5
ദുബായ് : ഷാർജ സർക്കാർ ജീവനക്കാർക്കും സർവകലാശാലാ ജീവനക്കാർക്കും എട്ട് ദിവസം വരെ ദുഃഖാചരണ അവധി അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. അടുത്ത ബന്ധുക്കളുടെ വേർപാടിൽ ജീവനക്കാർക്ക് ആശ്വാസമേകുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് യു.എ.ഇയ്ക്കുള്ളിലാണ് മരണമെങ്കിൽ അഞ്ച് ദിവസത്തെ അവധി ലഭിക്കും. എന്നാൽ മരണം രാജ്യത്തിന് പുറത്താണെങ്കിൽ യാത്രാ സൗകര്യങ്ങൾ കണക്കിലെടുത്ത് എട്ട് ദിവസത്തെ അവധിയാണ് ലഭിക്കുക. മുത്തശ്ശൻ, മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, കൊച്ചുമക്കൾ, അമ്മാവൻമാർ, അമ്മായിമാർ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ വേർപാടിലാണ് ഈ അവധി ബാധകമാവുക. ജീവനക്കാരുടെ കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനും പ്രയാസഘട്ടങ്ങളിൽ പിന്തുണയേകുന്നതിനുമാണ് ഈ നടപടിയെന്ന് ഷാർജ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അൽ സാബി വ്യക്തമാക്കി.