14
അബുദാബി : ലോകത്തിന്റെ ഭക്ഷ്യസുരക്ഷാ ഭാവിയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടുള്ള അബുദാബി ഗ്ലോബൽ ഫുഡ് വീക്കിന് (Global Food Week) അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) ആവേശകരമായ തുടക്കം. ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാലിന്റെ രക്ഷാകർതൃത്വത്തിൽ അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെയും (ADAFSA) അഡ്നെക് ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ബ്രഹ്മാണ്ഡ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പതിപ്പായി കണക്കാക്കപ്പെടുന്ന ഈ പ്രദർശനത്തിൽ 92 രാജ്യങ്ങളിൽ നിന്നുള്ള 2,580-ലധികം പ്രദർശകരും പ്രമുഖ ബ്രാൻഡുകളും മാറ്റുരയ്ക്കുന്നു.
കഴിഞ്ഞ വർഷത്തെ മേളയുടെ വൻ വിജയത്തിന്റെ തുടർച്ചയായാണ് 2026-ലെ എഡിഷൻ എത്തിയിരിക്കുന്നത്. 2025-ലെ ഗ്ലോബൽ ഫുഡ് വീക്കിൽ 6.6 ബില്യൺ ദിർഹം മൂല്യമുള്ള 58 സുപ്രധാന കരാറുകളാണ് ഒപ്പുവെക്കപ്പെട്ടത്. ഫുഡ് ചെയിൻ മൂല്യ ശൃംഖലയെ അടിമുടി സ്പർശിക്കുന്ന എട്ട് പ്രധാന മേഖലകളാണ് ഇത്തവണ മേളയിലുള്ളത്. ഇതിൽ കന്നുകാലി പോഷകാഹാരം, ബ്രീഡർ പിന്തുണ, സുസ്ഥിര ഉത്പാദനം എന്നിവയ്ക്കായി പുതിയതായി ഉൾപ്പെടുത്തിയ ‘അനിമൽ ഫീഡ് സെക്ടർ’ ഏറെ ശ്രദ്ധേയമാണ്.
ഇതാദ്യമായി ഉപഭോക്താക്കൾക്കായി ബിസിനസ്സ്-ടു-കൺസ്യൂമർ (B2C) മാതൃക കൂടി മേളയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഇതിലൂടെ പൊതുജനങ്ങൾക്കും സന്ദർശകർക്കും നേരിട്ട് നിർമ്മാതാക്കളെ കാണാനും ഉൽപ്പന്നങ്ങൾ മനസ്സിലാക്കാനും സൈറ്റിൽ നിന്ന് തന്നെ അവ വാങ്ങാനും സാധിക്കുന്ന ‘ഷോപ്പ് ടു ഷോ’ ഫീച്ചർ സജ്ജീകരിച്ചിരിക്കുന്നു. ഇത് പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകൾക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും മാർക്കറ്റ് ട്രെൻഡുകൾ മനസ്സിലാക്കാനും വലിയ അവസരമൊരുക്കും. കൂടാതെ, അവാർഡ് നേടിയ 150-ലധികം എമിറാത്തി കർഷകരെയും കന്നുകാലി വളർത്തൽ വിദഗ്ദ്ധരെയും തേനീച്ച കർഷകരെയും നിക്ഷേപകർക്കും വാങ്ങലുകാർക്കും പരിചയപ്പെടുത്തുന്ന ‘ആക്സസ് അബുദാബി’ (ACCESS Abu Dhabi) പദ്ധതിക്കും മേളയിൽ തുടക്കമായിട്ടുണ്ട്.