Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 04:38 AM

ദുബായ് വാഹനാപകടത്തിൽ മരിച്ച 7 പേരെയും തിരിച്ചറിഞ്ഞു; 6 പേർ ഇന്ത്യക്കാർ

by Raneesha Razak

ദുബായ് : കഴിഞ്ഞ ഞായറാഴ്ച ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളെയും ഔദ്യോഗികമായി തിരിച്ചറിഞ്ഞു. ഇതിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്. മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാന സ്വദേശികളുമാണ്. പരിക്കുകളുടെ കാഠിന്യം കാരണം മൃതദേഹങ്ങൾ വികൃതമായതിനാലാണ് തിരിച്ചറിയൽ പ്രക്രിയ വൈകിയത്.
ഉത്തർപ്രദേശ് സ്വദേശികളായ മാർക്കണ്ഡേയ ചൗഹാൻ (39), അബ്ദുൾ റഷീദ് (38), മുഹമ്മദ് സാഖിബ് (31), തെലങ്കാന സ്വദേശികളായ സലീം സയ്യിദ് (51), അബ്ദുൾ റഫീഖ് (37), തിരുപ്പതി ഗൊല്ലപ്പള്ളി (23) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ശ്രീലങ്കൻ സ്വദേശി സാമുവൽ രംഗസാമി (34) ആണ് മരിച്ച മറ്റൊരു തൊഴിലാളി. ദുബായിലെ നിർമ്മാണ സ്ഥലത്തെ ജോലിക്ക് ശേഷം ഷാർജയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മിനിബസ് എമിറേറ്റ്സ് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേരിൽ നാല് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലാണ് (ICU). അതിനിടെ, അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ പ്രവാസി വ്യവസായിയും ബുർജീൽ ഹോൾഡിങ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 10 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 2.2 കോടി രൂപ) ദുരിതാശ്വാസ ഫണ്ട് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം ദിർഹം വീതവും പരിക്കേറ്റവർക്ക് ചികിത്സാ സഹായവും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും ഇതിലൂടെ നൽകും.

You may also like