Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 11:55 AM

ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പൊലീസ്

by Raneesha Razak
ദുബായ് : ചൊവ്വാഴ്ച രാവിലെ ദുബായിലെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വാഹനയാത്രക്കാർക്ക് ദുബായ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി. റോഡുകളിൽ കാഴ്ചാ പരിമിതി കുറഞ്ഞ സാഹചര്യത്തിൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. സുരക്ഷിതമായ യാത്രയ്ക്കായി റോഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും (എൻ.സി.എം.) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽ ഐനിലെ അൽ ശുവൈബ്, രക്തസാഖി മാർട്യേഴ്സ് സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, റാസൽഖൈമയിലെ എമിറേറ്റ്സ് റോഡ്, ദുബായുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മൂടൽമഞ്ഞ് ബാധിച്ചത്.
മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും, മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കണമെന്നും, ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കണമെന്നും ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. പെട്ടെന്ന് ലെൻ്റ് മാറുന്നത് ഒഴിവാക്കുക, വാഹനം ഓടിക്കുമ്പോൾ ഹാസാർഡ് ലൈറ്റുകൾ (ഇൻഡിക്കേറ്ററുകൾ) പ്രവർത്തിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. റോഡുകളിലെ ഇലക്ട്രോണിക് ബോർഡുകളിൽ കാണിക്കുന്ന വേഗത പരിധികൾ കർശനമായി പാലിക്കണമെന്നും യാത്ര തിരിക്കുന്നതിന് മുൻപ് ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. യു.എ.ഇയിൽ തണുപ്പുകാലത്ത് പുലർച്ചെയും രാവിലെയുമായി മൂടൽമഞ്ഞ് ഉണ്ടാകാറുള്ളതാണ്.

You may also like