമ്പര്യങ്ങളും തലമുറകൾ ഏറ്റെടുത്തു നടത്തിയെന്നും, പൊതുവായ ലക്ഷ്യബോധത്താൽ ഒത്തുകൂടിയ കുടുംബങ്ങളുടെ കുടുംബമാണ് യുഎഇ എന്നും 55-ാമത് ഈദ് അൽ എത്തിഹാദ് ടീമിലെ സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്സ് ഡയറക്ടർ ഈസ അൽ സുബൂസി വ്യക്തമാക്കി. ഡിസംബർ 2-ന് മുന്നോടിയായി ആഘോഷങ്ങളിൽ പങ്കാളികളാകാൻ രാജ്യത്തുടനീളമുള്ള കുടുംബങ്ങളെയും സമൂഹങ്ങളെയും അധികൃതർ ആഹ്വാനം ചെയ്തു.
ദുബായ് : രാജ്യത്തെ ക്രിമിനൽ നിയമങ്ങളിൽ നിർണ്ണായക മാറ്റവുമായി യുഎഇ. ആത്മഹത്യാശ്രമം ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്ന് യുഎഇ സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തെ ക്രൈംസ് ആൻഡ് പെനാൽറ്റീസ് നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികളുടെ ഭാഗമായാണ് ഈ നടപടി. മാനസികാരോഗ്യ സംരക്ഷണത്തിനും മുൻകരുതലിനും ഊന്നൽ നൽകിക്കൊണ്ടുള്ള മാനുഷിക സമീപനത്തിന്റെ ഭാഗമായാണ് പുതിയ നിയമഭേദഗതിയെന്ന് അധികൃതർ വ്യക്തമാക്കി.
മാനസിക പ്രതിസന്ധികൾ അനുഭവിക്കുന്ന വ്യക്തികൾ നിയമനടപടി ഭയന്ന് ചികിത്സ തേടാൻ മടിക്കുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രിമിനൽ പ്രോസിക്യൂഷന് പകരം പ്രതിരോധപരവും ചികിത്സാപരവുമായ സമീപനമായിരിക്കും ഇത്തരം കേസുകളിൽ ഇനി ഉണ്ടാകുക. അതേസമയം, ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നവർക്കോ സഹായിക്കുന്നവർക്കോ എതിരെയുള്ള ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനോടൊപ്പം നിയമപരമായ കരുതലും മാനുഷിക പരിഗണനകളും തുലനം ചെയ്യുന്നതാണ് പുതിയ നിയമമെന്ന് സർക്കാർ കൂട്ടിച്ചേർത്തു.
എമിറാത്തി ഡോക്ടർമാർക്കായി പുതിയ ഫെർട്ടിലിറ്റി ഫെലോഷിപ്പ് പ്രോഗ്രാമുമായി അബുദാബി
written by Raneesha Razak
അബുദാബി : എമിറാത്തി ഡോക്ടർമാർക്ക് ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുകളാകാൻ മൂന്ന് വർഷത്തെ പുതിയ ഫെലോഷിപ്പ് പ്രോഗ്രാമുമായി അബുദാബി. അസിസ്റ്റഡ് റീപ്രൊഡക്ഷൻ രംഗത്ത് എമിറേറ്റിലെ മെഡിക്കൽ രംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
പ്യൂർ ഹെൽത്തിന്റെ (PureHealth) കീഴിൽ ‘സെഹ നാഷണൽ ഫെലോഷിപ്പ് പ്രോഗ്രാം ഇൻ റിപ്രൊഡക്ടീവ് മെഡിസിൻ ആൻഡ് സർജറി’ (SEHA National Fellowship Programme in Reproductive Medicine and Surgery) വ്യാഴാഴ്ച പ്രഖ്യാപിച്ചു. അബുദാബിയിലെ സെഹ കോർണിഷ് ഫെർട്ടിലിറ്റി സെന്ററിലും, അൽ ഐനിലെ സെഹ തവാം ഫെർട്ടിലിറ്റി സെന്ററിലുമായാണ് ഈ പരിശീലന പരിപാടി നടപ്പിലാക്കുന്നത്. എമിറാത്തി ഫിസിഷ്യൻമാർക്ക് മാത്രമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ബോർഡ്-അംഗീകൃത പ്രോഗ്രാമിൽ ക്ലിനിക്കൽ പരിശീലനം, സർജറി, ഗവേഷണം, ലീഡർഷിപ്പ് വികസനം എന്നിവ ഉൾപ്പെടുന്നുണ്ട്.
ദുബായ് : 2035-ഓടെ ലക്ഷക്കണക്കിന് യുവ നേതാക്കളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി സായിദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ രംഗത്ത്. ഇതിന്റെ ഭാഗമായി വിവിധ സർവ്വകലാശാലകളുമായും മറ്റ് സംഘടനകളുമായും ഫൗണ്ടേഷൻ 14 കരാറുകളിൽ ഒപ്പുവെച്ചു.
