ദുബായ് : ബാങ്കിൽ നിന്ന് ലോണായി ലഭിച്ച 8,00,000 ദിർഹം (ഏകദേശം 1.8 കോടി രൂപ) വ്യാജ ബാങ്കിങ് ആപ്ലിക്കേഷൻ വഴി ദുബായ് പ്രവാസിക്ക് നഷ്ടമായി. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് മൊബൈൽ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കിയാണ് തട്ടിപ്പുകാർ പണം കവർന്നത്. ഇതേതുടർന്ന് വ്യക്തിഗത വിവരങ്ങളും ബാങ്ക് രേഖകളും അപരിചിതരുമായി പങ്കുവെക്കരുതെന്ന് ദുബായ് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
ഒരു ഫോൺ കോളിനിടെ തനിക്ക് ലോൺ ലഭിച്ച വിവരം ഇയാൾ തട്ടിപ്പുകാരോട് അബദ്ധത്തിൽ പറഞ്ഞിരുന്നു. ഈ വിവരമുപയോഗിച്ച് ബാങ്കിന്റെ പേരിൽ വീണ്ടും വിളിച്ച സംഘം, ബാങ്കിന്റെ പുതിയ ആപ്പ് വന്നിട്ടുണ്ടെന്നും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുപോയ ഇയാൾ ലിങ്ക് വഴി വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യുകയും ഫോണിന്റെ റിമോട്ട് ആക്സസ് (Remote access) തട്ടിപ്പുകാർക്ക് നൽകുകയും ചെയ്തു. നിമിഷങ്ങൾക്കകം ലോൺ തുക മുഴുവൻ തട്ടിയെടുത്ത് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 901 എന്ന നമ്പറിലോ ഇ-ക്രൈം (e-Crime) പ്ലാറ്റ്‌ഫോം വഴിയോ ദുബായ് പോലീസിൽ വിവരമറിയിക്കണം.