3
ദുബായ് : റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് ഗോൾഡ് സൂക്ക് മേഖലയിൽ നടത്തിയ പരിശോധനയിൽ 408 ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും സൈക്കിളുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിക്കുന്നത് തടയുന്നതിനായി നായിഫ് പോലീസ് സ്റ്റേഷനും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കും സംയുക്തമായാണ് ഈ ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്.
പരിശോധനയിൽ 300 ഇലക്ട്രിക് സ്കൂട്ടറുകളും 50 ഇ-ബൈക്കുകളും 58 സൈക്കിളുകളുമാണ് പിടിച്ചെടുത്തത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കാൽനടയാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾക്ക് പുറമെ, തൊഴിലാളികൾക്കിടയിൽ സുരക്ഷാ ബോധവൽക്കരണവും സൌജന്യമായി സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നടത്തി.