4
ദുബായ് : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാര മേഖലയിൽ സുരക്ഷയും ചട്ടങ്ങളും കർശനമാക്കി ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (DSCE). സംഭരണം, ഗതാഗതം, വിതരണം തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അനധികൃതമായി ഡീസൽ സംഭരിക്കുന്നതും ലൈസൻസില്ലാത്ത കേന്ദ്രങ്ങളിൽ വ്യാപാരം നടത്തുന്നതും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ദുബായിലെ പെട്രോളിയം ഉൽപ്പന്ന വ്യാപാരം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2025-ലെ എക്സിക്യൂട്ടീവ് കൗൺസിൽ റെസല്യൂഷൻ നമ്പർ 85-ന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നിരീക്ഷണം. മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി.
ലൈസൻസില്ലാത്ത വാഹനങ്ങളിലൂടെയുള്ള ഗതാഗതം, മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളുടെ വ്യാപാരം, രേഖകൾ കൃത്യമായി സൂക്ഷിക്കാത്തത് തുടങ്ങിയ ഗുരുതരമായ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത്തരം പ്രവൃത്തികൾ വലിയ സുരക്ഷാ ഭീഷണിയും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട എല്ലാ കമ്പനികളും സ്ഥാപനങ്ങളും കൃത്യമായ പെർമിറ്റുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ഡി.എസ്.സി.ഇ ജനറൽ സെക്രട്ടറി അഹമ്മദ് ബുട്ടി അൽ മുഹൈർബി വ്യക്തമാക്കി.