3
ദുബായ് : ദുബായിലെ സ്വകാര്യ സ്കൂളുകളിലെ രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ ശാക്തീകരിക്കുന്നതിനായി നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) പുതിയ കൗൺസിലുകൾ രൂപീകരിച്ചു. സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളുടെ 15 രക്ഷിതാക്കളെ ഉൾപ്പെടുത്തി ആദ്യത്തെ ‘ദുബായ് പേരന്റ്സ് കൗൺസിലും’ (Dubai Parents Council), 15 അധ്യാപകരെയും വിദ്യാഭ്യാസ പ്രൊഫഷണലുകളെയും ഉൾപ്പെടുത്തി ആദ്യത്തെ ‘ദുബായ് എഡ്യൂക്കേറ്റേഴ്സ് കൗൺസിലും’ ആണ് രൂപീകരിച്ചിരിക്കുന്നത്.
ഇതിനുപുറമെ, 2026-27 അധ്യയന വർഷത്തേക്കുള്ള ‘ദുബായ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ’ രണ്ടാമത്തെ സംഘത്തെയും അംഗീകരിച്ചതായി കെഎച്ച്ഡിഎ ബുധനാഴ്ച പ്രഖ്യാപിച്ചു. ദുബായിലെ സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 16 വിദ്യാർത്ഥികളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
ദുബായുടെ എജ്യുക്കേഷൻ 33 (E33) തന്ത്രത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ മൂന്ന് കൗൺസിലുകളും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ശാക്തീകരിക്കുന്നതിനുള്ള ‘ലീഡേഴ്സ് ഓഫ് ടുമാറോ’, ‘പാത്ത്‌വേ പാർട്ണേഴ്സ്’, ‘ഓൾ റൈസ്’ തുടങ്ങിയ സുപ്രധാന പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് 131 നാമനിർദ്ദേശങ്ങളും, പേരന്റ്സ് കൗൺസിലിലേക്ക് 152 നാമനിർദ്ദേശങ്ങളും, എഡ്യൂക്കേറ്റേഴ്സ് കൗൺസിലിലേക്ക് എമിറാത്തി അധ്യാപകരുടേത് ഉൾപ്പെടെ 160 നാമനിർദ്ദേശങ്ങളുമാണ് കെഎച്ച്ഡിഎയ്ക്ക് ലഭിച്ചത്. സുതാര്യതയും വൈവിധ്യവും ഉറപ്പുവരുത്തുന്ന കർശനമായ മാനദണ്ഡങ്ങളിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.