Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 19, 2026 | 06:32 PM

മരണത്തെ തോൽപ്പിച്ച് നാഷണൽ സർവീസിലേക്ക്; യുഎഇയെ അത്ഭുതപ്പെടുത്തിയ കൗമാരക്കാരന്റെ അതിജീവനം

by Raneesha Nizar

അബുദാബി : ഇ-ബൈക്ക് യാത്രയ്ക്കിടയുണ്ടായ ദാരുണമായ അപകടത്തിൽ നിന്നും ജീവൻ തിരിച്ചുപിടിച്ച ഒരു എമിറാത്തി കൗമാരക്കാരൻ ഇപ്പോൾ രാജ്യാഭിമാനത്തിന്റെ പ്രതീകമായി യുഎഇ നാഷണൽ സർവീസിൽ ചേരാൻ ഒരുങ്ങുന്നു. വെറുമൊരു വിനോദത്തിനായി തുടങ്ങിയ യാത്ര ഈ യുവാവിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് ഇതാദ്യമായി അവൻ ഒരു ഇ-ബൈക്കിൽ കയറുന്നത്. എന്നാൽ മിനിറ്റുകൾക്കകം നിയന്ത്രണം വിട്ട് ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

അപകടം നടന്ന് രണ്ടര വർഷം പിന്നിടുമ്പോൾ, ഒന്നിലധികം തലച്ചോറ് ശസ്ത്രക്രിയകളും മരണാസന്നമായ ആരോഗ്യപ്രശ്നങ്ങളും അതിജീവിച്ച് അവൻ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. മികച്ച രീതിയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഈ പതിനെട്ടുകാരൻ ഇപ്പോൾ യുഎഇ നാഷണൽ സർവീസിൽ ചേർന്ന് രാജ്യത്തെ സേവിക്കാനുള്ള തയ്യാറെടുപ്പിലാണ്.

2023 ഡിസംബർ 9-ന് അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ (SKMC) പ്രвеശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ നടത്തിയ സിടി സ്കാനിങ്ങിൽ തലച്ചോറിനുള്ളിൽ മാരകമായ രക്തസ്രാവം കണ്ടെത്തി. തലയോട്ടിക്ക് ഉള്ളിലെ മർദ്ദം അപകടകരമായ രീതിയിൽ ഉയർന്നതിനെ തുടർന്ന് ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയും മരുന്നുകൾ നൽകി അബോധാവസ്ഥയിലാക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയിലൂടെ തലയോട്ടിയിലെ ഒരു ഭാഗം നീക്കം ചെയ്ത് തലച്ചോറിലെ മർദ്ദം കുറയ്ക്കുകയായിരുന്നു. നീണ്ട ചികിത്സകൾക്കൊടുവിലാണ് മെഡിക്കൽ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ഈ യുവാവ് ഇപ്പോൾ കരുത്തോടെ നാഷണൽ സർവീസിലേക്ക് ചുവടുവെക്കുന്നത്.

You may also like