8
ദുബായ് : ദുബായുടെ ഭാവി യാത്രാ ഗതാഗത രംഗത്ത് നിർണ്ണായകമായ ‘ദുബായ് ലൂപ്പ്’ (Dubai Loop) പദ്ധതിയുടെ അടുത്ത ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫെബ്രുവരിയിൽ കരാർ ഒപ്പിട്ടതിനു ശേഷമുള്ള പ്രാഥമിക പ്രവർത്തനങ്ങളും നിർമ്മാണ പുരോഗതിയും വേഗത്തിൽ മുന്നോട്ട് പോകുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തുരങ്കം തുരക്കുന്ന യന്ത്രത്തിന്റെ (Tunnel Boring Machine) കൂട്ടിയോജിപ്പിക്കലും തുരങ്കത്തിന് ലൈനിങ് നൽകുന്ന കോൺക്രീറ്റ് ഭാഗങ്ങളുടെ നിർമ്മാണവുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ കമ്പനിയായ ‘ദി ബോറിങ് കമ്പനി’യുമായി (The Boring Company) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കമ്പനി പ്രസിഡന്റ് സ്റ്റീവ് ഡേവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.