14
ഷാർജ : യുഎഇയിലെ സ്റ്റാർട്ടപ്പ് രംഗത്ത് പുതിയ മാറ്റങ്ങൾ വരുന്നു. വേഗത്തിൽ ഫണ്ട് സമാഹരിക്കുക, അതിവേഗം വളരുക എന്ന പഴയ രീതിക്ക് പകരം ബിസിനസിന്റെ അടിത്തറ ഭദ്രമാക്കാനാണ് പുതിയ സംരംഭകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപഭോക്താക്കൾ വീണ്ടും എത്തുന്നുണ്ടോ, ബിസിനസ് കണക്കുകൾ കൃത്യമാണോ, കമ്പനിക്ക് ദീർഘകാലം പിടിച്ചുനിൽക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
“പണ്ടൊക്കെ സ്റ്റാർട്ടപ്പുകൾ എന്നാൽ വേഗതയായിരുന്നു. പെട്ടെന്ന് ഫണ്ട് കണ്ടെത്തുക, അതിവേഗം വളരുക എന്നതായിരുന്നു വിജയത്തിന്റെ അളവുകോൾ. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. നമ്മുടെ ഇക്കോസിസ്റ്റം കൂടുതൽ പക്വത പ്രാപിച്ചിരിക്കുന്നു,” ഷാർജ ഷിറ (Sheraa) കമ്മ്യൂണിറ്റി ഗ്രോത്ത് മാനേജറും നഫ്സി ഹെൽത്ത് സഹസ്ഥാപകനുമായ തയേബ് ഹസ്സൻ (Tayeb Hassan) വ്യക്തമാക്കി.
ഉപഭോക്താക്കൾ എന്തുകൊണ്ട് വീണ്ടും മടങ്ങിവരുന്നു, ബിസിനസ് ഇക്കണോമിക്സ് എങ്ങനെ പ്രവർത്തിക്കുന്നു, സംരംഭത്തിന് പിന്നിലെ മൂല്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ ആഴത്തിലുള്ള ചോദ്യങ്ങളാണ് പുതിയ സ്ഥാപകർ ചോദിക്കുന്നത്. ഷാർജയിലും യുഎഇയിലാകെയുമുള്ള സംരംഭകത്വ മേഖല കൂടുതൽ പക്വതയിലേക്ക് മാറുന്നതിന്റെ ലക്ഷണമാണിതെന്ന് അദ്ദേഹം വിലയിരുത്തി. ഈ മാറ്റത്തിനനുസരിച്ച് സംരംഭകർക്ക് ആവശ്യമായ പിന്തുണയുടെ സ്വഭാവത്തിലും മാറ്റം വരുന്നുണ്ട്.