19
ദുബായ് : പത്താമത് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (DFC) രജിസ്ട്രേഷൻ ആരംഭിച്ചു. മുപ്പത് ദിവസത്തേക്ക് ദിവസവും മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ജനപ്രിയ ക്യാമ്പെയ്നിലേക്ക് താമസക്കാരെയും സന്ദർശകരെയും സ്വാഗതം ചെയ്യുന്നു.
ഒക്ടോബർ 31 മുതൽ നവംബർ 29 വരെയാണ് ഈ വർഷത്തെ ഫിറ്റ്‌നസ് ചലഞ്ച് നടക്കുന്നത്. ‘എന്താണ് നിങ്ങളുടെ 30×30?’ (What’s Your 30×30?) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമങ്ങൾ തിരഞ്ഞെടുക്കാൻ ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2017-ൽ ആരംഭിച്ച ഈ പദ്ധതി, നഗരത്തിലെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായി വളർന്നു കഴിഞ്ഞു. ഇതുവരെയുള്ള ഒൻപത് പതിപ്പുകളിലായി 1.6 കോടിയിലധികം ആളുകളാണ് ഇതിൽ പങ്കെടുത്തത്.