സായിദ് നാഷണൽ മ്യൂസിയത്തിൽ നടന്ന ‘പാർട്ട്ണർഷിപ്സ് ഫോർ ദി ഫ്യൂച്ചർ’ (Partnerships for the Future) പരിപാടിയിലാണ് സുപ്രധാന കരാറുകൾ പ്രഖ്യാപിച്ചത്. യുഎഇയിലെ യുവജനങ്ങൾക്കായി സ്കോളർഷിപ്പുകൾ, ലീഡർഷിപ്പ് പരിശീലനങ്ങൾ, ഗവേഷണ അവസരങ്ങൾ എന്നിവ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം, യുഎഇയിലെ 12 സർവ്വകലാശാലകൾ, ഗ്രേറ്റ് അറബ് മൈൻഡ്സ് സംരംഭം എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ പങ്കാളിത്തം നടപ്പിലാക്കുന്നത്.
റാസൽഖൈമ : കാണാതായ എമിറാത്തി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റാസൽഖൈമ പോലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് പോലീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി റാസൽഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. യുവതിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പോലീസ് അനുശോചനം അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് യുവതിയെ കാണാതായതായി കാണിച്ച് പോലീസ് നേരത്തെ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.
എന്നാൽ, മരണകാരണത്തെക്കുറിച്ചോ മറ്റ് സാഹചര്യങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അന്വേഷണവുമായി സഹകരിച്ച പൊതുജനങ്ങൾക്കും പോലീസ് നന്ദി അറിയിച്ചു.
വ്യാജ ഇമെയിൽ തട്ടിപ്പ്: ബിസിനസ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
written by Raneesha Razak
അബുദാബി : യഥാർത്ഥ ബിസിനസ്സ് പങ്കാളികളെന്ന വ്യാജേന വ്യാജ ഇമെയിലുകൾ അയച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാറ്റാനും പണം തട്ടിയെടുക്കാനും ശ്രമിക്കുന്ന പുതിയ തട്ടിപ്പ് രീതിക്കെതിരെ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. കമ്പനികളുടെ ഔദ്യോഗിക ഇടപാടുകളിലെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പുകാർ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ അയക്കുന്നത്.
യഥാർത്ഥ ബിസിനസ്സ് കത്തിടപാടുകൾ ദുരുപയോഗം ചെയ്ത് ബാങ്ക് വിവരങ്ങളിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിനാൽ തട്ടിപ്പ് തുടക്കത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. പണം കൈമാറിയ ശേഷം മാത്രമാണ് പലപ്പോഴും തട്ടിപ്പ് പുറത്തുവരുന്നത്, ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും പോലീസ് വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്ന ഇമെയിലുകൾ മാത്രം അടിസ്ഥാമാക്കി പണമിടപാടുകൾ നടത്തരുതെന്നും, സ്ഥാപനങ്ങളുടെ ഔദ്യോഗിക ആശയവിനിമയ മാർഗ്ഗങ്ങളിലൂടെ ഇവ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അബുദാബി പോലീസ് നിർദ്ദേശിച്ചു. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ജീവനക്കാർക്കിടയിൽ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും പോലീസ് വ്യക്തമാക്കി.
ദുബായ് : ജംസ് എജ്യുക്കേഷന് (GEMS Education) കീഴിൽ മൂന്ന് പതിറ്റാണ്ടിലേറെക്കാലം സേവനം അനുഷ്ഠിച്ച അധ്യാപികയും പരീക്ഷാ ഓഫീസറുമായ അഞ്ജന സനൽകുമാറിന്റെ വിയോഗത്തിൽ ദുബായ് വെസ്റ്റ്മിനിസ്റ്റർ സ്കൂൾ (TWS) സമൂഹം ദുഃഖത്തിൽ. അർബുദബാധയെ തുടർന്ന് ദുബായിൽ വെച്ചായിരുന്നു അഞ്ജനയുടെ മരണം.
ജംസ് എജ്യുക്കേഷനിൽ 33 വർഷത്തെ സേവനം പൂർത്തിയാക്കിയ അഞ്ജനയുടെ സ്മരണാർത്ഥം ‘അഞ്ജന സനൽകുമാർ മെമ്മോറിയൽ സ്കോളർഷിപ്പ്’ ഏർപ്പെടുത്തുമെന്ന് ജംസ് സി.ഇ.ഒ ഡിനോ വർക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദീർഘകാലത്തെ സേവനത്തിന് അർഹമായ ഒരു സ്മാരകം ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഓൺലൈനായി നടന്ന അനുശോചന ചടങ്ങിൽ നിരവധി സഹപ്രവർത്തകരും സുഹൃത്തുക്കളും പ്രിയ അധ്യാപികയ്ക്ക് കണ്ണീരോടെ വിടനൽകി.