ഷാർജ : മകളുടെ സംരക്ഷണത്തിനായി വിരമിക്കൽ അനുമതി തേടി ‘ഡയറക്ട് ലൈൻ’ റേഡിയോ പരിപാടിയിൽ വിളിച്ച മാതാവിന്റെ വിഷയം അടിയന്തരമായി പരിഹരിക്കാൻ ഷാർജ ഭരണാധികാരിയുടെ നിർദ്ദേശം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. ഉമ്മു ഉംറാൻ എന്ന സ്ത്രീയുടെ വിഷയം എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും മകളുടെ പരിചരണം ഉറപ്പാക്കാനും അദ്ദേഹം ഷാർജ ഹ്യൂമൻ റിസോഴ്സ് വകുപ്പിന് നിർദ്ദേശം നൽകി.
ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മുഹമ്മദ് ഖലഫ് അവതരിപ്പിച്ച പരിപാടിയിലാണ് 55 കാരിയായ ഉമ്മു ഉംറാൻ തന്റെ ബുദ്ധിമുട്ടുകൾ പങ്കുവെച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ളതും പിന്നീട് സ്വകാര്യവൽക്കരിക്കപ്പെട്ടതുമായ സ്ഥാപനത്തിൽ 15 വർഷം ജോലി ചെയ്ത അവർ, ചലനശേഷിയില്ലാത്തതും ആരോഗ്യസ്ഥിതി മോശമായതുമായ മകൾ ധബിയയെ പരിചരിക്കുന്നതിനായി വിരമിക്കാൻ അനുമതി തേടിയെങ്കിലും, ആവശ്യമായ സേവന കാലാവധി പൂർത്തിയായില്ലെന്ന കാരണത്താൽ തൊഴിലുടമ അപേക്ഷ നിരസിക്കുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഷാർജ ഭരണാധികാരി അനുകൂലമായ നടപടി സ്വീകരിക്കുകയായിരുന്നു. ശൈഖ് സുൽത്താൻ വിഷയം നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഷാർജ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അൽ സാബി ഉമ്മു ഉംറാനെ അറിയിച്ചു.