14
ഷാർജ : ഷാർജയിലെ തിരക്കേറിയ അൽ താവുൻ സ്ക്വയറിന്റെ പുതിയ രൂപവും രൂപകൽപ്പനയും അധികൃതർ പുറത്തുവിട്ടു. പ്രശസ്തമായ ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF 2026) ആരംഭിക്കുന്ന ദിവസമായ നവംബർ 4-ന് ജങ്ഷൻ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. റേഡിയോ ടിവിയുടെ ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് പ്രഖ്യാപനം ഉണ്ടായത്.
പുസ്തകമേള നടക്കുന്ന എക്സ്‌പോ സെന്റർ ഷാർജയിലേക്ക് (Expo Centre Sharjah) എത്തുന്ന സന്ദർശകർക്ക് യാത്രാസൗകര്യം എളുപ്പമാക്കുന്ന രീതിയിലാണ് അൽ താവുൻ സ്ക്വയർ സജ്ജമാക്കുന്നത്. ഷാർജ-ദുബായ് റൂട്ടിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി പുരോഗമിക്കുന്ന അൽ താവുൻ ടണൽ പദ്ധതിയുടെ ഭാഗമായാണ് ഈ നിർമ്മാണം. ഈ പദ്ധതി പൂർത്തിയാകുന്നതോടെ വാഹനയാത്രക്കാരുടെ കാത്തിരിപ്പ് സമയം 85 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അൽ താവുൻ ടണൽ പദ്ധതിയുടെ ഒന്നാം ഘട്ടം 2026 നവംബറിൽ തുറക്കുമെന്നും, പദ്ധതിയുടെ മുഴുവൻ ജോലികളും 2027 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നുമാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഷാർജയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ അൽ താവുനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനാണ് പുതിയ വികസന പ്രവർത്തനങ്ങൾ.