അബുദാബി : അബുദാബിയിലെ വിവിധ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് രണ്ട് പ്രധാന പാതകളിൽ താൽക്കാലിക വേഗപരിധി 80 കിലോമീറ്ററായി കുറച്ച് അബുദാബി പോലീസ്. അൽ ഹെയറിനും മസാക്കിനും ഇടയിലുള്ള ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ റോഡിലും അൽ സാദിനും സുവൈഹാനുമിടയിലുള്ള തഫ് റോഡിലുമാണ് വേഗപരിധി 80 കിലോമീറ്ററായി നിജപ്പെടുത്തിയത്.
റോഡുകളിലെ ഡിജിറ്റൽ സ്മാർട്ട് ബോർഡുകളിൽ തെളിയുന്ന വേഗപരിധി നിർദ്ദേശങ്ങൾ ഡ്രൈവർമാർ കർശനമായി പാലിക്കണമെന്നും ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. ഈർപ്പം ഉയരുന്നതിനാൽ വരും ദിവസങ്ങളിൽ രാത്രിയിലും അതിരാവിലെയും തീരദേശ-ഉൾനാടൻ മേഖലകളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചിട്ടുണ്ട്. തെളിഞ്ഞ ആകാശവും കുറഞ്ഞ കാറ്റും അന്തരീക്ഷത്തിലെ ഈർപ്പവും മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണമാകുന്നുണ്ടെന്നും പകൽ സമയത്ത് താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി.