ദുബായ് : ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) വിദേശത്തുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും യു.എ.ഇയിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്കായി അവതരിപ്പിച്ച ‘എ ദുബായ് ഇൻവൈറ്റ്’ (A Dubai Invite) പദ്ധതിയിലൂടെ 3,000 ദിർഹത്തിലധികം മൂല്യമുള്ള ആകർഷകമായ ഓഫറുകൾ സ്വന്തമാക്കാം. 18 വയസ്സ് പൂർത്തിയായ, സാധുതയുള്ള എമിറേറ്റ്‌സ് ഐ.ഡി യുള്ള യു.എ.ഇ പൗരന്മാർക്കും പ്രവാസികൾക്കും ഇതിൽ പങ്കാളികളാകാം. ഇതിനായി visitdubai.com/en/invite/nomination എന്ന വെബ്‌സൈറ്റ് വഴി സ്വന്തം വിവരങ്ങളും ക്ഷണിക്കുന്ന വ്യക്തിയുടെ പാസ്‌പോർട്ട്, യാത്രാ വിവരങ്ങളും സമർപ്പിക്കണം. 2026 ജൂലൈ 20 നും ഒക്ടോബർ 31 നും ഇടയിൽ യു.എ.ഇയിൽ എത്തുന്ന സന്ദർശകർക്കായാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്, കൂടാതെ സെപ്റ്റംബർ 30-ഓടെ രജിസ്‌ട്രേഷൻ നടപടികൾ അവസാനിക്കും.
സന്ദർശകൻ ദുബായിൽ എത്തുമ്പോൾ വിവരങ്ങൾ സ്വയം സ്ഥിരീകരിക്കപ്പെടുകയും തുടർന്ന് 72 മണിക്കൂറിനുള്ളിൽ താമസക്കാരന് ആനുകൂല്യങ്ങൾ അടങ്ങിയ ഇമെയിൽ ലഭിക്കുകയും ചെയ്യും. ഈ പദ്ധതിയിലൂടെ ഡബ്ല്യു ദുബായ്, ദി വെസ്റ്റിൻ, മെലിയ ഡെസേർട്ട് പാം, ഐ.എച്ച്.ജി തുടങ്ങിയ ഹോട്ടലുകളിൽ 45 ശതമാനം വരെ ഇളവുകളും, അക്വാവെഞ്ചർ, ഐ.എം.ജി വേൾഡ്സ് തുടങ്ങിയ വിനോദകേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം/ഓഫറുകളും, പ്രമുഖ റെസ്റ്റോറന്റ് ഡിസ്‌കൗണ്ടുകളും, സൗജന്യ കരീം പ്ലസ് അംഗത്വവും ടാക്സി ഇളവുകളും സ്വന്തമാക്കാനാകും. ലഭിക്കുന്ന എല്ലാ റിവാർഡുകളും 2026 ഡിസംബർ 31 വരെ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്.