8
അബുദാബി : സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങളുമായി അധികൃതർ. യാത്രക്കാരുടെ വർധിച്ച ആവശ്യകത കണക്കിലെടുത്ത്, അബുദാബി മൊബിലിറ്റിയും (Integrated Transport Centre) അബുദാബി എയർപോർട്സും സഹകരിച്ച് 800 പുതിയ ടാക്സികളാണ് സർവീസിനായി ചേർത്തിരിക്കുന്നത്.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കായി മാത്രം പ്രത്യേകമായി 500 ലക്ഷ്വറി ടാക്സികളാണ് ഫ്ലീറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, നഗരത്തിലെ മറ്റ് യാത്രക്കാരുടെ ആവശ്യങ്ങൾ കൂടി മുൻനിർത്തി 300 ടാക്സികൾ കൂടി അബുദാബി സിറ്റി നെറ്റ്‌വർക്കിലേക്ക് ചേർത്തിട്ടുണ്ട്. ഈ വാഹനങ്ങളും വിമാനത്താവള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് അബുദാബിയുടെ വിവിധ ഭാഗങ്ങളിലേക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ തുടർയാത്ര നടത്താൻ ഈ പുതിയ വാഹനങ്ങൾ സഹായകരമാകും.