ന്യൂഡൽഹി : ഇൻഡിഗോ വിമാനത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിന് പിന്നാലെ, മൊബികിൻസ് എംകെ-പിബി-04 (MOBIKINS MK-PB-04) മാതൃകയിലുള്ള പവർ ബാങ്കുകൾക്ക് ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളിലും ആഭ്യന്തര സർവീസുകളിലും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിരോധനം ഏർപ്പെടുത്തി. യാത്രക്കാരും വിമാനക്കമ്പനികളും ഈ പവർ ബാങ്ക് കൊണ്ടുപോകുന്നതാണ് ഡെപ്യൂട്ടി ജനറൽ ഒഫ് സിവിൽ ഏവിയേഷൻ കർശനമായി വിലക്കിയിരിക്കുന്നത്.
ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചതിനെ തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഡിജിസിഎ ചീഫ് വീർ വിക്രം യാദവിന്റെ നേതൃത്വത്തിൽ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഈ പ്രത്യേക മോഡൽ പവർ ബാങ്കുകൾ യാത്രക്കാർ കൈവശം വെക്കുന്നതോ കാർഗോയായി കൊണ്ടുപോകുന്നതോ ഇല്ലെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
എല്ലാ പവർ ബാങ്കുകൾക്കും സമ്പൂർണ്ണ നിരോധനമില്ലെന്നും മൊബികിൻസിന്റെ നിർദ്ദിഷ്ട മോഡലിന് മാത്രമാണ് വിലക്കെന്നും അധികൃതർ വ്യക്തമാക്കി. നിലവിലുള്ള ചട്ടപ്രകാരം പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ബാഗേജുകളിൽ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. വിമാനങ്ങളിൽ വെച്ച് ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിനും കർശന വിലക്കുണ്ട്. യാത്രയ്ക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി ചൂടാവുകയോ പുകയുകയോ ചെയ്താൽ യാത്രക്കാർ ഉടൻ തന്നെ കാബിൻ ക്രൂവിനെ വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു