Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:28 PM

ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിൽ അബുദാബി സായിദ് നാഷണൽ മ്യൂസിയവും

മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏക നേട്ടം

by Raneesha Razak

അബുദാബി : ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങൾക്കായുള്ള 2026-ലെ പ്രശസ്തമായ ‘പ്രിക്സ് വേഴ്സായ്’  പട്ടികയിൽ അബുദാബിയിലെ സായിദ് നാഷണൽ മ്യൂസിയം ഇടംപിടിച്ചു. ഈ വർഷം ലോകമെമ്പാടുമുള്ള ഏഴ് മ്യൂസിയങ്ങൾക്ക് മാത്രമാണ് ഈ അംഗീകാരം ലഭിച്ചത്. ഇതിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക സ്ഥാപനമെന്ന റെക്കോർഡും യുഎഇയുടെ ഈ ദേശീയ മ്യൂസിയം സ്വന്തമാക്കി. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് വെച്ചാണ് ആർക്കിടെക്ചർ രംഗത്തെ ഈ ഉന്നത പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

ബ്രിട്ടീഷ് ആർക്കിടെക്റ്റായ നോർമൻ ഫോസ്റ്റർ രൂപകൽപ്പന ചെയ്ത ഈ മ്യൂസിയം അതിന്റെ വേറിട്ട നിർമ്മാണശൈലി കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. യുഎഇയുടെ പാരമ്പര്യമായ വേട്ടയാടൽ പക്ഷിയായ ‘ഫാൽക്കണിന്റെ’ ചിറകുകൾ ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന രീതിയിലാണ് ഇതിലെ അഞ്ച് സ്റ്റീൽ ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. 123 മീറ്റർ ഉയരമുള്ള ഈ ഗോപുരങ്ങൾ വെറുമൊരു അലങ്കാരമല്ല, മറിച്ച് കെട്ടിടത്തിനുള്ളിലേക്ക് സ്വാഭാവികമായി തണുത്ത വായു എത്തിക്കുന്നതിനുള്ള ‘തെർമൽ ചിമ്മിനികളായും’ ഇവ പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദപരമായ ഈ നിർമ്മാണ രീതി മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.

ഏകദേശം 56,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മ്യൂസിയത്തിൽ ആറ് ഗാലറികളിലായി യുഎഇയുടെ മൂന്ന് ലക്ഷം വർഷത്തെ ചരിത്രം പ്രദർശിപ്പിക്കും. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവിതവും കാഴ്ചപ്പാടുകളും വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യം. മ്യൂസിയത്തിന് പുറത്തായി നാടൻ സസ്യങ്ങളും പരമ്പരാഗത ജലസേചന രീതിയായ ‘ഫലജ്’ മാതൃകയിലുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയ ‘അൽ മസാർ’ ഗാർഡനും ഒരുക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മ്യൂസിയങ്ങൾക്കൊപ്പമാണ് സായിദ് നാഷണൽ മ്യൂസിയവും ഈ പട്ടികയിൽ ഇടംപിടിച്ചത്. ലൂവ്ര് അബുദാബിക്ക് പിന്നാലെ സായിദ് മ്യൂസിയത്തിനും ലഭിച്ച ഈ അംഗീകാരം അബുദാബിയുടെ സാംസ്കാരിക മേഖലയ്ക്ക് വലിയൊരു നേട്ടമാണ്.

You may also like