99
ന്യൂഡൽഹി : കഴിഞ്ഞ ഓഗസ്റ്റ് 4-ന് തായ്‌ലാന്റിലെ ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് 137 യാത്രക്കാരും 8 ജീവനക്കാരുമായി പറന്ന എയർ ഇന്ത്യയുടെ എയർബസ് A320 വിമാനത്തിന് ആകാശത്തുവെച്ച് പെട്ടെന്ന് നിയന്ത്രണം നഷ്ടമാവുകയും വൻ താഴ്ച അനുഭവപ്പെടുകയും ചെയ്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തിൽ നാല് പേർക്ക് ഗുരുതര പരിക്കേൽക്കുകയും 20 പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തിരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾ താൽക്കാലികമായി നിശ്ചലമായതാണ് പെട്ടെന്നുള്ള താഴ്ചയ്ക്ക് കാരണമായതെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) വ്യക്തമാക്കി.
എന്നാൽ കേസിന് ഗൗരവം വർദ്ധിപ്പിച്ചുകൊണ്ട്, വിമാനത്തിന്റെ പൈലറ്റ് ഇൻ ചാർജ്ജ് (PIC) ലഹരിവസ്തുക്കൾ (Psychoactive Substances) ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങൾ ഏതാനും സെക്കൻഡുകളിലേക്ക് പ്രവർത്തനരഹിതമായതോടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും വിമാനം ആദ്യം 372 അടി ഉയരുകയും തുടർന്ന് 292 അടി താഴേക്ക് പതിക്കുകയുമായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ സിസ്റ്റം സാധാരണ നിലയിലായതിനാൽ വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചു.
സംഭവത്തെ തുടർന്ന് എയർ ഇന്ത്യയുടെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ഡ്രഗ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ലഹരി പരിശോധനാ നിയമങ്ങൾ കൂടുതൽ കർശനമാക്കാനും തീരുമാനിച്ചു. 2025 ജൂണിൽ അഹമ്മദാബാദിൽ വെച്ച് 242 പേരുടെ മരണത്തിനിടയാക്കിയ ഫ്ലൈറ്റ് 171 ദുരന്തത്തിന് ശേഷം എയർ ഇന്ത്യ നേരിടുന്ന മറ്റൊരു വലിയ സുരക്ഷാ ആശങ്കയായി ഈ സംഭവം മാറിയിരിക്കുകയാണ്.